- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ല; ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറില്‍; പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയില്ലെന്ന് സുരേഷ് ഗോപി; അന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ എല്ലാം വ്യക്തം
പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി
ചേലക്കര: പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറിലാണ് അവിടെ പോയത്. പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലന്‍സിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തില്‍ ഇല്ല. ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീന്‍ ബാബു വിഷയം ഉയര്‍ത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം തൃശൂര്‍ പൂരം അലങ്കോലമായ ദിവസം ആംബലന്‍സിലല്ല എത്തിയതെന്ന് സുരേഷ് ഗോപി പറയുമ്പോള്‍ തൃശൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്റെ പ്രതികരണവും ചര്‍ച്ചയാകുകയാണ്. സുരേഷ് ഗോപിയെ എത്തിച്ചത് സേവാഭാരതി ആംബുലന്‍സില്‍ ആണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞിരുന്നു. സൂരേഷ് ഗോപി സേവാഭാരതി ആബുലന്‍സില്‍ എത്തുന്നതിന്റെ വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമങ്ങളിലടക്കം ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം.
കേരളത്തിലെ മുന്‍മന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യംചെയ്യപ്പെടാന്‍ യോഗ്യരാണെന്ന ഭയം അവര്‍ക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ. വടക്കുംനാഥന്റെ ചുവന്ന സത്യം ദ്രവിച്ച് മലച്ചുവീഴും. വടക്കുംനാഥന്റെ ദേവസ്വത്തിന്റെ സത്യമെന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? അത് ചോരക്കളിയുടെ സത്യംമാത്രമാണ്. ഞാനവിടെ ചെല്ലുന്നത് 100 കണക്കിന് പൂരപ്രേമികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണ്.
സിപിഐ നല്‍കിയ പരാതി
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനു പിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി പൊലീസിന് ലഭിച്ചിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനും സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയുമായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നായിരുന്നു അന്ന് ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചത്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമങ്ങളിലടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍-2017 നിലവില്‍വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങളില്‍ത്തന്നെ ഏതിനാണ് മുന്‍ഗണനയെന്നും വ്യക്തമാക്കുന്നുണ്ട്.
മനുഷ്യജീവന്‍ രക്ഷിക്കാനും ആരോഗ്യത്തിന് ഗുരുതരമായി ഹാനി സംഭവിക്കുന്നത് തടയുന്നതിനോ, തീ കെടുത്തുന്നതിനോ ആവശ്യമായ സേവനം തടസ്സപ്പെടാതിരിക്കാനുള്ള വാഹനങ്ങള്‍ക്കാണ് പ്രത്യേകം മുന്‍ഗണന. സൈറണ്‍ പ്രവര്‍ത്തിപ്പിച്ചോ ഫ്ളാഷ് ലൈറ്റുകള്‍ തെളിയിച്ചോ വരുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന. ഇത്തരം സാഹചര്യങ്ങളില്‍ അതീവശ്രദ്ധയോടെയും മുന്‍കരുതലോടെയും ചുവപ്പ് സിഗ്നലുകള്‍ മറികടക്കാനും വേഗപരിധി ലംഘിക്കാനും റോഡരികിലെ ഷോള്‍ഡറിലൂടെയും വണ്‍വേക്ക് എതിര്‍ദിശയിലൂടെയുമെല്ലാം വാഹനം ഓടിക്കാനും അനുമതിയുണ്ട്.