- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാൻ; ഇരുട്ടുന്നതുവരെ ആ പണിയെടുക്കും; കോളേജിൽ പഠിക്കുമ്പോൾ കൽപ്പണി; സിമിന്റും മണ്ണും ചുമന്നു; നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി; ഒന്നും വെറുതെയായില്ല! ഇത് ബളാലിൽ നിന്ന് അമേരിക്കയിൽ ജഡ്ജിയായ മിടുമിടുക്കന്റെ ജീവിത യാത്ര; സുരേന്ദ്രൻ കെ പട്ടേൽ കഥ പറയുമ്പോൾ
കാഞ്ഞങ്ങാട്: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജി മലയാളിയാണ്. നല്ല മലയാളം പറയുന്ന സുരേന്ദ്രൻ കെ.പട്ടേൽ. കഷ്ടതകളിൽ നിന്ന് പടുത്തുയർത്തി നിയമ ജീവിതം. ആ കഥ സുരേന്ദ്രൻ പട്ടേൽ പറയുമ്പോൾ കേൾക്കുന്നവരുടെ കണ്ണ് നിറയുക സ്വാഭാവികം. അമേരിക്കയിൽ ജില്ലാ ജഡ്ജിയായ സുരേന്ദ്രൻ കെ.പട്ടേലിന്റെ വൈകാരിക പ്രസംഗം നാട്ടിലെ അഭിഭാഷകരുടെ കണ്ണുകൾ ഈറനണിഞ്ഞുവെന്നതാണ് വസ്തുത.
'സ്‌കൂൾ വിട്ടാൽ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നതുവരെ ആ പണിയെടുക്കും. കോളേജിൽ പഠിക്കുമ്പോൾ കൽപ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോൾ ഹോട്ടൽ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന അധ്വാനം. ഒന്നും വെറുതെയായില്ല...' -സുരേന്ദ്രൻ കെ.പട്ടേൽ തന്റെ ജീവിതം പറയുന്നു. 'സർക്കാർ സ്‌കൂളിൽ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകൾ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാൻ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു. അടുത്തവർഷം പഠിക്കാൻ പോയില്ല. പൂർണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജിൽ പ്രീഡിഗ്രിക്കും പയ്യന്നൂർ കോളേജിൽ ബിരുദത്തിനും പഠിക്കുന്ന കാലം നാടൻപണിക്കിറങ്ങി. എൽഎൽ.ബി.ക്ക് കോഴിക്കോട് ലോ കോളേജിൽ പഠിക്കുമ്പോൾ ഹോട്ടൽ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടൽ കഴുകണം-ഇതായിരുന്നു ജീവിതം
എൽഎൽ.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടൻ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവർത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡൽഹിയിൽ നഴ്സായി ജോലി കിട്ടിയപ്പോൾ അഭിഭാഷകജീവിതം ഡൽഹിയിലേക്ക് മാറ്റി. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയിൽ ജോലികിട്ടിയപ്പോൾ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയിൽ ജോലിക്കാരനായി. അതിനിടയിൽ അഭിഭാഷക ലൈസൻസിങ് പരീക്ഷയെഴുതി. പിന്നീട് എൽഎൽ.എം. ജയിച്ചു. അങ്ങനെ അമേരിക്കയിലെ അഭിഭാഷകനായി. പിന്നെ ജില്ലാ ജഡ്ജിയും. അതും ജനാധിപത്യത്തിൽ കൂടി നേടിയ പദവി. ജില്ലാ ജഡ്ജിയാകാൻ അവിടെ ജനകീയ വോട്ടെടുപ്പാണ്. ഡെമോക്രാറ്റിക് പാർട്ടിയിൽ മത്സരിച്ച് പ്രാഥമിക റൗണ്ടിൽ സിറ്റിങ് ജഡ്ജിയെ തോൽപ്പിച്ചു. തുടർ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി...' ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രൻ പറയുന്നു. നാട്ടിൽ ബാർ അസോസിയേഷനാണ് സ്വീകരണം നൽകിയത്. അവിടെയാണ് തന്റെ കഥ സുരേന്ദ്രൻ പട്ടേൽ പറയുന്നത്.ബളാലിലെ പരേതനായ കോരന്റെയും ജാനകിയുടെയും മകനാണ് സുരേന്ദ്രൻ പട്ടേൽ.
ഹൂസ്റ്റണിൽ സിവിൽ, ക്രിമിനൽ, ലേബർ, വ്യവസായ രംഗങ്ങളിൽ കഴിവുതെളിയിച്ച അഭിഭാഷകൻ കൂടിയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഫസ്റ്റ് ലോ സെന്ററിൽ നിന്നും എൽഎൽഎം നേടി അറ്റോർണിയായി പ്രവർത്തിക്കുകയായിരുന്നു. അമ്പതു ശതമാനത്തിലധികം വോട്ടു നേടിയാണ് സുരേന്ദ്രൻ ജയിച്ചത്. ബളാൽ ഗവ. ഹൈസ്‌കൂൾ,എളേരിത്തട്ട് നായനാർ സ്മാരക ഗവ കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഹൊസ്ദുർഗ് ബാറിലും അഭിഭാഷകനായി. 2003 ലാണ് ഭാര്യ ശുഭയോടൊപ്പം അമേരിക്കയിൽ എത്തിയത്. വിദ്യാർത്ഥികളായ അനഘയും സാന്ദ്രയുമാണ് മക്കൾ. കഴിഞ്ഞ തവണ ഫാമിലി കോർട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സുരേന്ദ്രൻ പട്ടേൽ റൺ ഓഫിൽ എത്തിയിരുന്നു . ഏവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുഖ്യ അജണ്ട. വധശിക്ഷ വരെ വിധിക്കാൻ അധികാരമുള്ള കോടതിയിലേക്കാണ് സുരേന്ദ്രന്റെ നിയമനം. ഇന്ത്യയിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയോട് ഏകദേശം ഉപമിക്കാം.
