- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളികളിൽ നിന്ന് പണം വാങ്ങി ബാഗിലിട്ടു; ടിക്കറ്റ് കൊടുക്കുന്നത് കണ്ടില്ല; ബസിലുണ്ടായിരുന്ന കെ എസ് ആർ ടി സി ജീവനക്കാരൻ സംശയം തോന്നി വിജിലൻസിനെ അറിയിച്ചു; ബസിൽ കയറി പരിശോധന നടത്തിയ സംഘം കണ്ടക്ടറെ കൈയോടെ പിടികൂടി; ടിക്കറ്റ് പണത്തിൽ തിരിമറി നടത്തിയത് തിരുവല്ല ഡിപ്പോയിലെ സുരേന്ദ്രൻ
തിരുവല്ല: കെഎസ്ആർടിസി ബസിൽ യാത്രക്കാരിൽ നിന്നും പണം വാങ്ങി ബാഗിലിട്ട ശേഷം ടിക്കറ്റ് നൽകാതിരുന്ന കണ്ടക്ടറെ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം കൈയോടെ പൊക്കി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സുരേന്ദ്രനാണ് പിടിയിൽ ആയത്. ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് തിരുവല്ല ഡിപ്പോയിൽ നിന്നും അടൂരിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ അടൂരിന് സമീപം വെച്ച് കെഎസ്ആർടിസി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാരിൽ നിന്നുമാണ് പണം വാങ്ങിയശേഷം ടിക്കറ്റ് നൽകാതിരുന്നത്.
തിരുവല്ലയിൽ നിന്ന് ബസിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരനാണ് കണ്ടക്ടറുടെ ക്രമക്കേട് കണ്ട് സംശയം തോന്നിയത്. തുടർന്ന് ഇദ്ദേഹം ബസിൽ ഇരുന്ന് തന്നെ വിജിലൻസ് സംഘത്തിന് വിവരം കൊടുത്തു. ഇതനുസരിച്ച് വിജിലൻസ് സംഘം പന്തളം കഴിഞ്ഞ് ബസിൽ കയറി പരിശോധിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. പണം കൊടുത്തിട്ടും ടിക്കറ്റ് കിട്ടാതിരുന്നതിൽ അതിഥി തൊഴിലാളികളായ യാത്രക്കാർക്ക് പരാതി ഇല്ലായിരുന്നു. തങ്ങളുടെ നാട്ടിൽ ഈ രീതിയാണുള്ളത് എന്നാണ് ഇവർ പറയുന്നത്.
സുരേന്ദ്രൻ പതിവായി ഈ രീതിയിൽ ചെയ്തിരുന്നോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. സംഭവം സംബന്ധിച്ച് സിഎംഡിക്ക് റിപ്പോർട്ട് നൽകി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്