തിരുവനന്തപുരം: മീമുകളും ട്രോളുകളും സജീവമായതോടെ സോഷ്യല്‍ മീഡിയയക്ക് ഒരോ കാലത്തും ഒരോ താരങ്ങളുണ്ട്.എതാനും മാസങ്ങളായി ദുബായ് ജോസും അദ്ദേഹത്തിന്റെ മാസ് ഡയലോഗ് അടിച്ചുകേറി വാ യുമായിരുന്നു സോഷ്യല്‍ മീഡിയ ഭരിച്ചിരുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ കഥാപാത്രവും ഡയലോഗും വൈറലായത് പക്ഷെ ഈ 2024 ല്‍ ആയിരുന്നു.നമ്മുടെ വിജയന്‍ ദാസനോട് പറഞ്ഞതുപോലെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.

എന്നാല്‍ ദുബായ് ജോസിന് ഇനി വിശ്രമിക്കാമെന്നാണ് കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയ പറയുന്നത്.കാരണം മറ്റൊരു താരം ജോസിനെ വെല്ലാന്‍ എത്തിയിട്ടുണ്ട്.എല്ലാവരെയും നിഷ്പ്രയാസം കണ്‍വിന്‍സ് ചെയ്യാന്‍ കഴിയുന്ന 'കണ്‍വിന്‍സിങ്ങ് സ്റ്റാര്‍'.ദുബായ് ജോസിനേക്കാളും വലിയ തരംഗത്തിലേക്കാണ് കണ്‍വിന്‍സിങ്ങ് സ്റ്റാറിന്റെ പോക്ക് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.ഇന്‍ട്രോ സീന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി നായകനെ പരിചയപ്പെടുത്താം.സംഭവം മറ്റൊന്നുമല്ല നടന്‍ സുരേഷ് കൃഷ്ണയെയാണ് കണ്‍വിന്‍സിങ്ങ് സ്റ്റാര്‍ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്നത്.

അദ്ദേഹം ചെയ്ത പല കഥാപാത്രങ്ങളെയും മീമായി ഉപയോഗിക്കുന്നതാണ് പുതിയ ട്രന്‍ഡ്.ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇ പുതിയ താരോദയത്തിന് കാരണം.ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയില്‍ ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രത്തെ അറിയാത്ത മലയാളി പ്രേക്ഷകര്‍ കുറവായിരിയിരിക്കും.ഭാര്യയുടെ സഹോദരന്‍ ക്രിസ്റ്റിയെ (മോഹന്‍ലാല്‍) കുഴിയില്‍ കൊണ്ട് ചാടിപ്പിക്കുന്ന കഥാപാത്രമാണ് ജോര്‍ജ്ജ് കുട്ടി.ബാങ്കിലെ ഒരു സാധാരണ ജീവനക്കാരനായ ക്രിസ്റ്റി അധോലോക രാജാവായി മാറുന്നതിന് കാരണക്കാരന്‍ ജോര്‍ജ്ജ് കുട്ടി മാത്രമാണ്.




ആക്രമിക്കാന്‍ വന്നവരെ കൊലപ്പെടുത്തിയ ശേഷം ജോര്‍ജ്ജ് കുട്ടി ഓടിപ്പോകാന്‍ ശ്രമിക്കുമ്പോള്‍ നിഷ്‌കളങ്കനായ ക്രിസ്റ്റി, 'നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ,സ്വയം രക്ഷയ്ക്ക് ചെയതതല്ലേ' എന്ന് പറഞ്ഞ് തടയാന്‍ ശ്രമിക്കുന്നു.തോക്ക് ക്രിസ്റ്റിയുടെ കെകളില്‍ ബലമായി പിടിപ്പിച്ച്,'നീ എന്നാ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്,ഞാന്‍ വക്കീലുമായി വരാം'എന്ന് പറഞ്ഞ് ജോര്‍ജ്ജ് കുട്ടി രക്ഷപ്പെടുകയാണ്.വളരെ സമര്‍ഥമായി ക്രിസ്റ്റിയെ കൊലയ്ക്ക് കൊടുത്ത് സംഭവത്തില്‍ നിന്ന് തടിയൂരുകയാണ് ജോര്‍ജ് കുട്ടി.

