തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അടക്കമുള്ള പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലാതിരുന്നതാണ് പ്രധാന വിമർശനത്തിന് ആധാരം. പകരം കേരളത്തിന് ലഭിച്ചത് ഒരു ധാതു ഇടനാഴിയും കടലാമകൾക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാണ്. എയിംസ് കേരളത്തിൽ വരുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിരന്തര പ്രസ്താവനകൾ മുൻനിർത്തി സൈബറിടത്ത് 'ആമ' ട്രോളുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഫോണിലൂടെ സുരേഷ് ഗോപിയോട് "ഉങ്കളുക്ക് AIIMS താനെ വേണം?" (നിങ്ങൾക്ക് എയിംസ് തന്നെയാണോ വേണ്ടത്?) എന്ന് ചോദിക്കുന്നതും, അദ്ദേഹം "ആമ..ആമ..ആമ" എന്ന് മറുപടി പറയുന്നതും, പിന്നാലെ കടലാമകൾക്കായുള്ള പ്രത്യേക പാക്കേജ് ലഭിക്കുന്നതുമാണ് ട്രോളുകളിൽ നിറയുന്നത്. വിഷയത്തിൽ പ്രതികരിച്ച് വി.കെ. പ്രശാന്ത് എം.എൽ.എ.യും രംഗത്തെത്തി. "ആമ കൃഷിക്ക് എല്ലാവർക്കും ലോൺ, കേരളത്തിന് ആമയും തേങ്ങയും മാത്രം" എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

നേരത്തെയും എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകൾ വിവാദമായിരുന്നു. ഈയടുത്ത്, കേരളത്തിൽ എയിംസ് വരുമെന്നും 'മറ്റേ മോനേ' എന്നും അദ്ദേഹം പരാമർശിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. അതിനുമുമ്പ്, തൃശൂരോ ആലപ്പുഴയോ തിരുവനന്തപുരത്തോ എയിംസ് വരുമെന്നും, കേരളം ഭൂമി നൽകിയില്ലെങ്കിൽ പദ്ധതി പൊള്ളാച്ചിയിലേക്ക് പോകുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

കേരളത്തിന് സമ്പൂര്‍ണ നിരാശ സമ്മാനിക്കുന്നതായിരുന്നു കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ എയിംസിന് പുറമേ അതിവേഗ റെയില്‍പാതയിലും പ്രഖ്യാപനമുണ്ടായില്ല. അയല്‍സംസ്ഥാനമായ തമിഴ്നാടിന് രണ്ട് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചര്‍ച്ച ഉയര്‍ന്നുവന്ന കേരളത്തെ തഴഞ്ഞത്.

അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ ഉള്‍പ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്‌നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്.

ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കര്‍ണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനം ഉയര്‍ത്തി കടലാമകളുടെ ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം 50 ശതമാനം ആക്കണം എന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.