ന്യൂഡൽഹി: ലോക്‌സഭയിലെ സത്യപ്രതിജ്ഞയിൽ താരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്ക് പീഠത്തിലേക്ക് എത്തുമ്പോൾ 'കൃഷ്ണാ ഗുരുവായൂരപ്പാ' എന്ന നാമം സുരേഷ് ഗോപി ജപ്പിക്കുകയും ചെയ്തു. മലയാളത്തിലായിരുന്നു കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ അംഗത്തിന്റെ സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിക്കുകയായിരുന്നു സുരേഷ് ഗോപി. സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം 'കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ' എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. സത്യപ്രതിജ്ഞയ്ക്ക് പേരുവിളിച്ചപ്പോൾ ഏറ്റവും കൈയടി കിട്ടിയതും സുരേഷ് ഗോപിക്കാണ്.

കേരളത്തിൽ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്ത എംപിയും സുരേഷ് ഗോപിയാണ്. പ്രോടേം സ്പീക്കറുടെ സഹായ പട്ടികയിൽ ഉൾപ്പെട്ട കൊടിക്കുന്നിലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നാൽ അർഹതപ്പെട്ട പ്രോടേം സ്പീക്കർ പദവി നിഷേധിച്ചതിൽ പ്രതിഷേധിക്കാനായി സത്യപ്രതിജ്ഞയ്ക്കുള്ള പേരു വിളിച്ചിട്ടും പോയില്ല. കേരളത്തിലെ അംഗങ്ങൾക്കൊപ്പം കൊടിക്കുന്നിൽ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധിക്ക് അപ്പുറം ലോക്‌സഭയിൽ പ്രതിപക്ഷത്തെ ആദ്യ സീറ്റിലാണ് കൊടിക്കുന്നിൽ ഇന്ന് ഇരുന്നത്.

തനി കേരളീയ വസ്ത്രത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. മലയാളികളായ രണ്ട് പേരാണ് കേന്ദ്ര മന്ത്രി സഭയിലുള്ളത്. സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും. ഇതിൽ ജോർജ് കുര്യൻ പാർലമെന്റിലെ ഒരു സഭയിലും അംഗമല്ല. മന്ത്രിയായി ചുമതലയേറ്റ് ആറു മാസത്തിനകം ഏതെങ്കിലും സഭയിൽ അംഗമാകണം. രാജ്യസഭയിൽ നിന്നും ജോർജ് കുര്യൻ പാർലമെന്റ് അംഗമാകുമെന്നാണ് സൂചന.