കൗണ്ടി കോർട്ട് രണ്ടര ലക്ഷം ഡോളർ വരെയുള്ള കേസുകളും, മിസ്ഡെമിനർ കേസുകളും കേൾക്കുമ്പോൾ പ്രമാദമായ കേസുകൾ ഡിസ്ട്രിക്ട് കോടതിയാണ് പരിഗണിക്കുക. രണ്ടര ലക്ഷത്തിനുമുകളിലുള്ള തുക ഉൾപ്പെടുന്ന കേസുകൾ, ഫെലനി കേസുകൾ - കൊലപാതകം ഉൾപ്പടെ-ഡിസ്ട്രിക്ട് കോടതിയുടെ പരിഗണനയിൽ വരുന്നു. കുറ്റക്കാരനാണോ എന്നു ജൂറി തീരുമാനിക്കുമ്പോൾ ശിക്ഷ വിധിക്കുന്നത് ജഡ്ജിയാണ്. ന്യൂയോർക്കിലും അങ്ങനെ തന്നെ. എന്നാൽ ഫ്ളോറിഡയിൽ പാർക്ക് ലാന്റ് കൂട്ടക്കൊല പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം വിധിച്ചത് ജൂറിയാണ്.
ബ്രിട്ടണിലെ കോമൺ ലോ പ്രാക്ടീസ് ചെയ്യുന്ന രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് ടെക്സസിൽ നേരിട്ട് ബാർ എക്സാമിനിരിക്കാം. ലോ സ്‌കൂളിൽ ചേർന്ന് പഠിക്കേണ്ടതില്ല. പക്ഷെ വന്ന് രണ്ടു വർഷത്തിനകം പരീക്ഷ എല്ലാവർക്കുമൊപ്പം പാസാകണം. അത് ആദ്യ തവണ തന്നെ പാസായതോടെ ആത്മവിശ്വാസമായി. തുടർന്ന് ഇന്റർനാഷണൽ ലോയിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തു (എൽ.എൽ.എം). നിയമ സംബന്ധമായ പ്രബന്ധങ്ങളും വോയിസ് ഓഫ് ഏഷ്യ പത്രത്തിൽ വിവിധ വിഷയങ്ങളെപ്പറ്റി ഇംഗ്ലീഷ് ലേഖനങ്ങളും ഇക്കാലത്ത് പ്രസിദ്ധീകരിച്ചു. 2019-ൽ ആദ്യമായി ഇലക്ഷൻ രംഗത്തിറങ്ങി. അത് പരാജയപ്പെട്ടുവെങ്കിലും അതിൽ നിന്ന് പാഠങ്ങൾ പഠിച്ചു. ഇത്തവണ അത് ഉപകരിച്ചു. അങ്ങനെ വിജയം കൈവരിച്ചു.
പാർട്ടിക്കാരനായി ജയിച്ചതുകൊണ്ട് പാർട്ടിക്കോ പാർട്ടിക്കാർക്കോ അനുകൂലമായി നിലകൊള്ളേണ്ടതില്ല. അത്തരമൊരു കാര്യം തന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവുകയുമില്ല. ജുഡീഷ്യറി ഏറ്റവും ഉന്നത നിലവാരവും നിഷ്പക്ഷതയും പുലർത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. ആർക്കെങ്കിലും വഴങ്ങുന്നത് തന്റെ സ്വഭാവമല്ല. ഒരു ജഡ്ജിയും അങ്ങനെ ആവാൻ പാടില്ല. ജഡ്ജി സ്വതന്ത്രനായിരിക്കണം. പ്രചാരണത്തിൽ പോലും ഒരു പോസിറ്റീവ് കാമ്പെയ്നാണ് നടത്തിയത്. ചെളിവാരിയെറിയാനോ കുറ്റം കണ്ട് പിടിക്കാനോ ഒന്നും പോയില്ല. എന്നാൽ തന്റെ ഉച്ഛാരണവും പുതിയ കുടിയേറ്റക്കാരനെന്നതുമൊക്കെ എതിരാളി തനിക്കെതിരേ ഉപയോഗിച്ചു. പക്ഷെ ജനം അത് അവഗണിച്ചു-സുരേന്ദ്രൻ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
മലയോര മേഖലയാണ് ബളാൽ. കാസർകോട് നിന്നാണ് കുടുംബം അങ്ങോട്ട് മാറിയത്. പട്ടേൽ എന്നത് വീട്ടുപേരാണ്. കർഷകനായ പിതാവ് കോരൻ നേരത്തെ മരിച്ചു. അമ്മ ജാനകിയും രണ്ടു സഹോദരരും രണ്ട് സഹോദരിമാരും നാട്ടിലുണ്ട്. ഭാര്യയുടെ ബന്ധുക്കളുമെല്ലാം നാട്ടിലാണ്. ബെയ്‌ലർ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ നഴ്സ് ആണ് ഭാര്യ ശുഭ സുരേന്ദ്രൻ.
മറുനാടന് മലയാളി ബ്യൂറോ