ഹരിപ്പാട്: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡില്‍ നിന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയില്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നു. പോലീസ് ഏകോപനമാണ് ഇത്തരത്തില്‍ കാത്തു നില്‍പ്പിന് വഴിയൊരുക്കിയത്. ഇക്കാര്യത്തിലാകും വിശദ പരിശോധനകള്‍ നടത്തുക.

സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയില്‍ കയറി കുമരകത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരന്‍ പരുങ്ങി. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തില്‍ കുമരകത്തേക്ക് പോവുകയായിരുന്നു. കോട്ടയത്ത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.

ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് മുന്നില്‍ കണ്ട ഓട്ടോറിക്ഷയില്‍ കയറിപ്പോകുകയായിരുന്നു സുരേഷ് ഗോപി. മണ്ണാറശാല ക്ഷേത്രത്തിലെ പുരസ്‌കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര മന്ത്രി. മുഖ്യാത്ഥിതിയായി പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ഗോപി സേവഭാരതിയുടെ സ്റ്റാളും ഉദ്ഘാടനം ചെയ്ത് തിരികെ പോകാനായി വാഹനം പാര്‍ക്ക് ചെയ്ത ഇടത്തേക്ക് പെട്ടെന്ന് തന്നെ എത്തുകയും ചെയ്തു. എന്നാല്‍ സുരേഷ് ഗോപി എത്തിയപ്പോള്‍ പാര്‍ക്ക് ചെയ്തിടത്ത് വാഹനം കാണാനില്ലായിരുന്നു. ഔദ്യോഗിക വാഹനത്തിനായി കുറച്ച് നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഓട്ടോ വരുത്തി അതില്‍ യാത്ര ചെയ്യുകയായിരുന്നു.

ആദ്യം പാര്‍ക്ക് ചെയ്തിടത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വാഹനം മാറ്റിയിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന ആരോപണവുമായി ബി ജെ പി രംഗത്ത് വന്നു. അതേസമയം പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം മാറ്റിയിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടായക്കിയതെന്ന വാദവും ഉയരുന്നുണ്ട്. അപ്പോഴും വിപിഐ വാഹനങ്ങള്‍ക്ക് പരിഗണന കൊടുക്കാറുണ്ട്. എന്നാല്‍ സുരേഷ് ഗോപിയുടെ വാഹനത്തിന് അത് കിട്ടിയില്ല.

തന്റെ ദേഷ്യവും അരിശവുമൊക്കെ പരസ്യമായി പ്രകടപ്പിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി വളരെ കരുതലോടെയാണ് പ്രതികരണങ്ങള്‍ നടത്തിയത്. ഓട്ടോയില്‍ നിന്നിറങ്ങി കാറിലേക്ക് കയറുമ്പോഴും പോലീസുകാരെ കേന്ദ്രമന്ത്രി വിമര്‍ശിച്ചില്ല.