- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ പദവിയുള്ള മനുഷ്യൻ ഒരു ടീനേജ് ലവറെപ്പോലെ പ്രണയാതുരനാവുന്നതും കരയുന്നതും വാശിപിടിക്കുന്നതും അത്ഭുതവും ആഹ്ളാദവുമായി; നാലു ദിവസം കൊണ്ട് ഞാൻ പൂർണ്ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായി. ഊട്ടിയിലെ കുതിരയെപ്പോലെ അദ്ദേഹം നിശ്ചയിച്ച ഡയറക്ഷനിലേക്ക് ഞാൻ ചലിച്ചു; 'ചതിയുടെ പത്മവ്യൂഹം' വമ്പൻ ഹിറ്റ്; ശിവശങ്കർ രാജിവയ്ക്കുമോ?
തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ ആത്മകഥ പുറത്തു വന്നതോടെ ശിവശങ്കർ ജോലി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വപ്‌നാ സുരേഷ് ചിത്രങ്ങൾ സഹിതം പുറത്തു വിട്ട സാഹചര്യത്തിലാണ് ഇത്. താൻ പറയുന്നതെല്ലാം പൊതു സമൂഹത്തെ സത്യമെന്ന് ബോധ്യപ്പെടുത്താൻ ചിത്രങ്ങളിലൂടെ സ്വപ്‌നയ്ക്ക് സാധിച്ചെന്നാണ് വിലയിരുത്തൽ. സ്വർണ്ണ കടത്ത് കേസിൽ വലിയ ഇടപെടൽ നടന്നുവെന്ന സംശയം ശക്തമാക്കുന്നതാണ് പുറത്തു വന്ന തെളിവുകൾ. പുസ്തകത്തിലെ ആരോപണത്തോട് ശിവശങ്കർ പ്രതികരിക്കുന്നുമില്ലെന്നതാണ് വസ്തുത. ചിത്രങ്ങൾ സഹിതം പുസ്തകം ഇറക്കിയതാണ് ഇതിന് കാരണം.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽതന്നെ അച്ചടിച്ച അയ്യായിരം കോപ്പിയും വിറ്റുതീർന്നുവെന്ന് പ്രസാധകർ. ഇതോടെ രണ്ടാംപതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസാധകരായ തൃശരിലെ കറന്റ് ബുക്‌സ്. ഇതിനിടെ പുസ്തകം സിനിമയാക്കാനുള്ള അവകാശത്തിനായി ചിലർ തങ്ങളെ സമീപിച്ചിരുന്നുവെന്നും പ്രസാധകർ അറിയിച്ചു. ചതിയുടെ പത്മവ്യൂഹത്തിൽ, എന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ നിറയെ വിവാദ പരാമർശങ്ങളാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമൊത്ത് സ്വപ്ന മദ്യപിക്കുന്ന ചിത്രവും അടുത്തിടപഴകുന്ന മറ്റ് ചില ചിത്രങ്ങളും ഉൾപ്പെടുത്തി 13 അധ്യായങ്ങളിലായാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്.
പുസ്‌കതത്തിലെ ഒരു ഭാഗം ചുവടെ
എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികവും തീവ്രവുമായ ഹൃദയബന്ധമായിരുന്നു ശിവശങ്കർ സാറുമായുണ്ടായിരുന്നത്. 2016 മുതൽ ഞങ്ങൾക്കിടയിൽ വളർന്നുപന്തലിച്ച ബന്ധത്തിന്റെ ഇഴയടുപ്പവും ആഴവും മാത്രമാണ് ഞാനിവിടെ പറയാൻ പോകുന്നത്. അതിനു സമാന്തരമായി ഉടലെടുത്ത ഡീലുകളുടെ കഥ പിറകെ പറയാം. അവയിലേറെയും പറയാൻ പറ്റുന്നവയൊക്കെത്തന്നെ ഞാൻ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവയാണ്. ഇവിടെ ഞാൻ പറയാൻ പോകുന്നത് ശിവശങ്കർ എനിക്കാരായിരുന്നു, എന്തായിരുന്നു എന്നതൊക്കെയാണ്. അതോടൊപ്പം ശിവശങ്കറിനു ഞാനാരായിരുന്നു എന്നതും. ബന്ധങ്ങൾ പിറവിയെടുക്കുന്നതും അവ വളർന്നു വിടർന്നുകൊഴിയുന്നതുമൊക്കെ എത്ര വേഗത്തിലാണ്!