ക്രിസ്തൃന്‍ ബ്രദേഴ്‌സിലെ ഈ രംഗം കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആളുകളെ പറഞ്ഞ സമ്മതിപ്പിക്കാന്‍ സുരേഷ് കൃഷ്ണയ്ക്ക് നന്നായി അറിയാമെന്നാണ് ജോര്‍ജ്ജ് കുട്ടിയുടെ കഥാപാത്രത്തിലൂടെ മനസ്സിലാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. ഇതോടെയാണ് സുരേഷ് കൃഷ്ണയ്ക്ക് 'കണ്‍വിന്‍സിങ് സ്റ്റാര്‍' എന്ന പേര് ലഭിച്ചത്.

വൈറലാകുന്ന കണ്‍വിന്‍സിങ്ങ് സ്റ്റാര്‍

കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷം മുമ്പാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിലെ രംഗം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.അടുത്തിടെ വീണ്ടും രംഗം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സുരേഷ് കൃഷ്ണ വൈറലാകുന്നത്.അടുത്ത സുഹൃത്തുക്കള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ തരുന്ന നല്ല ഒന്നാന്തരം പണി ഇങ്ങനെയാണ് എന്നതാണ് ട്രോളിന്റെ സാരാംശം.സ്വന്തം കുറ്റം കൂട്ടുകാരന്റെ തലയില്‍ വച്ചു കെട്ടി സ്ഥലം വിടുന്ന സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യൂ എന്ന രീതിയിലാണ് സിനിമയിലെ ഈ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകുന്നത്.




മേല്‍പ്പറഞ്ഞ ട്രെന്‍ഡ് അവസാനിച്ചെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും സുരേഷ് കൃഷ്ണ എന്ന ചതിയനായ കൂട്ടുകാരന്‍ പുനര്‍ജനിക്കുകയാണ്.കൂട്ടത്തില്‍ നിന്ന് പണി തരുന്ന ചതിയന്‍ കൂട്ടുകാരനെ ഉദ്ദേശിച്ചിട്ടുള്ളതാണ് സുരേഷ് കൃഷ്ണയുടെ ചിത്രങ്ങള്‍ക്കൊപ്പമുള്ള ക്യാപ്ഷനുകള്‍ സൂചിപ്പിക്കുന്നത്. എല്ലാത്തിനും കൂടെയുണ്ടാകും എന്ന വാഗ്ദാനവും, കൃത്യസമയത്ത് മുങ്ങുകയും ചെയ്യുന്ന ഒരു കൂട്ടുകാരന്‍ എല്ലാ ഗ്യാങ്ങിലും കാണും -മെന്‍ഷന്‍ ചെയ്യൂ എന്ന ടാഗ് ലൈനിലാണ് സുരേഷ് കൃഷ്ണയുടെ ചിരിക്കുന്ന മുഖമുള്ള പുതിയ ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുകയും ലക്ഷക്കണക്കിന് ഷെയറുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

സുരേഷ് കൃഷ്ണ അഭിനയിച്ച സിനിമയിലെ അദ്ദേഹത്തിന്റെ ചില രംഗങ്ങള്‍ നമ്മുടെയൊക്കെ യഥാര്‍ഥ ജീവിത മുഹൂര്‍ത്തങ്ങളുമായി കൂട്ടിയിണക്കിയാണ് ട്രോളുകളുടെ ചാകരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.നീ കുപ്പിയെടുക്ക്, ഞാന്‍ ജി പേ ചെയ്യാം, എല്ലാത്തിനും ഞാനുണ്ട് കൂടെ, 'പേടിക്കണ്ട, നീ ഈ പറഞ്ഞ കാര്യം ഞാന്‍ ആരോടും പറയില്ല' എന്നിങ്ങനെയാണ് സുരേഷ് കൃഷ്ണയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനുകള്‍.ഒപ്പം സുരേഷ് കൃഷ്ണ അഭിനയിച്ച പല ചതിയന്‍ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും ഇന്റര്‍നെറ്റ് ലോകം ഇപ്പോള്‍ ഭരിക്കുകയാണ്.

