കൊച്ചി: നടൻ സുരേഷ് ഗോപിക്കെതിരെയുള്ള പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷൻ നടത്തിയ കേസിൽ വിചാരണ ഇന്നാരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.

കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സുരേഷ് ഗോപിയുടെ ഹരജി കോടതി തള്ളിയ സാഹചര്യത്തിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ രണ്ട് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.

2010, 2016 വർഷങ്ങളിൽ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകൾ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തുവെന്നതായിരുന്നു കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ വാടകക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റർ ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

പുതുച്ചേരിയിലെ കൃഷിയിടം നോക്കി നടത്തുന്നതിനുള്ള സൗകര്യത്തിന് അവിടെ വീട് വാടകക്കെടുത്തിരുന്നുവെന്നും ആ വിലാസത്തിലാണ് വാഹന രജിസ്ട്രേഷൻ നടത്തിയതെന്നുമുള്ള സുരേഷ് ഗോപി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച വാടകചീട്ടുൾപ്പെടെയുള്ള രേഖകളും ഉണ്ടെന്നാണ് സുരേഷ് ഗോപിയുടെ വാദം. എംപിയാകുന്നതിന് മുൻപും ശേഷവും വാങ്ങിയ രണ്ട് വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതു വഴി നികുതിയിനത്തിൽ 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.