ശിവശങ്കർ സാറിനെ ഞാൻ പരിചയപ്പെടുന്നത് കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016-ലാണ്. അതാകട്ടെ തികച്ചും ഒഫീഷ്യലായ ആവശ്യം മുൻനിർത്തിയുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് ട്രിപ്പിന്റെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ ആവശ്യ ങ്ങളും ഒക്കെ അറിയാനുള്ള കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരമാണ് പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ സാറിനെ ഞാൻ വിളിച്ചത്. വൃത്തികെട്ടവനാണ്, വളരെ റൂഡാണ് എന്നൊക്കെയാണ് ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്. അതിന്റേതായ ടെൻഷൻ എനിക്ക് സ്വാഭാവികമായും ഉണ്ടായിരുന്നു. എന്നാൽ ശിവശങ്കർ സർ വളരെ സ്വാഭാവികമായി അന്വേഷിച്ച് വിളിച്ചുപറയാം എന്ന മറുപടിയാണ് തന്നത്. ഉച്ചകഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് വിശദാംശങ്ങൾ തന്നു. സി. എം. ന് അവിടെ സെക്യൂരിറ്റി വേണം, ഫിസ്‌കിങ് ഫ്രീ ആവണം എന്നു പറഞ്ഞു. അക്കാര്യങ്ങൾ അവിടെ വിളിച്ച് ഓക്കെ ആക്കിയിട്ട് എല്ലാം 'ഓക്കെ' യാണെന്നു ഞാൻ അറിയിച്ചു. പിറ്റേന്നു വീണ്ടും ശിവശങ്കർ സാർ എന്നെ വിളിച്ചു. സി.എംനു ചില സാധനങ്ങൾ കൊണ്ടുപോകാനുണ്ട്. അവ സുരക്ഷിതമായി കൊണ്ടുപോകാനുള്ള കാര്യങ്ങൾ ശരിയാക്കണമെന്നു പറഞ്ഞു. സി.എം.ന്റെ ബാഗേജുകൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നു ഞാനും മറുപടി കൊടുത്തു. അതോടെ ശിവശങ്കർ സാർ ഹാപ്പിയായി. ഡാൻസിങ് ഗേൾ സ്മൈലിയൊക്കെ അയച്ചു. സി.എം. പുറപ്പെട്ടുകഴിഞ്ഞ് പെട്ടെന്ന് വളരെ അർജന്റായി ശിവശങ്കർ സാർ എന്നെ വിളിച്ചു. സി.എം. പോയപ്പോൾ ഒരു ബാഗ് എടുക്കാൻ മറന്നു. അത് അടിയന്തിരമായി അദ്ദേഹത്തിന് അവിടെ എത്തിച്ചുകൊടുക്കാനുള്ള ഏർപ്പാട് ഉണ്ടാക്കണമെന്നു പറഞ്ഞു. അത് ശരിയാക്കാമെന്ന് ഞാനും സമ്മതിച്ചു. ഏതായാലും ബാഗേജ് കോൺസുലേറ്റിൽ എത്തിച്ചു. അത് സ്‌കാൻ ചെയ്തപ്പോൾ അതിൽ കറൻസി ആണെന്നു ബോധ്യമായി. ഇത്തരം സ്‌കാനിങ് അവിടത്തെ നോർമ്മൽ പ്രൊസീജിയർ ആണ്. കോൺസുലേറ്റിലെ ഒരു സ്റ്റാഫിനെ പ്രത്യേക ദൂതനായി പ്രസ്തുത ബാഗ് കൊടുത്തയയ്ക്കുകയാണു ചെയ്തത്. ഏതായാലും ആ ടാസ്‌ക് വിജയകരമായി