ദുബായ് ജോസ് ഒരൊറ്റ കഥാപാത്രമായതിനാല്‍ തന്നെ വറൈറ്റി സാധ്യത കുറവായിരുന്നുവെന്നും എന്നാല്‍ സുരേഷ് കൃഷ്ണ സമാനരീതിയിലുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍ വറൈറ്റിക്ക് ഒരു ക്ഷാമവും ഉണ്ടാകില്ലെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു.അതുപോലെ നടികര്‍ എന്ന ചിത്രത്തില്‍ താരം ചെയ്ത വേഷവും അതിലെ ആന്റണി പെരുമ്പാവൂരിന്റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഞാനൊരു ചായ കുടിക്കാന്‍ പോയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആരായിരുന്നേനെ എന്നാണ് ആ കാഥാപാത്രം പറയുന്നത്.ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.വറൈറ്റികള്‍ ഒരുപാടുള്ളതിനാല്‍ കണ്‍വിന്‍സിങ്ങ് സ്റ്റാര്‍ കുറച്ചധികം കാലം സോഷ്യല്‍ മീഡിയ ഭരിക്കുമെന്നാണ് പൊതു അഭിപ്രായം.

നിങ്ങള്‍ ലൈക്കടിച്ചിരി ഞാനിപ്പൊ വരാമെന്ന് സുരേഷ് കൃഷ്ണ..ഒകെ ഐ ആം കണ്‍വിന്‍സ്ഡെന്ന് ബേസിലും

സിനിമകളില്‍ സുരേഷ് കൃഷ്ണ ചെയ്ത കഥാപാത്രങ്ങളെ വെച്ച് ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് അദ്ദേഹം ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തിയത്.ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നാലെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ.സിനിമയിലെ 'കണ്‍വിന്‍സിങ്' ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 'നിങ്ങള്‍ ലൈക്ക് അടിച്ചിരി, ഞാന്‍ ഇപ്പൊ വരാം' എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിന് മറുപടിയായി 'ഒകെ ഞാന്‍ കണ്‍വിന്‍സിങ് ആയി!'എന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇ പോസ്റ്റും ബേസിലിന്റെ മറുപടിയും ഇതേ രീതിയില്‍ വൈറലായിരിക്കുകയാണ്.പിന്നാലെ ട്രോളുകളില്‍ പ്രതികരണവുമായി നടന്‍ രംഗത്തെത്തി.ട്രോളുകളോട് ഒരുതരത്തിലുമുള്ള വിരോധ മനോഭാവവും തനിക്കില്ലെന്ന് നടന്‍ സുരേഷ് കൃഷ്ണ വ്യക്തമാക്കി ഞാന്‍ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണമാകുന്നത്.ഒരിക്കലും അതൊരു പരസ്യമായ കളിയാക്കല്‍ ആണെന്ന് കരുതുന്നില്ല.തന്നെ ഇതുവരെയും ഒരു ട്രോളിലൂടെയും ബോഡി ഷേമിങ് നടത്തിയിട്ടില്ല.അതുകൊണ്ടുതന്നെ ട്രോളുകള്‍ക്ക് സ്വാഗതം പറയുന്നുവെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.




