തൃശൂർ: ബിജെപി പക്ഷത്തു നിന്നും രാഷ്ടീയ പ്രവർത്തനം നടത്തി തുടങ്ങും മുമ്പ് തന്നെ സുരേഷ് ഗോപി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന വ്യക്തിയാണ്. പരിഗണന അർഹിക്കുന്നവർക്ക് സഹായം എത്തിക്കാനാണ് അദ്ദേഹം ശ്രമിക്കാറ്. കലാകാരന്മാർക്ക് വിഷുകൈനീട്ടം നൽകുന്നതിലും ശ്രദ്ധപുലർത്തുന്ന സുരേഷ് ഗോപി വീണ്ടും കൈനീട്ടവുമായെത്തി. തൃശൂരിലെ വാദ്യകലാകാരമാർക്ക് വിഷുക്കൈനീട്ടവും വിഷുക്കോടിയുമായാണ് താരം എത്തിയത്.

ഒരു കോടിയുടെ വിഷുക്കൈനീട്ടമാണ് താൻ നൽകുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് വിഷുക്കോടിയും കൈനീട്ടവും നൽകിയത്. ശേഷം വിവാദങ്ങളോട് പ്രതികരിക്കുകയും ചെയ്തു സുരേഷ് ഗോപി. വിഷുക്കൈനീട്ടം പരിപാടിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടികൾക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാർക്ക് നൽകുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

അതേസമയ കേരളത്തിലെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്നു സുരേഷ് ഗോപി പ്രഖ്യാപിച്ചു. മകളുടെ സ്മരണാർഥമായിരുന്നു സുരേഷ്‌ഗോപി വിഷകൈനീട്ടം പരിപാടി സംഘടിപ്പിച്ചത്. കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ടു തരേണ്ട. ഈ പരിപാടിയിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ല. അതിനു മുൻപേ പലരും കാഹളം മുഴക്കുകയാണ്. എന്തിനാണ് അതെന്നു മനസ്സിലാകുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കൺസോർഷ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമായി സംസാരിച്ചിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാ'യ്ക്ക് വിദേശ പരിപാടികളിൽ നിന്നു കിട്ടുന്ന ലാഭത്തിന്റെ പകുതിയും ഇതിലേക്കു തരാം എന്നും വാഗ്ദാനമുണ്ട്. നിലവിൽ നടക്കുന്ന സിനിമയിൽനിന്നുള്ള വരുമാനത്തിൽനിന്ന് 10 ലക്ഷം കൺസോർഷ്യത്തിന് നൽകും. ഇങ്ങനെ 10 സിനിമകളിൽനിന്നുള്ള തുകയായാണ് ഒരു കോടി നൽകുക- അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരുടെ ആസ്വാദനത്തിനു വേണ്ടി സ്വന്തം കേൾവിശക്തി പോലും നഷ്ടപ്പെടുത്തുന്നവരാണു വാദ്യ, മേള കലാകാരന്മാരെന്നും സുരേഷ് ഗോപി പറഞ്ഞു. മുതിർന്ന കലാകാരന്മാരുടെ കാൽതൊട്ടു വന്ദിച്ചാണു സുരേഷ് ഗോപി കൈനീട്ടം സമ്മാനിച്ചത്. ചില കലാകാരന്മാർ അദ്ദേഹത്തിന്റെയും കാൽതൊട്ടു വന്ദിച്ചു. പെരുവനം കുട്ടന്മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ എന്നിവർ ചേർന്നു സുരേഷ് ഗോപിയെ ഷാൾ അണിയിച്ചു.

പരയ്ക്കാട് തങ്കപ്പൻ മാരാർ, ചെറുശ്ശേരി കുട്ടന്മാരാർ, കക്കാട് രാജപ്പന്മാരാർ, പെരുവനം സതീശൻ മാരാർ, തിച്ചൂർ മോഹനൻ, വെളിത്തിരുത്തി ഉണ്ണി, പെരുവനം ഹരിദാസ്, വെളപ്പായ നന്ദൻ, ഏഷ്യാഡ് ശശി, കൊമ്പത്ത് അനിൽ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, നേതാക്കളായ രവികുമാർ ഉപ്പത്ത്, രഘുനാഥ് സി.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.