കോട്ടയം: കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് വാട്‌സാപ്പിൽ അയച്ച പരാതിക്ക് വളരെ വേഗം പരിഹാരം. പമ്പിൽ നിന്ന് വെള്ളം കലർന്ന ഡീസൽ അടിക്കേണ്ടി വന്നതോടെ ഹോണ്ട സിറ്റി കാറിന് തകരാറുണ്ടായ ബാങ്ക് മാനേജർക്കാണ് ആശ്വാസം കിട്ടിയത്. കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നൽകി. ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നൽകിയത്.

ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യനാണു പരാതിക്കാരൻ. പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്നാണു ഡീസൽ അടിച്ചത്. 17ന് ആയിരുന്നു സംഭവം. 36 ലിറ്ററോളം ഡീസൽ കാറിൽ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേൾക്കുകയും സൂചനാ ലൈറ്റുകൾ തെളിയുകയും ചെയ്തുവെന്നു ജിജു പറയുന്നു.

കാർ, കമ്പനിയുടെ കോട്ടയത്തെ വർക്ഷോപ്പിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം ചേർന്നതായി കണ്ടെത്തിയതെന്നാണു പരാതി. ഇതോടെ ജിജു തന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റിയുമായ ജയിംസ് വടക്കനോട് കാര്യം പറഞ്ഞു. ജയിംസ് വടക്കൻ ബിജെപി മുൻ വക്താവ് പി.ആർ.ശിവശങ്കറിന്റെ സഹായത്തോടെയാണു മന്ത്രി സുരേഷ് ഗോപിക്കു പരാതി നൽകിയത്. പരാതിയിൽ ഉടൻ ഇടപെട്ട സുരേഷ് ഗോപി 48 മണിക്കൂറിനകം സംഭവത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു.

'ജനങ്ങളുടെ പരാതി എങ്ങനെയാണ് പരിഹരിക്കേണ്ടതെന്നതിന് ഉദാത്ത മാതൃകയാണ് കേന്ദ്ര പെട്രോളിയംസഹമന്ത്രി സുരേഷ് ഗോപി. 48 മണിക്കൂറിനകം ഒരു പരാതി പരിഹരിക്കാൻ സാധിച്ചു. പരാതി നൽകിയ ഉടൻ തന്നെ ഡീസൽ പരിശോധിച്ച് നഷ്ടപരിഹാരം നൽകി. എന്റെ 36 വർഷത്തെ പൊതുപ്രവർത്തനത്തിനിടെ കാണുന്ന ഏറ്റവും വേഗത്തിലുള്ള പരാതി പരിഹാരമാണിത്. ഞായറാഴ്ചയായിട്ട് കൂടി പ്രശ്‌നം ഏറ്റെടുത്ത് തിങ്കളാഴ്ച ഉച്ചയോടെ പരിഹരിച്ച സുരേഷ് ഗോപിയോടും അദ്ദേഹത്തിന്റെ ഓഫീസിനോടും നന്ദി പറയുന്നു. ഞാൻ പറയുന്നത് ഇതൊക്കെ മറ്റു മന്ത്രിമാരും പൊതുപ്രവർത്തകരും മാതൃകയാക്കണമെന്നാണ്. സുരേഷ് ഗോപി ഒരു കാര്യം ചെയ്യുമ്പോൾ സിനിമാ ശൈലിയാണെന്ന് വിമർശിച്ചിട്ട് കാര്യമില്ല. സിനിമാ ശൈലിയിൽ ജനങ്ങളുടെ പ്രശ്‌നം പരിഹരിച്ച ഉദാത്തമായ മാതൃകയാണിത്. അതുവിളിച്ചുപറയാൻ ഒരുവിഷമവുമില്ല. സുരേഷ് ഗോപി മാതൃകയാകട്ടെ,', ജയിംസ് വടക്കൻ പറഞ്ഞു. പരാതി പരിഹാരത്തിൽ മാതൃക കാട്ടിയതിന് ജയിംസ് വടക്കൻ സുരേഷ് ഗോപിക്ക് കത്തയയ്ക്കുകയും ചെയ്തു.

വൈശ്യ ബാങ്കിന്റെ കേരള-തമിഴ്‌നാട് റീജിയണൽ തലവനായിരുന്നു പാലാ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റിയായ ജയിംസ് വടക്കൻ. ഇപ്പോൾ വോളന്ററി റിട്ടയർമെന്റ് എടുത്ത് പൊതുപ്രവർത്തനം നടത്തുന്നു. നാടിന്റെ നന്മയ്ക്കായി ജയിംസ് വടക്കനും, പാലാ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനും ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നിരവധി കേസുകൾ നൽകി അനുകൂല ഉത്തരവൂകൾ സമ്പാദിച്ചിട്ടുണ്ട്. സ്ഥിരമായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന വടക്കൻ കോർപ്പറേഷനെ നന്നാക്കിയെടുക്കാൻ നിരവധി നിർദ്ദേശങ്ങൾ സമർപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്.