തിരുവനന്തപുരം : ഗൂണ്ടാ ബന്ധമടക്കം ക്രിമിനൽ പ്രവൃത്തികളിൽ പങ്കാളിത്തമുള്ള പൊലീസുകാർക്കെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ സസ്‌പെൻഷനിലായ എഎസ്ഐ വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ ദിവസം സസ്‌പെൻഷൻ നടപടി നേരിടേണ്ടി വന്ന മംഗലപുരം എഎസ്ഐ ജയനാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദിന് നേരെ വധഭീഷണി മുഴക്കിയത്.

സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയത്. ഭീഷണിക്ക് പുറമെ അസഭ്യ വർഷവും നടത്തി.സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിലെ 31 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എസ്.എച്ച്.ഒ സജേഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ബാക്കിയുള്ളവരെ സ്ഥലം മാറ്റി. ഇന്നലെ രാത്രിയാണ് കൂട്ടനടപടിയുണ്ടായത്.

കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷൻ പരിധിയിൽ പൊലീസുകാർക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മംഗലപുരം പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വീപ്പർ ഒഴികയെല്ലാവരേയും സ്ഥലം മാറ്റി ഉത്തരവിട്ടത്. സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ ഗോപകുമാർ, അനൂപ് കുമാർ, ഗ്രേഡ് എഎസ്ഐ. ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധികുമാർ, കുമാർ എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ സസ്പെൻഡ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ മണ്ണ് മാഫിയകളുമായും ഗുണ്ടകളുമായും അനധികൃതമായി ബന്ധം സ്ഥാപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കഴിഞ്ഞ ദിവസം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം അക്രമികൾ ആദ്യം കടന്നുകളഞ്ഞു. പ്രതികളെ പിടിക്കാനെത്തിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. രക്ഷപ്പെട്ട പ്രതികൾ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരൻ ശ്രീകുമാരൻ നായരെ ആക്രമിക്കുകയും കിണറ്റിലിടുകയും ചെയ്തു. എന്നാൽ, പ്രതികളെ വേഗം പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ഒരാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മറ്റൊരാളെ പിന്നീട് പിടികൂടി.

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് റൂറൽ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടും വേണ്ടവിധത്തിലുള്ള ഇടപെടൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്റ്റേഷൻ പരിധിയിലെ സ്ഥിരം ക്രിമിനലുകൾക്കെതിരേ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികളും സ്വീകരിച്ചില്ല.