- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷപെട്ടത് ലൈഫ് ജാക്കറ്റിട്ടതുകൊണ്ട് മാത്രം; കുട്ടികളായിരുന്നു ബോട്ടിൽ അധികവും; യാത്രയ്ക്കിടയിൽ ബോട്ടിൽ നിന്നും പതിവില്ലാത്തവിധം പുക ഉയർന്നിരുന്നു; നിലയില്ലാതെ താഴേക്ക് പോയി; വെള്ളത്തിലേക്ക് വീണവരുടെ മേലേയ്ക്കാണ് ബോട്ട് മറിഞ്ഞത്; ബോട്ടപകടത്തിൽ നിന്ന് രക്ഷപെട്ട രാജിസ പറയുന്നു
താനൂർ: താനൂരിൽ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതിനിടെ ഭാഗ്യം കൊണ്ട് മാത്രം ജീവിതം തിരികെ കിട്ടിയവരുമുണ്ട്. ജീവൻ തിരികെ ലഭിച്ചത് ലൈഫ് ജാക്കറ്റ് ധരിച്ചതിനാൽ മാത്രമാണെന്ന് താനൂരിൽ പൂരപ്പുഴയിൽ ബോട്ടപകടത്തിൽ നിന്ന് രക്ഷപെട്ട രാജിസയും കുടുംബവും പറയുന്നത്. രക്ഷപെട്ടിട്ടും അപകടമുണ്ടാക്കിയ ആഘാതം രാജിസയെയും ഭർത്താവ് ഷിബിയെയും കുഞ്ഞുമകളെയും വിട്ടുമാറിയിട്ടില്ല. കൺമുമ്പിൽ കുഞ്ഞുങ്ങൾ മുങ്ങി മരിക്കുന്ന കാഴ്‌ച്ച കണ്ട് തേങ്ങിക്കരയുകയാണ് ഭർത്താവ് ഷിബിയും.
അപകടത്തെ കുറിച്ച് താനൂർ സ്വദേശിയായ രാജിസ പറയുന്നതിങ്ങനെ... 'ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഞങ്ങൾ ബോട്ടിലേക്ക് കയറുമ്പോൾ പിഞ്ച് കുഞ്ഞുങ്ങളടക്കമുള്ള മൂന്ന് കുടുംബങ്ങൾ ബോട്ടിലുണ്ടായിരുന്നു. അതിൽ ഒരു കുഞ്ഞ് വിശന്നിട്ട് കരയുകയായിരുന്നു. വെള്ളമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ വെള്ളം കൊടുത്തു. മൂന്ന് ജാക്കറ്റെടുത്തു കൊണ്ട് വന്നപ്പോൾ ഒന്ന് വലുതാണെന്ന് പറഞ്ഞപ്പോൾ ഏട്ടൻ (ഭർത്താവ് ഷിബി) ഇട്ടു.
മുകളിലെ തട്ടിൽ നിന്നിരുന്ന നാല് കുട്ടികൾക്ക് കൂടി ഏട്ടൻ ജാക്കറ്റ് കൊണ്ട് കൊടുത്തു. ബോട്ട് നീങ്ങി കുറച്ച് കഴിഞ്ഞപ്പോൾ വളച്ചു. വളച്ചപ്പോൾ എന്താണ് പറ്റിയതെന്ന് മനസിലായില്ല. എല്ലാവരും കൂടി ഒരു സൈഡിലേക്ക് പോയി. ഉലച്ചിലിൽ എല്ലാവരും തെറിച്ച് പോയി. കുഞ്ഞ് വീഴുന്നതിനും മുൻപേ വീണത് ഞാനാണ്. നിലയില്ലാതെ താഴേക്ക് പോയി. വെള്ളത്തിലേക്ക് വീണവരുടെ മേലേയ്ക്കാണ് ബോട്ട് മറിഞ്ഞത്.
കുട്ടികളായിരുന്നു ബോട്ടിൽ അധികവും. വീഴ്ചയിൽ നിന്ന് കാല് കൊണ്ട് തുഴഞ്ഞ് മുകളിലേക്ക് വന്നപ്പോൾ ബോട്ടിലെവിടെയോ തട്ടി കഴുത്തിന് ചതവുണ്ടായിട്ടുണ്ട്. യാത്രയ്ക്കിടയിൽ ബോട്ടിൽ നിന്നും പതിവില്ലാത്തവിധം പുക ഉയർന്നിരുന്നു. ലൈഫ് ജാക്കറ്റിട്ടതുകൊണ്ട് മാത്രമാണ് രക്ഷപെട്ടത്.' രാജിസ പറഞ്ഞു.
അതേസമയം ഉല്ലാസ യാത്രക്കിടെ താനൂർ കെട്ടുങ്ങൽ അഴിയിൽ ബോട്ട് മറിഞ്ഞ് പുഴയിൽ പൊലിഞ 11 പേരുൾപ്പടെ രണ്ടു കുടുംബങ്ങൾ ഒന്നിച്ച് കഴിയുന്ന വീട് കണ്ണീർക്കടലണ്. മക്കൾ വളർന്ന് വലുതായതോടെ കുന്നുമ്മൽ വീട്ടിലെ ഗൃഹനാഥന്മാരായ സെയ്തലവിയുടെയും സിറാജിന്റെയും അന്തിയുറക്കം തൊട്ടടുത്തുള്ള പിതൃ സഹോദരി പുത്രി നഫീസയുടെ വീട്ടിലായിരുന്നു.
ഇല്ലായ്മയുടെ ഒറ്റമുറിയിൽ ഒറ്റ പായ വിരിച്ച് കിടന്നുറങ്ങാൻ ശീലിച്ച സെയ്തലവിയുടെ ഭാര്യ സീനത്തും സഹോദരൻ സിറാജിന്റെ ഭാര്യ റസീനയും മക്കളായ ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ അസ്‌ന, ഷംന, സഹോദരികളായ ഷഫ് ല ഷറിൻ, ഫിദ ദിൽദന, സിറാജിന്റെ ഭാര്യ റസീന, യഥാക്രമം മൂന്ന്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന ദഹറ, റുഷ്ദ, കൈ കുഞ്ഞ് ഫാത്തിമ നയിറ എന്നിവർ ഇനിയും പുത്തൻ കടപ്പുറത്ത് മഹല്ല് കമ്മറ്റി ഒരുക്കിയ ഖബറിൽ തൊട്ടടുത്തായി അന്തിയറങ്ങും. അപ്പോഴും വിധിയുടെ നിയോഗമായി പിതാക്കന്മാരായ സെയ്തലവിയും സിറാജും നിറഞ്ഞൊഴുകുന്ന പ്രാർത്ഥനാ ഹൃദയത്തോടെ കാലു പുറത്ത് നിർത്തിയിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