- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത പങ്കാളി സ്വിറ്റ്സർലണ്ട് പൗരൻ; സ്വവർഗ അനുരാഗിയെ ജഡ്ജിയാക്കുന്നത് എങ്ങനെ എന്ന ചോദ്യവുമായി കേന്ദ്രം; പ്രധാനമന്ത്രിക്കെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്താലും നിയമനം നൽകാനാകില്ല; കേന്ദ്ര സർക്കാർ നിലപാടുകൾ എല്ലാം തീർത്തും പരിഹാസ്യം; ഐബിയുടേയും റോയുടേയും കണ്ടെത്തലുകൾ കോളീജിയം അംഗീകരിക്കാതിരിക്കുമ്പോൾ
ന്യൂഡൽഹി: ജഡ്ജി നിയമനത്തിൽ സുപ്രീം കോടതി കൊളീജിയത്തിനെതിരെ പുതിയ ആരോപണമുയർത്തി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു എത്തുമ്പോൾ വിവാദം പുതിയ തലത്തിലേക്ക്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാടുകൾ പരിഹാസമായി മാറുകയാണ്.
ജഡ്ജിമാരാക്കാൻ കൊളീജിയം നിർദ്ദേശിക്കുന്നവരെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കോടതി പുറത്തുവിടുന്നതു ഗുരുതര വിഷയമാണെന്നു റിജിജു പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം നിർദ്ദേശിച്ച അഞ്ച് അഭിഭാഷകരുടെ പേരുകൾ ഐബി, റോ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു. ഇവരെ ജഡ്ജിമാരാക്കണമെന്നു വീണ്ടും ആവശ്യപ്പെട്ട രേഖയിലാണു കേന്ദ്രം ചൂണ്ടിക്കാട്ടിയ കാരണങ്ങൾ കൊളീജിയം പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണു നടപടിയെന്നു കേന്ദ്രമന്ത്രി ആരോപിച്ചു. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും കിരൺ റിജിജു പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ ജോൺ സത്യൻ, ബോംബെ ഹൈക്കോടതിയിലെ സോമശേഖരൻ സുന്ദരേശൻ, ഡൽഹി ഹൈക്കോടതിയിലെ സൗരഭ് കൃപാൽ, കൊൽക്കത്ത ഹൈക്കോടതിയിലെ അമിതേഷ് ബാനർജി, സാഖ്യ സെൻ എന്നിവരെ ജഡ്ജിമാരാക്കണമെന്ന നിർദ്ദേശമാണു നിയമമന്ത്രാലയം മടക്കിയത്. ഇതിൽ ജോൺ സത്യനെതിരെ ഐബി റിപ്പോർട്ടും സൗരഭ് കൃപാലിനെതിരെ റോ റിപ്പോർട്ടുമാണു കേന്ദ്രം ഉയർത്തുന്നത്.
അഡ്വ.ആർ. ജോൺ സത്യനെതിരെ ഐബിയുടെ ആരോപണം ആണ് ഏറ്റവും പരിഹാസം. വാർത്താ പോർട്ടലായ 'ദ് ക്വിന്റി'ൽ വന്ന, പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം പങ്കുവച്ചതാണ് വിവാദ കാരണം. നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് അനിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു കാരണം 'രാഷ്ട്രീയവഞ്ചന' ആണെന്ന് ആരോപിക്കുന്ന പോസ്റ്റ് പങ്കുവച്ചുവെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ഇതെങ്ങനെ അയോഗ്യതയാകുമെന്നാണ് ഉയരുന്ന ചോദ്യം.
ലേഖനമോ പോസ്റ്റോ പങ്കുവയ്ക്കുന്നത് വിശ്വാസ്യതയെയോ വ്യക്തിത്വത്തെയോ യോഗ്യതയെയോ കളങ്കപ്പെടുത്തുന്നതല്ല എന്നാണ് കൊളീജിയത്തിന്റെ മറുപടി. ജോൺ സത്യനു പ്രകടമായ രാഷ്ട്രീയ ചായ്‌വുകൾ ഇല്ലെന്ന് ഐബി റിപ്പോർട്ടിൽത്തന്നെ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ വീണ്ടും നിർദ്ദേശിക്കുന്നുവെന്നും കോളീജിയം വിശദീകരിക്കുന്നു.
അഡ്വ. സൗരഭ് കൃപാലിനെതിരെ 'റോ'യുടെ ആരോപണങ്ങളും വിചിത്രമാണ്. ജീവിതപങ്കാളി സ്വിറ്റ്‌സർലന്റ് പൗരനാണ് എന്നതാണ് ആദ്യത്തേത്. സ്വവർഗാനുരാഗിയാണെന്ന് (ഏമ്യ) പരസ്യമായി പ്രസ്താവിച്ചിട്ടുള്ളയാളാണ്. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി നടത്തുന്ന ഇടപെടലുകൾ ജഡ്ജിയെന്ന നിലയിലുള്ള തീരുമാനങ്ങളെ സ്വാധീനിക്കാനിടയുണ്ട്. സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെങ്കിലും സ്വവർഗവിവാഹം ഇപ്പോഴും നിയമപരമാക്കിയിട്ടില്ലെന്ന് 2021 ഏപ്രിൽ ഒന്നിന് നിയമമന്ത്രി കൊളീജിയത്തിന് അയച്ച കത്തിൽ പറയുന്നു.