സോഷ്യല്‍ മീഡിയയില്‍ അധികം ആക്ടീവായ ഒരാള്‍ അല്ല താന്‍. കഴിഞ്ഞ ദിവസം മുതലാണ് സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഫോണില്‍ ഓരോരോ ലിങ്കുകള്‍ അയച്ച് തരുന്നത്.ആ രീതിയില്‍ കണ്ട എല്ലാ ട്രോളുകളും ആസ്വദിക്കുകയും അതിലെ തമാശ ഉള്‍ക്കൊണ്ട് ചിരിക്കുകയും ചെയ്തു.ഒരു ചിത്രത്തിലെ ഞാന്‍ അഭിനയിച്ച രംഗം കുറച്ചധികം വിദേശികളെ കൂടെ ഗ്രാഫിക്‌സില്‍ ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത് ചേര്‍ത്തൊരു ട്രോള്‍ നന്നായി ആസ്വദിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഷൂട്ടിങ്.പകല്‍ ഉറക്കത്തില്‍ ആകും.എണീറ്റപ്പോള്‍ മുതല്‍ വാട്‌സ്ആപ്പില്‍ ലിങ്കുകളുടെ പെരുമഴയാണ്.ഇപ്പോള്‍ പല മിമിക്രിക്കാരും താരങ്ങളെ അനുകരിക്കാറില്ലേ. അതൊക്കെ കാണുമ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് സന്തോഷമാണ് തോന്നുന്നത്.ആ ഒരു സന്തോഷം തന്നെയാണ് ട്രോളുകളോടും.ഒരുപക്ഷേ ഇതൊരു അംഗീകാരമായി താന്‍ കരുതുന്നുവെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.

സോഷ്യല്‍ മീഡിയ കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന് പേരിട്ട് വിളിക്കുന്നുണ്ടെങ്കില്‍ അതൊരു അംഗീകാരമല്ലേ. അതായത് തന്നെ ഏത് വേഷത്തില്‍ പരിഗണിച്ചാലും ആ കഥാപാത്രം തികച്ചും കണ്‍വിന്‍സിങ് ആയിരിക്കും എന്നുള്ളതാണ് അതിന്റെ അര്‍ഥം. അതായത് എന്റെ ക്രൂരന്‍ വില്ലന്‍ വേഷവും ചതിയന്‍ വേഷവും നല്ല വേഷവും സംവിധായകനും നിര്‍മാതാവിനും പ്രേക്ഷകര്‍ക്കും കണ്‍വിന്‍സിങ് ആണ്. ആ ഒരു ആംഗിളില്‍ കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന സോഷ്യല്‍ മീഡിയ വിശേഷണത്തെ ഉള്‍ക്കൊള്ളാനാണ് തനിക്ക് ആഗ്രഹം.

ഇത് കണ്ടാസ്വദിക്കുന്നത് ഞാന്‍ മാത്രമല്ല. എന്റെ വീട്ടില്‍ ഭാര്യയും മക്കളും ഓരോ ട്രോളും കണ്ടു ചിരിക്കുകയും തന്നോട് പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.ഈയൊരു ട്രെന്‍ഡിന് തുടക്കമിടാന്‍ ബുദ്ധി തോന്നിച്ച ആദ്യ വ്യക്തിക്ക് അഭിനന്ദനങ്ങളെന്നും ഒരു മാധ്യമത്തോട് നടന്‍ പറഞ്ഞു.

ഈ കാര്യം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് നടന്‍ പുതുയതായി അഭിനയിക്കുന്ന മരണമാസ് എന്ന ചിത്രത്തിനാണ്.ഈ താരപദവി ആഘോഷിക്കുകയാണ് 'മരണമാസ്' സിനിമാ ടീം.ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും മരണമാസ് ടീം പങ്കുവെച്ചു.സുരേഷ് കൃഷ്ണയും സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ശിവപ്രസാദ്, അഭിനേതാക്കളായ രാജേഷ് മാധവന്‍, സിജു സണ്ണി എന്നിവരാണ് ഈ വീഡിയോലുള്ളത്.കണ്‍വിന്‍സിങ് സ്റ്റാര്‍ പൂര്‍ണമായും കണ്‍ഫൂസ്ഡ് ആന്റ് കണ്‍വിന്‍സ്ഡ് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്ത് തടിതപ്പുന്നതാണ് വീഡിയോലുള്ളത്.നിരവധി പേരാണ് ഈ വിഡിയോയും ഇതിനോടകം ഏറ്റെടുത്തത്.