പൂർത്തിയായതോടെ ശിവശങ്കർ അതീവ ഹാപ്പിയായി. എനിക്ക് അപ്പോൾ തന്നെ ഉമ്മ സ്മെലിയും ഡാൻസിങ് ഗേൾ മെലിയും ഒക്കെയിട്ട് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അത്തരമൊരു ടാസ്‌ക് നടന്നുകിട്ടിയതിന്റെ സ്വാഭാവിക പ്രതികരണമായേ എനിക്കതു തോന്നിയുള്ളു. അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റ്. ഞാനതിനെ ഇഗ്‌നോർ ചെയ്തു. പക്ഷേ എനിക്ക് സ്റ്റാഫ് ഉണ്ട് എന്ന് ശിവശങ്കർ റീഡ് ചെയ്തു. സി.എം.ന്റെ മറവി സ്വാഭാവികമായാണു അന്നു കരുതിയിരുന്നത്. അതു മനഃപൂർവ്വമുള്ള മറവിയായിരുന്നോ എന്ന് ഇന്നെനിക്ക് സംശയമുണ്ട്. ഒരുപക്ഷേ റിസ്‌ക് എടുക്കാതെ നമ്മൾ കൈമലർത്തിയാൽ നമ്മളെ അതോടെ കട്ട് ചെയ്യാം. അതല്ല, നമ്മൾ കൊടുത്തയച്ചാൽ സി.എം.നു അതീവ സുരക്ഷിതമായി സാധനം എത്തിക്കാം. അദ്ദേഹം അതുമായി ചെന്നിറങ്ങിയാലുണ്ടാവാനിടയുള്ള റിസ്‌ക് സാധ്യത അത് എത്ര ചെറുതായാലും ഒഴിവാക്കാനുമാകും. ഇങ്ങനെ പല കാര്യങ്ങൾ ഉണ്ടല്ലോ. ഏതായാലും അന്നതേക്കുറിച്ച് അങ്ങനെയൊന്നും തോന്നിയില്ല. സി.എം. നു വേണ്ടി ചെയ്യുന്ന ഫേവറായേ അതിനെ കണ്ടുള്ളു. ഹിറ്റ്ലർ എന്നു പറഞ്ഞു കേട്ട ഒരു സീനിയർ ഐ എ എസ് ഓഫീസർ ഇക്കാര്യത്തിൽ കാട്ടുന്ന അമിതാഹ്ലാദം എന്നെ അത്ഭുതപ്പെടുത്തി. പിറ്റേന്നു മുതൽ അദ്ദേഹം എന്നെ ഇങ്ങോട്ടുവിളിക്കാൻ തുടങ്ങി. എനിക്ക് ചെറിയ അസുഖങ്ങൾ എന്നു കേട്ടാൽ പോലും വിളിച്ച് തിരക്കിക്കൊണ്ടിരിക്കും. അങ്ങനെ ഒരു ദിവസം എന്നോടു പറഞ്ഞു: എനിക്ക് ഒന്നു നേരിട്ടു കാണണം. ഒരു ഡിസ്‌കഷനാണ്. ഞാൻ എന്റെ കോൺസൽ ജനറലിനോട് അനുമതി വാങ്ങി അദ്ദേഹത്തെ കാണാമെന്നു സമ്മതിച്ചു. കാരണം ഞാൻ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായാണു സംസാരിക്കുന്നത്. എനിക്ക് അനുമതിയില്ലാതെ സംസാരിക്കാനാവില്ല. അങ്ങനെ വീട്ടിലേയ്ക്ക് വന്നാൽ കാണാമെന്നു ഞാൻ പറഞ്ഞു. അദ്ദേഹമന്നു താജ് വിവാന്തയിലാണുള്ളത്. വൈകുന്നേരം അങ്ങോട്ടുവരാമോ എന്ന് എന്നോടു ചോദിച്ചു. അതിൻപ്രകാരം വൈകുന്നേരം ഞാൻ താജ് വിവാന്തയിലെത്തി. എന്നെ സംബന്ധിച്ച് താജ് സെക്കന്റ് ഹോം പോലെയാണ്. എന്റെ കോൺസൽ ജനറലും ഞാനും സ്റ്റാഫുമൊക്കെ സ്ഥിരമായി ചെല്ലുന്നയിടം. മീറ്റിംഗുകളും പാർട്ടികളും നടക്കുന്നയിടം.
