ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭരണം നഷ്ടമായതിന് പിന്നാലെ ഉദ്ദവ് താക്കറെ വിഭാഗത്തിന് വീണ്ടും കനത്ത തിരിച്ചടി. യഥാർഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. ഇതോടെ ഷിൻഡേ പക്ഷത്തിനേതിരേയുള്ള പോരാട്ടത്തിൽ ഉദ്ദവ് താക്കറെയ്ക്ക് സുപ്രീംകോടതിയിൽ നിന്നും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്..

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വം ബിജെപിക്ക് ഒപ്പം നിന്ന് ഭരണം പിടിച്ചടക്കിയതോടെയാണ് കഴിഞ്ഞ ജൂൺ മാസത്തിൽ ഉദ്ദവിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ താഴെ വീണത്. ബിജെപിയുമായി ചേർന്ന് ഷിൻഡെ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കൂറ് മാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീംകോടിതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. പരാതി സുപ്രീംകോടതി അഞ്ചംഗ ഭരണഘാടനാ ബെഞ്ചിനും വിട്ടിരുന്നു. ഇതിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും ഷിൻഡെ പക്ഷത്തായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ താക്കറെയ്ക്ക് തിരിച്ചടിയായേക്കും.

ശിവസേന എന്ന പേര് ഏത് വിഭാഗത്തിന് നൽകണം എന്ന വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

ഇക്കാര്യത്തിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ഇതോടെ ആരാണ് ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കാനാകും.

ശിവസേനാ പാർട്ടി പദവിക്കായി ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം. മഹാരാഷ്ട്രയിലെ അധികാരമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയിൽ നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയുമായി മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു ഉദ്ധവിന്റെ വാദം.

യഥാർത്ഥ ശിവസേന തങ്ങളാണെന്ന് ഉദ്ധവ് പക്ഷം അവകാശവാദം ഉന്നയിച്ചപ്പോൾ പാർട്ടിയിൽ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനാവശ്യപ്പെട്ട് ഉദ്ധവ് പക്ഷത്തിനും ഷിൻഡെ പക്ഷത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. ഈ നീക്കത്തിനാണ് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.