തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും തഴയപ്പെടുന്ന നേതാക്കളുടെ കൂട്ടത്തിലാണ് മുതിര്‍ന്ന നേതാവ് സുരേഷ് കുറുപ്പ്. പാര്‍ട്ടി തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതന്റെ അമര്‍ഷത്തിലാണ് അദ്ദേഹം. ഇതോടെ ചില കാര്യങ്ങളില്‍ എങ്കിലും തുറന്നു പറച്ചിലുകള്‍ക്ക് അദ്ദേഹം തയ്യാറെടുക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്തെ കുറിച്ചു വെളിപ്പെടുത്തി കൊണ്ടാണ് സുരേഷ് കുറുപ്പ് രംഗത്തെത്തിയത്.

ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത കോട്ടയത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് തന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എടുത്തതായിരുന്നു എന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്. ഇത് പോലീസ് തൊണ്ടി മുതലായി രേഖപ്പെടുത്തിയ വസ്തുവായിരുന്നു. കേരളാ കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയത്.

ടി.പിയുമായി ഉറ്റ സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വെളിപപെടുത്തി. മകന്റെ വിവാഹത്തിന് ടി.പിയെ ക്ഷണിച്ചിരുന്നു എന്നാണ് കുറുപ്പ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

കോഴിക്കോട് എം.എല്‍.എയായിരുന്ന പ്രദീപ് കുമാറിന്റെ വീട്ടില്‍വച്ച് ഫോണില്‍ വിളിക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ഒരുപാട് തമാശകള്‍ പറഞ്ഞു ചിരിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുമോയെന്ന് ഞാന്‍ ചോദിച്ചു. വരുമെന്നായിരുന്നു സ്‌നേഹപൂര്‍വമുള്ള മറുപടി.പിന്നെ ഒരു ദിവസം രാവിലെ പത്രം എടുത്തു നോക്കുമ്പോള്‍ ഈ കൊലപാതക വാര്‍ത്തയാണ് കണ്ടത്. ഞാന്‍ തളര്‍ന്നിരുന്നു പോയി. അന്ന് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് പല കാരണങ്ങളാല്‍ പോകാനായില്ല.

ചന്ദ്രശേഖരനുമായി അടുപ്പമുള്ള താനും എസ്.ശര്‍മയുമൊന്നും തിരിഞ്ഞു നോക്കിയില്ലെന്ന് കെ.കെ.രമ എവിടെയോ പ്രതികരിച്ചതായി അറിഞ്ഞു.സി.പി.ജോണിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിന്നീട് ഞാന്‍ കുടുംബസമേതം തിരുവനന്തപുരത്ത് വന്നു. എഴുത്തുകാരനായ എസ്.ഗോപാലകൃഷ്ണനുമായി ഞാന്‍ സംസാരിക്കുന്നതിനിടെ രമ അവിടെ ഒരുഭാഗത്ത് സൈമണ്‍ ബ്രിട്ടോയോട് സംസാരിച്ചു നില്‍ക്കുന്നുവെന്നും അച്ഛന്‍ പോയി കാണുന്നില്ലേയെന്നും മകന്‍ ചോദിച്ചു. ഉടന്‍ ഭാര്യയെയും മക്കളെയും കൂട്ടി ഞാന്‍ രമയുടെ അടുത്തു ചെന്നു. രമയെ കണ്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി'- കുറുപ്പ് പറഞ്ഞു.

ചന്ദ്രശേഖരന്റെ കൊലയില്‍ അത്രമാത്രം ഹൃദയവേദന അന്നും ഇന്നും ഉണ്ടെന്നു സുരേഷ് കുറുപ്പ് പറയുന്നു. തന്റെ മകന്റെ വിവാഹത്തിനു വരാന്‍ തീരുമാനിച്ചാണ് അവന്‍ ടിക്കറ്റെടുത്തത്. കൊല്ലപ്പെട്ടപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കണ്ട ആ ട്രെയിന്‍ ടിക്കറ്റ് പൊലീസ് തൊണ്ടിയായി രേഖപ്പെടുത്തിയിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ ദു:ഖമടക്കാനാവില്ലെന്നും കുറുപ്പ് പറഞ്ഞു.

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു കാട്ടി സുരേഷ് കുറുപ്പ് ജില്ലാ നേതൃത്വത്തിനു കത്തു നല്‍കിയതു 2022ല്‍ ആണ്. സീനിയര്‍ അംഗമായ തന്നെ നിരന്തരം തഴയുന്നതിലുള്ള വിഷമമായിരുന്നു കത്തിനു പിന്നില്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായി പറഞ്ഞിരുന്നുമില്ല. ഈ കത്ത് ആയുധമാക്കി ഇത്തവണ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. മന്ത്രി വിഎന്‍ വാസവനാണ് ഇതിന് പിന്നിലെന്ന വാദവും സജീവമാണ്.

