- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിയമന വിവരം അറിഞ്ഞത് ടിവിയിൽ; തന്നോട് ആലോചിക്കാതെ നൽകിയ പദവി വേണ്ട; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് റിപ്പോർട്ട്; അതൃപ്തി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും
തിരുവനന്തപുരം: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. തന്നോട് ആലോചിക്കാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് വിവരം. വിഷയത്തിൽ സുരേഷ് ഗോപി അമർഷത്തിൽ ആണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കരുവന്നൂരിൽ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. പദവിയിൽ ഇരുന്നു സജീവ രാഷ്ട്രീയത്തിൽ തുടരാൻ കഴിയില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. രാഷ്ട്രീയത്തിൽ സജീവമാകാൻ സുരേഷ് ഗോപി ഈ പദവി വേണ്ടെന്ന് വയ്ക്കും.
കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്.കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് നിയമന വിവരം പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വർഷത്തേക്ക് ആണ് നിയമനം. സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു എന്നതാണ് മറ്റൊരു വസ്തുത. സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി യൂണിയനാണ് നിയമനത്തിൽ പ്രതിഷേധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ഹിന്ദുത്വ രാഷ്ട്രീയത്തോട് അടുത്തു പ്രവർത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നുമാണ് യൂണിയന്റെ പ്രസ്താവനയിൽ പറയുന്നത്. ദേശീയ അവാർഡ് അടക്കം നേടിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ ഈ വാദങ്ങൾ നിലനിൽക്കാത്തതുമാണ്.
മുൻ രാജ്യസഭാ എംപിയാണ് സുരേഷ് ഗോപി. എംപി സ്ഥാനം വിട്ട ശേഷം ബിജെപിയുടെ കോർ കമ്മറ്റിയിലേക്ക് പോലും സുരേഷ് ഗോപിയെ നിയമിച്ചിരുന്നു. എന്നാൽ തനിക്ക് മറ്റ് പദവികൾ വേണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം. തൃശൂരിൽ മത്സരിക്കാനുള്ള സന്നദ്ധതയും അറിയിച്ചു. പ്രവർത്തനങ്ങളും തുടങ്ങി. ഇതിനിടെയാണ് സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപിക്ക് വേണ്ടി കേന്ദ്രം മാറ്റി വച്ചത്. എന്നാൽ തന്നോട് ആലോചിക്കാതെയുള്ള നിയമനത്തിൽ സുരേഷ് ഗോപി തീർത്തും അതൃപ്തനാണ്.
രാഷ്ട്രീയ തിരക്കുകൾ ഏറെയുണ്ട്. നിരവധി സിനിമകളിലും അഭിനയിക്കാനുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു ഉത്തരവാദിത്തം പറ്റില്ലെന്നാണ് സൂരേഷ് ഗോപിയുടെ പക്ഷം. ഇക്കാര്യം പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും സുരേഷ് ഗോപി അറിയിക്കും. ഒക്ടോബർ 2നാണ് കരുവന്നൂരിൽ പദയാത്ര നടക്കുക. കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും. കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒടുങ്ങുന്ന ചിത്രം. ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരുൺ വർമയാണ് ഗരുഡന്റെ സംവിധാനം. 'ജെ.എസ്.കെ' എന്ന മറ്റൊരു ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രവീൺ നാരായണൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. ഈ സാഹചര്യത്തിൽ സിനിമാ തിരിക്കും ഏറെയാണ്. അതിനാൽ മറ്റൊരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നതാണ് സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ ബിജെപി ദേശീയ നേതൃത്വത്തിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയും ചെയ്യും.
കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി കേന്ദ്ര സർക്കാർ നിയമിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. 'അങ്ങയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീർച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കും. താങ്കൾക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നു', അനുരാഗ് ഠാക്കൂർ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.
മറുനാടന് മലയാളി ബ്യൂറോ