- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന സൗഖ്യത്തിന് ഊന്നല്‍ നല്കുന്ന മേയറെ ആദരിക്കാനും സ്നേഹിക്കാനുമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി; വീണ്ടും തൃശൂരില്‍ കേന്ദ്രമന്ത്രി-മേയര്‍ നയതന്ത്രം
തൃശൂര്‍: വീണ്ടും സുരേഷ് ഗോപി-തൃശൂര്‍ മേയര്‍ നയതന്ത്രം. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയില്‍ താനടക്കമുള്ള തൃശൂരുകാര്‍ക്കു വലിയ പ്രതീക്ഷയാണുള്ളതെന്നു മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞത് വീണ്ടും ചര്‍ച്ചകളില്‍. കോര്‍പറേഷന്റെ 53-ാം ഡിവിഷന് അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം റോഡിലുള്ള അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ഉദ്ഘാടനത്തിലായിരുന്നു മേയറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പരസ്പരം പുകഴ്ത്തിയത്.
പഞ്ചായത്തും കോര്‍പറേഷനും ചെയ്യേണ്ട തെരുവു ലൈറ്റ് സ്ഥാപിക്കുക, അങ്കണവാടികള്‍ നിര്‍മിക്കുക തുടങ്ങിയ പണികളാണു എംപിമാര്‍ ചെയ്യുന്നത്. കേരളത്തിനു യോജിച്ച തരത്തിലും തൃശൂരിന്റെ വികസനത്തിനും വേണ്ടിയുള്ള വലിയ പദ്ധതികള്‍ കൊണ്ടുവരണം. തൃശൂരിനു മാറ്റമുണ്ടാകണം. വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും അതിന്റെ തെളിവായി ഓരോ പ്രവര്‍ത്തനവും മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും മേയര്‍ പറഞ്ഞു.
കോര്‍പറേഷന്റെ ഉപഹാരമായി നെറ്റിപ്പട്ടത്തിന്റെ ചെറുമാതൃക മേയര്‍ സുരേഷ് ഗോപിക്കു സമ്മാനിച്ചു. മേയറുടെ രാഷ്ട്രീയം പൂര്‍ണമായും വ്യത്യസ്തമാണെന്നും അതിനെ താന്‍ ബഹുമാനിക്കുന്നെന്നും സുരേഷ് ഗോപി മറുപടിയായി പറഞ്ഞു. ന്യായമായ കാര്യങ്ങള്‍ നടപ്പാക്കി, ജനങ്ങളുടെ സൗഖ്യത്തിന് ഊന്നല്‍ നല്കുന്ന മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു ഞാന്‍ ചെയ്യും. എതിരായി നില്‍ക്കുന്നവരെ നിങ്ങള്‍ക്കറിയാമെന്നും അവരെ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ശാരീരികമായിട്ടല്ല, അവരെ നിലയ്ക്കു നിര്‍ത്താന്‍ നിങ്ങള്ക്കവകാശമുണ്ടെന്നും വിരല്‍ നിശ്ചയിക്കുന്നത് പാഠം പഠിപ്പിക്കാന്‍ കൂടിയാകണമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ മേയര്‍ വികസന പദ്ധതികളെക്കുറിച്ചു താനുമായി ചര്‍ച്ച ചെയ്തിരുന്നെന്നും അവ പൂര്‍ത്തിയാക്കാനുള്ള പരിശ്രമം തുടരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണു കോര്‍പറേഷന്റെ 53-ാം ഡിവിഷന് അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം റോഡിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം വെല്‍നസ് സെന്ററായി ഉയര്‍ത്തിയത്.