- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിൽ തുല്യമായ സാമൂഹ്യനീതി കൈവന്നിട്ടില്ല; സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നു; പ്രധാന ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തിൽ ബ്രാഹ്മണർക്ക് മാത്രം മുൻഗണന നൽകുന്നു; ദൈവദശകം നമ്മുടെ രാജ്യത്തിന്റെ പ്രാർത്ഥനാ ഗാനമായി അംഗീകരിക്കണം; വിമർശനവുമായി സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: ച്തയദിനത്തിൽ വിമർശനങ്ങളുമായി ് ശ്രീനാരായണ ഗുരു ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരളത്തിൽ തുല്യമായ സാമൂഹ്യനീതി കൈവന്നിട്ടില്ലെന്ന് സ്വാമി സച്ചിദാനന്ദ വിമർശിച്ചു. സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ വേദിയിലിരിക്കെയായിരുന്നു വിമർശനം.
ദൈവദശകം പ്രാർത്ഥനാഗീതമായി അംഗീകരിക്കണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. 'സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയായി തന്നെ ഇപ്പോഴും നിൽക്കുകയാണ്. ദൈവദശകം നമ്മുടെ രാജ്യത്തിന്റെ പ്രാർത്ഥനാ ഗാനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ശിവഗിരിയിലെ സന്യാസിമാർ കേരളത്തിലെ കഴിഞ്ഞുപോയതടക്കമുള്ള മന്ത്രിസഭകൾക്കൊക്കെ ഒരു നിവേദനം കൊടുത്തിരുന്നു.'- അദ്ദേഹം പറഞ്ഞു.
പ്രധാന ക്ഷേത്രങ്ങളിലെ ശാന്തിനിയമനത്തിൽ ബ്രാഹ്മണർക്ക് മാത്രം മുൻഗണന നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു. ശബരിമല, ഗുരുവായൂർ തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ പൂജാരിമാരെയും ശാന്തിമാരെയും നിയമിക്കുമ്പോൾ, അപേക്ഷയിൽ അവർ ബ്രാഹ്ണ സമുദായത്തിൽപ്പെട്ടവരായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്ന ഒരു കോളം തന്നെയുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
അതിൽ നിന്നുതന്നെ വ്യക്തമാണ് സാമൂഹിക നീതി അകലെയാണെന്ന്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ മാത്രമല്ല, ക്ഷേത്ര ഭരണത്തിലും അധഃസ്ഥിത വിഭാഗത്തിന് പങ്കാളിത്തം വേണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. വർക്കല ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി റിയാസിന്റെ ഉദ്ഘാടനപ്രസംഗത്തിന് ശേഷമായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമർശനം.
കേരളത്തിലെ സെക്രട്ടേറിയറ്റിനെക്കുറിച്ച് ഗുരു നിത്യചൈതന്യ യതി പറഞ്ഞു തമ്പുരാൻ കോട്ടയാണെന്ന്. ആ തമ്പുരാൻ കോട്ടയ്ക്ക് ഇന്നും കാര്യമായ വിള്ളലൊന്നും വന്നിട്ടില്ല. അതു തമ്പുരാൻ കോട്ടയായി ഇപ്പോഴും നിൽക്കുകയാണ്. കേരളത്തിൽ കഴിഞ്ഞുപോയ മന്ത്രിസഭകൾ, അത് ഇകെ നായനാരുടേയും കെ കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും അച്യുതാനന്ദന്റേയുമൊക്കെ വന്ന് ഇപ്പോഴത്തെ മന്ത്രിസഭയിൽ നിൽക്കുകയാണ്. ദൈവദശകം പ്രാർത്ഥനാഗാനമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരിയിലെ സന്യാസിമാർ ഈ മന്ത്രിസഭകൾക്കെല്ലാം നിവേദനം നൽകിയതാണെന്നും സച്ചിദാനന്ദ പറഞ്ഞു.
കേരളത്തിൽ ഇടതു-വലതു സർക്കാരുകൾ മാറി മാറി വന്നെങ്കിലും സംസ്ഥാനത്ത് സാമൂഹിക നീതി എന്ന യാഥാർത്ഥ്യം ഇതുവരെയും നടപ്പിലായില്ല. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച സാമൂഹിക മുന്നേറ്റവും നവോത്ഥാനവും അദ്ദേഹത്തിന്റെ അന്ത്യത്തോടെ അവസാനിച്ചു. അതിൽ നിന്നും മുന്നേറ്റമുണ്ടാക്കാൻ പിന്നീട് സാധിച്ചിട്ടില്ലെന്നും സച്ചിദാനന്ദ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയി, അടൂർ പ്രകാശ് എംപി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 169-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ശിവഗിരിയിൽ വിപുലമായി ആഘോഷിക്കുകയാണ്.




