ന്യൂഡല്‍ഹി: എഡിഎമ്മിന്റെ മരണത്തില്‍ ആരോപണ വിധേയമായ കണ്ണൂരിലെ പെട്രോള്‍ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഒന്നും നടത്തിയിട്ടില്ലെന്ന് പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ലോക്‌സഭയില്‍. അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും ബന്ധപ്പെട്ട ഓയില്‍ കമ്പനികള്‍ ആണെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ ഈ പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സി യുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതികള്‍ ലഭിച്ചിരുന്നു. പരാതി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയാണ് എന്നതിനാല്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നാണ് കേന്ദ്രമന്ത്രി മറുപടിയില്‍ പറയുന്നത്.


പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങളാണ് അടൂര്‍ പ്രകാശ് ഉന്നയിച്ചിരുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടോ?, എന്‍ഒസിയുമായി ബന്ധപ്പെട്ട അന്വേഷണം ഏതു രീതിയിലാണ് എന്നീ കാര്യങ്ങളാണ് അടൂര്‍ പ്രകാശ് ചോദിച്ചിരുന്നത്. പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നാണ് സുരേഷ് ഗോപി മറുപടിയില്‍ അറിയിച്ചത്.

നവീന്‍ബാബുവിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

അതേ സമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ചേര്‍ത്തല സ്വദേശിയായ മുരളീധരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സമാന ആവശ്യം ഉന്നയിച്ച് നവീന്‍ ബാബുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഫയലില്‍ സ്വകരീച്ചിട്ടുണ്ടെന്നും പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തീര്‍പ്പാക്കിയത്.

നവീന്‍ ബാബുവിന്റെ സഹപ്രവര്‍ത്തകര്‍ അവര്‍ക്കറിയാവുന്ന വസ്തുതകള്‍ സംബന്ധിച്ചു മൊഴി നല്‍കാന്‍ മുന്നോട്ടു വന്നിട്ടില്ലെന്നും പി.പി.ദിവ്യയുടെ രാഷ്ട്രീയ സ്വാധീനവും കലക്ടറില്‍നിന്നും പ്രതിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നുമുള്ള ദ്രോഹനടപടികളും ഭയന്നാണിതെന്നും നവീന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ദിവ്യയ്ക്കു നിലവിലെ അന്വേഷണത്തെ എത്രത്തോളം നിയന്ത്രിക്കാമെന്നു വ്യക്തമാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് വന്‍ ഗൂഢാലോചന നടന്നെന്നു വിശ്വസിക്കാന്‍ കൃത്യമായ കാരണങ്ങളുണ്ട്. തെളിവു നശിപ്പിക്കാനും വ്യാജ തെളിവുണ്ടാക്കാനുമാണു ദിവ്യ ശ്രമിക്കുന്നതെന്നു സംശയിക്കാനും കാരണങ്ങളുണ്ടെന്നും പറയുന്നു.

അതേ സമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നും വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ പൊലീസ് അന്വേഷണം തടസ്സപ്പെടുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തേടിയുള്ള വിവരാവകാശ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പിന്റെ കൂടി നിയന്ത്രണമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിചിത്ര മറുപടി.