ഞാൻ ഹോട്ടലിലെത്തി വണ്ടിയിലിരുന്നുകൊണ്ട് ശിവശങ്കർ സാറിനെ വിളിച്ചു. ഉടനെ അദ്ദേഹം ഫോൺ എടുത്ത് മുറിയുടെ നമ്പർ തന്ന് എന്നെ അങ്ങോട്ടു വിളിച്ചു. എനിക്കിത് തീരെ ഇഷ്ടപ്പെട്ടില്ല. ഞാനെന്റെ അനിഷ്ടം തുറന്നുപറഞ്ഞു. ചൂടായി സംസാരിച്ചു. ''താങ്കൾ എന്തു വിചാരിച്ചാണ് എന്നെ റൂമിലേയ്ക്ക് ക്ഷണിച്ചത്? ഞാനത്തരക്കാരിയല്ല. ഞാനിവിടെ വന്നത് എന്റെ എന്തേലും കാര്യം സാധിക്കാനുമല്ല. നിങ്ങൾക്കാണ് എന്നെക്കൊണ്ട് ആവശ്യം'' പെട്ടെന്നദ്ദേഹം സോറി പറഞ്ഞു. സ്വകാര്യതയ്ക്കു വേണ്ടി പറഞ്ഞതാണ്. ഓൺലി ഫോർ പ്രൈവസി മാറ്റേഴ്‌സ്... എന്നിട്ട് താണുവീണ് കാലുപിടിക്കും വിധം ക്ഷമ പറഞ്ഞു. ഞാൻ പറഞ്ഞു. സാരമില്ല അതുപോട്ടെ. നമുക്ക് താഴെ പാർലറിലോ റസ്റ്ററന്റിലോ ഇരുന്നു സംസാരിക്കാം. അങ്ങനെ ഞങ്ങൾ പാർലറിൽ വെച്ച് മീറ്റ് ചെയ്തു. അദ്ദേഹം കടന്നുവന്നത് എനിക്ക് ഷേക്ക്ഹാൻഡ് തന്നു. വീണ്ടും സോറി പറഞ്ഞു. ഞാൻ പറഞ്ഞു. അതു കഴിഞ്ഞല്ലോ.. ഇനി അതു വിടാം. പക്ഷേ അദ്ദേഹം വിശദീകരണങ്ങൾ തന്നുകൊണ്ടേയിരുന്നു. ''ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്റെ പദവിയും പ്രായവും വിദ്യാഭ്യാസവുമൊക്കെ വച്ച് ഏതൊരു സ്ത്രീ ആയാലും എന്റെ മുറിയിലേക്ക് വന്നേനെ.'' ഞാൻ എന്റെ ഭാഗം പറഞ്ഞു. ''നിങ്ങളെ പൊതുജനങ്ങൾ പത്തുപേർ പെട്ടെന്ന് അറിഞ്ഞേക്കും. ഈ ഹോട്ടലിൽ എല്ലാവരും എന്നെ അറിയും. ഞാനെന്തോ കാര്യസാധ്യത്തിനു താങ്കളുടെ റൂമിൽ വന്നു എന്നവർ കരുതാനിടയായാൽ അവരുടെ മുന്നിൽ ഞാനൊരു പ്രോസ്റ്റിറ്റിയൂട്ടിന്റെ നിലവാരത്തിലേയ്ക്ക് താഴും. എനിക്കതിന്റെ കാര്യമില്ലല്ലോ.'' റസ്റ്റോറന്റിൽ വച്ച് ഞാനൊരു സ്ത്രീയുമായി സംസാരിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടാൽ പൊതുസമൂഹം പ്രത്യേകിച്ച് എന്നെ അറിയുന്നവർ അത് ഉൾക്കൊള്ളില്ലെന്ന അദ്ദേഹത്തിന്റെ വാദത്തെയും ഞാൻ നിരാകരിച്ചു. ''ഞാൻ നിങ്ങളുടെ മടിയിലല്ല ഇരിക്കുന്നത്. പബ്ലിക്കിനെ ഭയപ്പെടുന്ന തരം ബന്ധങ്ങളോടും സൗഹൃദങ്ങളോടും എനിക്കു താല്പര്യമില്ല.''എന്നു തുറന്നുപറഞ്ഞു.