ജീവിതപങ്കാളി വിദേശപൗരനാണെന്നത് ജഡ്ജിയാകുന്നതിനു തടസമല്ലെന്നാണ് കൊളീജിയത്തിന്റെ മറുപടി. നിയമവിരുദ്ധമോ രാജ്യവിരുദ്ധമോ ആയ എന്തെങ്കിലും ഇടപെടൽ സൗരഭ് കൃപാലിന്റെ ജീവിതപങ്കാളി നടത്തിയതായി റിപ്പോർട്ടിൽ ഇല്ല. സ്വന്തം ലൈംഗികത വെളിപ്പെടുത്താൻ തയാറായതിനു സൗരഭ് കൃപാലിനെ അഭിനന്ദിക്കുകയാണു വേണ്ടത്. അത്തരമൊരു കാര്യത്തിന്റെ പേരിൽ വിവേചനം കാട്ടുന്നതു ഭരണഘടനാവിരുദ്ധമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളിൽപ്പെട്ടയാൾ ജഡ്ജിയാകുന്നതു നീതിന്യായ വ്യവസ്ഥയുടെ വൈവിധ്യം വർധിപ്പിക്കുമെന്നാണ് കോളീജിയത്തിന്റെ നിലപാട്.
മറ്റു മൂന്ന് അഭിഭാഷകരുടെ കാര്യത്തിലും കേന്ദ്രസർക്കാർ നൽകിയ മറുപടിയുടെ ഭാഗങ്ങൾ പരസ്യപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം വീണ്ടും ശുപാർശ നൽകിയത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും കൊളീജിയവും തമ്മിൽ തുടരുന്ന പരസ്യമായ ഏറ്റുമുട്ടലിനിടെയാണ് കിരൺ റിജിജുവിന്റെ പുതിയ ആരോപണം.
ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാർശയെച്ചൊല്ലി കേന്ദ്രസർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. മൂന്നുപേരെ ജഡ്ജിമാരാക്കാനുള്ള ശിപാർശയ്ക്കെതിരായ രഹസ്യ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നയിക്കുന്ന കൊളീജിയം കഴിഞ്ഞയാഴ്ച സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണു കേന്ദ്രത്തെ ചൊടിപ്പിച്ചത്.
ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിന്റെ സുതാര്യതയില്ലായ്മയെ നിരന്തരം വിമർശിക്കുന്നയാളാണു റിജിജു. ജഡ്ജിമാർ തെരഞ്ഞെടുപ്പിനെ നേരിടുകയോ പൊതുപരിശോധനയ്ക്കു വിധേയരാകുകയോ ചെയ്യുന്നവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ജനം നിങ്ങളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളും വിധികളുമെല്ലാം അവർ നിരീക്ഷിക്കുന്നുണ്ട്'- മന്ത്രി മുമ്പ് ഒരു ചടങ്ങിൽ ജുഡീഷ്യറിയെ ഓർമിപ്പിച്ചു.
സ്വവർഗാനുരാഗിയായ മുതിർന്ന അഭിഭാഷകൻ സുഭാഷ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശിപാർശയടക്കം മൂന്ന് പേരുകൾ വെട്ടാൻ കേന്ദ്രം ഉന്നയിച്ച കാരണങ്ങളാണു കഴിഞ്ഞ 19-നു സുപ്രീം കോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ഐ.ബിയും റോയുമടക്കം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കടുത്ത അതൃപ്തിയിലാണ്. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാൻ 1993 മുതൽ നിലനിൽക്കുന്ന കൊളീജിയം സമ്പ്രദായത്തോടുള്ള കേന്ദ്രത്തിന്റെ എതിർപ്പാണു ജുഡീഷ്യറിയുമായുള്ള സംഘർഷത്തിനു കാരണം. ജഡ്ജി നിയമനത്തിനു കൂടുതൽ വിശാലമായ സമിതി വേണമെന്നതാണു കേന്ദ്രത്തിന്റെ ആവശ്യം.
ഇക്കാര്യത്തിൽ പാർലമെന്റ് പാസാക്കിയ നിയമം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത പാർലമെന്റ് നിർമ്മിക്കുന്ന നിയമത്തിനാണു പ്രാധാന്യമെന്നു കേന്ദ്രസർക്കാർ വാദിക്കുന്നു. കൊളീജിയം സംവിധാനം രാജ്യത്തെ നിയമമാണെന്നു സുപ്രീം കോടതിയും ചൂണ്ടിക്കാട്ടുന്നു. സർക്കാരും ജുഡീഷ്യറിയുമായുള്ള ഈ തർക്കം നിലവിൽ ഒരു ഭരണഘടനാപ്രശ്നമായി മാറിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