- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസേന രാവിലെ സീബ്രാ ക്രോസിങ് വഴി റോഡ് മുറിച്ചു കടന്ന് സ്കൂളിന്റെ ഗ്ലാസ്സ് ജനാലയിൽ തന്റെ തന്നെ പ്രതിബിംബം നോക്കി വൈകുന്നേരം തിരിച്ചു പോകുന്ന അരയന്നം; ഇംഗ്ലണ്ടിലെ ടൽഫോഡിലുള്ള അരയന്നം അദ്ഭുത പ്രതിഭാസമാകുമ്പോൾ
ലണ്ടൻ: എന്തിനും ഏതിനും ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശദീകരണം തേടുന്നവർ വർദ്ധിച്ചു വരുന്ന ഇക്കാലത്തും, നമുക്ക് വിശദീകരിക്കാൻ കഴിയാത്ത പല പ്രതിഭാസങ്ങളും നമുക്ക് ചുറ്റുമായി കാണാൻ കഴിയും. അത്തരത്തിലൊന്നാണ് ഷ്രോപ്ഷയർ പട്ടണത്തിലെ സ്‌കൂളിൽ ദിവസേനയെത്തി, സ്‌കൂളിലെ ജനലിൽ തന്റെ പ്രതിബിംബം നോക്കി ആസ്വദിച്ച് തിരിച്ചു പോകുന്ന ഒരു അരയന്നം. പട്ടണത്തിലെ ടെൽഫോർഡ് പാർക്ക് സ്‌കൂളിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ദിവസേന നടക്കുന്ന ഒരു പ്രതിഭസമാണിത്.
പ്രദേശത്തെ ഒരു വന്യജീവി സംരക്ഷണ സംഘടനയുമായി ബന്ധപ്പെട്ട സ്‌കൂൾ ജീവനക്കാർക്ക് ലഭിച്ച മറുപടി, ആ അരയന്നം മിക്കവാറും ഇണയെ നഷ്ടപ്പെട്ട ഒന്നായിരിക്കാം എന്നാണ്. ഒരുപക്ഷെ കണ്ണാടിയിൽ കാണുന്ന പ്രതിബിംബം അതിനെ തന്റെ ഇണയെ ഓർമ്മിപ്പിക്കുന്നുണ്ടാകാം എന്നും അവർ പറയുന്നു. എന്നാൽ, തികച്ചും വ്യത്യസ്തമായ മറ്റൊരു സിദ്ധാന്തവുമായും ഒരാളെത്തുന്നുണ്ട്.
വേഴ്സ്റ്റർഷയറിലെ വിക്ക്‌ബോൾഡ് സ്വാൻ റെസ്‌ക്യൂ സെന്ററിലെ ജോൺ സ്റ്റുവാർട്ട് പറയുന്നത് തന്റെ പ്രതിബിംബത്തെ അരയന്നം കാണുന്നത് തന്റെ മേഖലയിൽ അതിക്രമിച്ചു കടക്കുന്ന എതിരാളി ആയിട്ടായിരിക്കും എന്നാണ്. പലപ്പോഴും അരയന്നങ്ങൾ ജനൽ ഗ്ലാസ്സുകളിൽ ആഞ്ഞാഞ്ഞ് കൊത്തുന്നു എന്ന് പറഞ്ഞ് തങ്ങൾക്ക് ഫോണുകൾ വരാറുണ്ടെന്നും, പ്രതിബിംബത്തെ ഒരു അധിനിവേശക്കാരനായി കാണുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത് എന്നുമാണ്.
സ്‌കൂൾ സ്ഥിതി ചെയ്യുന്ന പരിസരത്ത് ഇന്ന് ഏറെ അറിയപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ അരയന്നം. മാഡ് ബ്രൂക്ക് പൂളിൽ നിന്നും സ്‌കൂൾ ഗെയ്റ്റിലെത്തുകയും പകൽ അവിടെ ചെലവഴിച്ച ശേഷം തിരികെ മടങ്ങുകയും ചെയ്യും. പൂളിൽ ഒരു കൂട്ടം അരയന്നങ്ങൾ ഉണ്ടായിരിക്കാം എന്നാണ് കരുതുന്നതെന്ന് സ്‌കൂൾ ബിസിനസ്സ് മാനേജർ ബില്ലി ഗുഡോൾ പറയുന്നു. കൂട്ടത്തിൽ ചേർക്കാത്ത ഒറ്റയാനായിരിക്കാം ഈ അരയന്നം എന്നും അതുകൊണ്ടാകാം ഒറ്റക്ക് അലയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സ്റ്റുവാർട്ടും ഇതിനോട് ഏറെക്കുറെ യോജിക്കുന്നു. ഒരു ജോടി അരയന്നങ്ങൾ, തങ്ങളുടെ മേഖലയിൽ നിന്നും ഈ അരയന്നത്തെ പുറന്തള്ളിയതാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹവും പറയുയുന്നു. പകൽ മുഴുവൻ ഒറ്റക്ക് ചെലവഴിക്കുകയാണെങ്കിലും, ഒരുപക്ഷെ അതിന് ഒരു ഇണയെ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നും സ്റ്റുവാർട്ട് പറയുന്നു. ഓരോ വർഷവും ഒരു നിശ്ചിത കാലത്താണ് അരയന്നങ്ങൾ ഇണയെ പ്രാപിക്കുന്നത്. വളരെ വിരളമായിട്ടാണെങ്കിലും, ഒരു ഇണയെ തള്ളിക്കളഞ്ഞ് മറ്റൊരു ഇണയെ പ്രാപിക്കുന്നതും അരയന്നങ്ങൾക്ക് ഇടയിൽ നടക്കാറുണ്ട് എന്നും സ്റ്റുവാർട്ട് പറയുന്നു.
പൂളിൽ നിന്നുള്ള സ്‌കൂൾ യാത്രയ്ക്കിടയിൽ സീബ്രാ ക്രോസ്സിംഗിൽ കൂടി മാത്രം റോഡ് മറികടക്കുന്ന അരയന്നത്തിന് പല മനുഷ്യരേക്കാൾ കൂടുതലായ ട്രാഫിക് അവബോധമുണ്ടെന്ന് സ്റ്റുവാർട്ട് തമാശയായി പറയുന്നു. ഏതായാലും സ്‌കൂളിലെ വിദ്യാർത്ഥികൾ അരയന്നത്തോട് സ്നേഹത്തോടെ പെരുമാറുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മറ്റു സഹജീവികളോടും വരും തലമുറ കരുതൽ കാണിക്കും എന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മറുനാടന് ഡെസ്ക്