അങ്ങനെ സൗഹൃദത്തെ സംബന്ധിക്കുന്ന ഒരു ധാരണയും ഞങ്ങൾക്കിടയിലുണ്ടായി. ഇന്നു ഞാനറിയുന്നു എന്തു വിലകൊടുത്തും എത്ര താണു വണങ്ങിയും ഞാനുമായി സൗഹൃദം ഉണ്ടാക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അതിലുപരി അതൊരു ദൗത്യമായിരുന്നു എന്ന്. സി.എം.നും കുടുംബത്തിനും മന്ത്രിസഭയിലെ പലർക്കും അറബ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതിയുമാണ് ഉള്ളത്. അവയൊക്കെ സ്മൂത്തായി എങ്ങനെ ഫലത്തിലെത്തിക്കാമെന്നതിന്റെ സൂത്രധാരനായിരുന്നു ശിവശങ്കർ. അക്കാര്യത്തിൽ അദ്ദേഹത്തിനു കിട്ടിയ മികച്ച ഇടനിലക്കാരിയായിരുന്നു ഞാൻ. ഞങ്ങൾ പാർലറിൽ ഇരുന്നു സംസാരിച്ചു. ഒരുമിച്ച് ഡ്രിങ്സ് കഴിച്ചു. അന്നും സംസാരിക്കാനുണ്ടായിരുന്നത് ഒഫീഷ്യലായ ആവശ്യം തന്നെയായിരുന്നു. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട ഒരു സംഗതി ശരിയാക്കാനാണ് അദ്ദേഹം എന്നെ കാണുന്നത്. ഇതിലൊക്കെയുള്ള റിസ്‌ക് എലമെന്റ് എനിക്ക് പിടികിട്ടുന്നുണ്ട്. ഞാനദ്ദേഹത്തോട് ചോദിച്ചു. ''നിങ്ങൾ ഇങ്ങനെ ഓരോ ആവശ്യങ്ങൾ മുന്നോട്ടു വെക്കുന്നു. ഞാനെന്റെ കോൺസൽ ജനറൽ വഴി ഇതൊക്കെ സാധിച്ചു തരുന്നു. ശരിക്കും ഇപ്പോൾ കോൺസൽ ജനറലിനും സി.എം.നുമിടയിലുള്ള കമ്മ്യൂണിക്കേഷനാണു ഞാൻ. നാളെകളിൽ നിങ്ങളാവശ്യപ്പെടുന്ന ഇത്തരം ഏതെങ്കിലുമൊരു കാര്യം എനിക്കുസാധിച്ചു തരാൻ കഴിഞ്ഞില്ലായെങ്കിൽ ഈ സ്നേഹം ഉണ്ടാവുമോ? ഈ സൗഹൃദം ഉണ്ടാവുമോ? അത് തീർച്ചയായും ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്കി. നിങ്ങൾ വായനക്കാർക്ക് മനസ്സിലാക്കാനാവുമെന്നു ഞാൻ കരുതുന്നു. കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായ സീനിയർ ഐ.എ.