ന്യൂഡല്‍ഹി: ഹിന്ദു നിയമപ്രകാരം വിവാഹിതയാകുന്ന സ്ത്രീയുടെ ഗോത്രം വിവാഹശേഷം മാറുമെന്ന് സുപ്രീം കോടതി. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലാത്തതോ മക്കളില്ലാത്തതോ ആയ സ്ത്രീ വില്‍പത്രം തയ്യാറാക്കിയിട്ടില്ലെങ്കില്‍ അവര്‍ മരിക്കുമ്പോള്‍ സ്വത്തുക്കള്‍ ഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്കായിരിക്കും കൈമാറപ്പെടുകയെന്നും സ്വന്തം കുടുംബത്തിന് ആയിരിക്കില്ലെന്നും കോടതി പറഞ്ഞു. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് ബി വി നാഗരത്‌ന അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം.'വാദിക്കുന്നതിന് മുന്‍പ് ഒരു കാര്യം ഓര്‍ക്കൂ, ഇത് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമാണ്. എന്താണ് ഹിന്ദു എന്നതിന്റെ അര്‍ത്ഥം? എങ്ങനെയാണ് ഹിന്ദു സമൂഹം നിയന്ത്രിക്കപ്പെടുന്നത്? ഈ വാക്കുകള്‍ പറയാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എങ്കിലും കന്യാദാനം ചെയ്യപ്പെടുമ്പോള്‍ സ്ത്രീയുടെ ഗോത്രവും മാറുന്നു. അവളുടെ പേരും മാറുന്നു.

അവള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം നേടാന്‍ അവകാശമുണ്ട്.ദക്ഷിണേന്ത്യയില്‍ വിവാഹിതയായ സ്ത്രീ മറ്റൊരു ഗോത്രത്തിലേയ്ക്ക് മാറുന്നതായി പ്രഖ്യാപിക്കുന്ന ഒരു ചടങ്ങുവരെയുണ്ട്. ഇതൊന്നും തുടച്ചുനീക്കാനാകില്ല.മാതാപിതാക്കളില്‍ നിന്നോ സഹോദരരില്‍ നിന്നോ വിവാഹിതയായ സ്ത്രീ ജീവനാംശം വാങ്ങാറില്ല. ഒരു സ്ത്രീ വിവാഹിതയായാല്‍ നിയമപ്രകാരം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനും കുട്ടികള്‍ക്കുമാണ് അവളില്‍ ഉത്തരവാദിത്തമുള്ളത്.

സ്ത്രീക്ക് മക്കളില്ലായെങ്കില്‍ വില്‍പത്രം തയ്യാറാക്കാവുന്നതാണ്'- ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി.എന്നാല്‍ ഉത്തരവ് ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഒരു പുരുഷന്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തുക്കള്‍ അയാളുടെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ മക്കളില്ലാത്ത സ്ത്രീ മരണപ്പെട്ടാല്‍ അവളുടെ സ്വത്തുക്കള്‍ എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ കുടുംബത്തിന് അവകാശപ്പെട്ടതാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.എന്നാല്‍ കോടതിയുടെ തീരുമാനത്തിലൂടെ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

കഠിനമായ വസ്തുതകള്‍ മോശം നിയമത്തിന് കാരണമാകരുത്. ആയിരക്കണക്കിന് വര്‍ഷങ്ങളായ നിലനില്‍ക്കുന്നവ കോടതിയുടെ വിധിന്യായത്തിലൂടെ തകര്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഒത്തുതീര്‍പ്പോ മദ്ധ്യസ്ഥത ചര്‍ച്ചയിലൂടെയോ വിഷയം പരിഹരിക്കാമെന്നും കോടതി പറഞ്ഞു. പിന്നാലെ പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ കക്ഷികളോട് നിര്‍ദ്ദേശിച്ചുകൊണ്ട് ബെഞ്ച് സുപ്രീം കോടതിയുടെ മീഡിയേഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്തു.