കോട്ടയത്തെ സിപിഎമ്മിനെ ഇപ്പോള്‍ നയിക്കുന്നത് വാസവനാണ്. വാസവന്‍ കോട്ടയത്തെ പ്രധാനിയായതിന് ശേഷമാണ് എല്ലാ അര്‍ത്ഥത്തിലും സുരേഷ് കുറുപ്പ് അവഗണിക്കപ്പെട്ടത്. സുരേഷ് കുറുപ്പിനുള്ള ജനകീയ പരിവേഷമായിരുന്നു ഇതിനെല്ലാം കാരണം. അതുകൊണ്ട് തന്നെ സുരേഷ് കുറുപ്പിനെ ഒഴിവാക്കുന്നതും ഒരു വെട്ടിനിരത്തലാണ്. എന്നാല്‍ സംഭവിച്ചത് എന്തെന്ന് ഇപ്പോള്‍ പറയുകയാണ് സുരേഷ് കുറുപ്പ്. പാര്‍ട്ടിയില്‍ നിനനും അവഗണനയുണ്ടായി എന്ന് പറയാതെ പറയുകയാണ് കോട്ടയത്തിന്റെ മുന്‍ എംപി.

തന്നെക്കാള്‍ വളരെ ജൂനിയറായവരെ പാര്‍ട്ടിയുടെ ഉപരിഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് കോട്ടയം ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടതെന്നും സിപിഎം നേതാവ് കെ.സുരേഷ് കുറുപ്പ്. എന്തുകൊണ്ടാണു സംസ്ഥാനകമ്മിറ്റി പോലുള്ള ഘടകങ്ങളില്‍ തന്നെ പരിഗണിക്കാതിരുന്നത് എന്നറിയില്ല. എന്തെങ്കിലും അയോഗ്യത തനിക്കുണ്ടാകും. ആ സാഹചര്യത്തില്‍ നിലവിലുള്ള ഘടകത്തില്‍നിന്നുകൂടി മാറുക എന്ന വഴിയേ തനിക്കു മുന്നില്‍ ഉണ്ടായിരുന്നുള്ളൂവെന്നാണ് സുരേഷ് കുറുപ്പിന്റെ പരസ്യ നിലപാട് പ്രഖ്യാപിക്കല്‍. മന്ത്രിയോ സ്പീക്കറോ ആകാന്‍ ആഗ്രഹിച്ചിട്ടില്ല. എല്ലാവര്‍ക്കും ആ പദവികളിലേക്കു വരാന്‍ കഴിയില്ല.

പല പരിഗണനകളുടെ അടിസ്ഥാനത്തിലാണു പാര്‍ട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ്. എന്നാല്‍ വിഎസ് എടുത്ത നിലപാടുകളോടു യോജിപ്പുണ്ടായിരുന്നു. വിഎസ് വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കാനൊന്നും താല്‍പര്യപ്പെട്ടിരുന്നില്ല. നല്ല മുണ്ടും ഷര്‍ട്ടും ധരിക്കുന്നതു തന്റെ വ്യക്തിപരമായ ശൈലിയാണ്. പൊതുപ്രവര്‍ത്തകര്‍ക്കു വൃത്തിയും വെടിപ്പും വേണമെന്നാണു തന്റെ നിലപാട്. 'സുഖിമാന്‍' ആണെന്ന വിമര്‍ശനം താനിരിക്കുന്ന കമ്മിറ്റിയില്‍ ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി നേതൃത്വവും ആ അഭിപ്രായം ഉന്നയിച്ചിട്ടില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നതാണു തന്റെ രീതി. പാര്‍ട്ടിയുടെ സാധാരണ അംഗമായി ഇനി തുടരും. രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.

സമാനതകളില്ലാത്ത രാഷ്ട്രീയ യാത്രയായിരുന്നു സുരേഷ് കുറുപ്പിന്റേത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തി. പല സ്ഥാനങ്ങള്‍ വഹിച്ചു. 35 വര്‍ഷമായി സി.പി.എം ജില്ലാ കമ്മിറ്റിയിലുണ്ട്. ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തപ്പോള്‍ 1993ല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നു വിട്ടു നിന്നു. രണ്ടാം തവണ കോട്ടയത്തു നിന്ന് എം.പിയായതോടെ 98ല്‍ വീണ്ടും ജില്ലാ കമ്മിറ്റിയിലെത്തി. നാലു തവണ കോട്ടയം എം.പിയും രണ്ടു തവണ ഏറ്റുമാനൂര്‍ എം.എല്‍.എയുമായിരുന്നു സുരേഷ് കുറുപ്പ്. 35 വര്‍ഷം ജില്ലാ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടും സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ എത്താത്ത അപൂര്‍വ്വം നേതാവാണ് സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദനോടായിരുന്നു താല്‍പ്പര്യം. ഈ താല്‍പ്പര്യമാണ് പിണറായി വിജയനിലേക്ക് പാര്‍ട്ടി എത്തിയപ്പോള്‍ സുരേഷ് കുറുപ്പ് തഴയാന്‍ കാരണം. തന്ത്രപരമായാണ് ഇപ്പോള്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് കൂടി സുരേഷ് കുറുപ്പിനെ പുറത്താക്കുന്നത്. ഇനി സുരേഷ് കുറുപ്പിന് ഒരു സുപ്രധാന പദവികളും നല്‍കില്ലെന്നാണ് സിപിഎമ്മില്‍ നിന്നും ലഭിക്കുന്ന സൂചന.