തിരുവനന്തപുരം: വേതനവര്‍ധനവ് ആവശ്യപ്പെട്ട് ദിവസങ്ങളായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വീണ്ടുമെത്തി. തിരുവനന്തപുരത്ത് കനത്ത മഴയത്തിരുന്ന് സമരം ചെയ്യേണ്ടി വന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും മഴക്കോട്ടും സുരേഷ് ഗോപി വിതരണം ചെയ്തു.

ആശാവര്‍ക്കര്‍മാര്‍ക്കെതിരെ ഗൂഢശ്രമങ്ങള്‍ ഉണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വയ്ക്കണമെന്നും വിഷയം ഡല്‍ഹിയില്‍ ഉന്നയിക്കുമന്നും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. നേരത്തെ സുരേഷ് ഗോപി സമരവേദി സന്ദര്‍ശിച്ചിരുന്നു. സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരെ നേരില്‍ കണ്ടത്. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഇന്ന് പൊലീസ് അഴിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ നടപടി. ടാര്‍പോളിന്‍ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണര്‍ത്തിയാണ് ടാര്‍പോളിന്‍ അഴിച്ചുമാറ്റിച്ചത്.

അതേസമയം അപ്രതീക്ഷിതമായി എത്തിയ മഴയിലും തെല്ലും തളരാതെ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുകയാമ്. വിവിധ സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുമ്പോഴും കൂടുതല്‍ ആശാവര്‍ക്കര്‍മാര്‍ സമരവേദിയിലേക്ക് എത്തിച്ചേരുകയാണ്.

വേതനവര്‍ധനവ് ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തില്‍ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളില്‍ നിന്നും പിന്തുണ ഏറുകയാണ്. അതിനിടെ ആശവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പുതിയ ഹെല്‍ത്ത് വോളണ്ടിയര്‍മാരെ തേടി എന്‍ എച്ച് എം സ്റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് സ്‌കീമില്‍ പുതിയ വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് മാര്‍ഗനിര്‍ദ്ദേശം. ആശ വര്‍ക്കമാര്‍ സമരം തുടര്‍ന്നാല്‍ ബദല്‍ സംവിധാനം ഒരുക്കണമെന്ന സര്‍ക്കുലറിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ പ്രതികരണം.