ന്യൂഡല്‍ഹി: ക്ഷേത്ര വരുമാനം ദൈവത്തിന് അവകാശപ്പെട്ടതാണെന്നും അത് ക്ഷേത്ര താല്‍പര്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കി സുപ്രീംകോടതി. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രപണം ഉപയോഗിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളില്‍ നടത്തിയ നിക്ഷേപം പിന്‍വലിച്ച് ദേശസാത്കൃത ബാങ്കിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ച ഹൈകോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഹൈകോടതി ഉത്തരവിനെതിരെ മാനന്തവാടി അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയും തിരുനെല്ലി സര്‍വിസ് കോഓപറേറ്റിവ് ബാങ്കുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കാലാവധി പൂര്‍ത്തിയാകാതെ ക്ഷേത്രത്തിന്റെ നിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് 1.73 കോടി രൂപയുടെ നിക്ഷേപം മാനന്തവാടി അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയിലും 8.5 കോടി രൂപയുടെ നിക്ഷേപം തിരുനെല്ലി സഹകരണ ബാങ്കിലുമുണ്ട്.

തൃശിലേരി ശിവക്ഷേത്രത്തിന് മാനന്തവാടി അര്‍ബന്‍ കോ-ഓപറേറ്റിവ് സൊസൈറ്റിയില്‍ 15.68 ലക്ഷം രൂപയുടെ നിക്ഷേപവും തിരുനെല്ലി സര്‍വിസ് കോഓപറേറ്റിവ് ബാങ്കില്‍ 1.5 കോടി രൂപയുടെ നിക്ഷേപവുമാണുള്ളത്.

ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ബാങ്കുകള്‍ ആവര്‍ത്തിച്ച് വിസമ്മതിച്ചതിനെത്തുടര്‍ന്ന് അഞ്ച് സഹകരണ ബാങ്കുകളോട് ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപങ്ങള്‍ അടച്ചുപൂട്ടി മുഴുവന്‍ തുകയും രണ്ട് മാസത്തിനുള്ളില്‍ തിരികെ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ പെട്ടെന്നുള്ള നിര്‍ദേശം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന ബാങ്കുകളുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താക്കളേയും നിക്ഷേപങ്ങളേയും ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ തീരുമാനമാണെന്ന് കോടതി പറഞ്ഞു. ഉത്തരവ് നടപ്പിലാക്കുന്നതിനായി സമയം നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.

ക്ഷേത്രത്തിന്റെ സ്ഥിര നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തിരുനെല്ലി ദേവസ്വം ആണ് കോടതിയെ സമീപിച്ചത്. തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, സുശീല ഗോപാലന്‍ സ്മാരക വനിതാ സഹകരണ സൊസൈറ്റി ലിമിറ്റഡ്, മാനന്തവാടി സഹകരണ റൂറല്‍ സൊസൈറ്റി ലിമിറ്റഡ്, മാനന്തവാടി സഹകരണ അര്‍ബന്‍ സൊസൈറ്റി ലിമിറ്റഡ്, വയനാട് ടെമ്പിള്‍ എംപ്ലോയീസ് സഹകരണ സൊസൈറ്റി ലിമിറ്റഡ് എന്നീ ബാങ്കുകളോട് രണ്ട് മാസത്തിനുള്ളില്‍ ഫണ്ട് തിരികെ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.