തൃശൂര്‍: രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തില്‍ അന്വേഷണം തുടരുകയാണ്. ഭീകരാക്രമണമെന്ന നിലയില്‍ യുഎപിഎ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഡല്‍ഹിയിലെ സ്ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്ത് മതേതരത്വവും സ്നേഹവും നിലനില്‍ക്കുന്നിടത്തും അതിനെ ഉടയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമായി ഭീകരാക്രമണത്തെ കാണേണ്ടതുണ്ട്.

പക്ഷെ ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിച്ച്, ഇതിന്റെ പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും അസ്വാരസ്യം വിതറാതെ, നമ്മുടെ സാഹോദര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് നിലകൊള്ളണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും, അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ രാജ്യമെമ്പാടും പരന്നു കിടപ്പുണ്ടെങ്കില്‍ അവരിലേക്ക് തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം പോകും. നടപടിയും ഉണ്ടാകും എന്നു ഉറപ്പു നല്‍കുകയാണ്. ഡല്‍ഹിയില്‍ സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതി നില്‍ക്കാനാകില്ല. സ്ഫോടനത്തില്‍ നിന്നുള്ള ഞെട്ടലിലും ഭയത്തിലും നിന്നും ജനങ്ങള്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണം നടത്താന്‍ ആഗ്രഹിക്കുന്നില്ല. അത് ശരിയല്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗം ഇന്നുചേരുന്നുണ്ട്. ആ യോഗത്തിന് ശേഷം 30 ജില്ലകളിലെയും യോഗവും ചേരുന്നുണ്ട്. അവര്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനുശേഷം മാധ്യമങ്ങളെ അറിയിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിന്നീട് താന്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കാര്‍ ഓടിച്ചിരുന്ന ആളുടേതെന്നു സംശയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പൊട്ടിത്തെറിയ്ക്കിരയാക്കിയ കാര്‍ ഹരിയാന രജിസ്‌ട്രേഷന്‍ ഹ്യുണ്ടായ് ഐ20യാണ്. എച്ആര്‍ 26 സിഇ 7674 എന്ന നമ്പറിലുള്ള വെളുത്ത ഐ20 കാറാണ് ദൃശ്യങ്ങളിലുള്ളത്. കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച 6.52 ഓടെയാണ് സ്‌ഫോടനമുണ്ടായത്. ഇതിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനഹ്‌റി മസ്ജിദിനു സമീപം കാര്‍ ഏതാണ്ട് മൂന്ന് മണിക്കൂറിനു മുകളില്‍ സമയം നിര്‍ത്തിയിട്ടിരുന്നു. കാര്‍ വൈകീട്ട് 3.19നു ഇവിടേയ്ക്ക് പ്രവേശിക്കുന്നതും 6.48നു പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്.

തുടക്കത്തില്‍ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ കാര്‍ മുന്നോട്ടു പോകുമ്പോള്‍ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്നതെന്നു ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ബദല്‍പുര്‍ അതിര്‍ത്തിയില്‍ നിന്നാണ് കാര്‍ അവസാനമായി ന?ഗരത്തിലേക്ക് പ്രവേശിച്ചത്. അതിന്റെ ശേഷിക്കുന്ന യാത്രാ പാത അന്വേഷണത്തിലാണെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.