എസ് ഓഫീസർ, ഉയർന്ന ഒഫീഷ്യലാണ് ഒരു വശത്ത്. നയതന്ത്ര പ്രതിനിധിയുടെ സെക്രട്ടറിയാണ് മറുവശത്ത്. കോൺസൽ ജനറലും സംസ്ഥാന മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്ന പലതരം ഡീലുകളുടെ ഏകോപനവും നിർവ്വഹണവുമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന്റെ സ്വഭാവത്തേക്കാളുപരി അവയുടെ വിജയം ഉറപ്പാക്കുക എന്റെ ജോലിയുടെ ഭാഗമായി മാറി. അതവിടെ നിൽക്കട്ടെ. ഞങ്ങളുടെ സൗഹൃദത്തിലേയ്ക്ക് മടങ്ങി വരാം. ഞങ്ങളുടെ സൗഹൃദം തുടരാമെന്നു ധാരണയായി ഒരുമിച്ചിരുന്നു ഡ്രിങ്സ് കഴിച്ചു രണ്ടെണ്ണം കഴിഞ്ഞു മൂന്നാമത്തേതായപ്പോൾ ഞാൻ പറഞ്ഞു. ഞാനൊരു മദ്യപാനി അല്ല. ഇപ്പോൾ നിങ്ങളോടൊപ്പം കഴിക്കുന്നു എന്നേയുള്ളൂ. ധാരാളം പ്രശ്നങ്ങൾ ഉള്ള ആളാണ് ഞാൻ. എനിക്കീ ജോലി വളരെ വലുതാണ്. ഭർത്താവുൾപ്പെടെ മൂന്നു മക്കളെ പോറ്റണം അങ്ങനെ എന്റെ ഒരു ചെറിയ ഫാമിലി ഹിസ്റ്ററി ഞാൻ സൂചിപ്പിച്ചു.
അതുകൊണ്ട് എന്നെ ചൂഷണം ചെയ്യരുത്. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. എന്റെ ജോലിയാണ് എന്റെ നിലനില്പ്. അതിനു ഭീഷണിയാകുന്ന തരത്തിലുള്ള റിസ്‌കിയായ അസൈന്മെന്റുകൾ ചെയ്യാനെനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന്. അത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പും അദ്ദേഹം തന്നു. അന്നു പറഞ്ഞ സ്മാർട്ട് സിറ്റി വിഷയം പിറ്റേന്നുതന്നെ ഞാൻ കോൺസൽ ജനറലിനെ ധരിപ്പിച്ചു. കാര്യങ്ങളെല്ലാം ഓക്കെ ആക്കി. പരസ്പരമുള്ള ഡീൽ പറഞ്ഞ് ഉറപ്പിച്ച് സി. എം. മ്മുമായി മീറ്റിങ് അറേഞ്ച് ചെയ്തു. ഇതിലെല്ലാം ആത്യന്തികമായ വിഷയം കോടികളുടെ കമ്മീഷനാണ്. അതിൽ ഓരോരുത്തരുടെയും പങ്ക് പറഞ്ഞ് തീരുമാനമാകുന്നു. പുറമെ പറയുമ്പോൾ എല്ലാം വിദേശ നിക്ഷേപം വരുന്ന വൻകിട പദ്ധതികളാണ്. വികസനത്തിന്റെ തേരോട്ടമാണ്. ഇതൊക്കെ എന്തെന്ന് തിരിച്ചറിയേണ്ടത് ജനങ്ങളാണ്. അതോടെ ശിവശങ്കർ സാർ അങ്ങേയറ്റം ഹാപ്പിയായി. സ്ഥിരം വിളിക്കും. സ്ഥിരം സംസാരിക്കും. ഞങ്ങളുടെ സൗഹൃദം കനംവെച്ചു തുടങ്ങി. എന്റെ ഭാഗത്തു നിന്നുമുള്ള സ്വാർത്ഥ താല്പര്യം എന്തെന്നാൽ കോൺസൽ ജനറലിന്റെ ഏത് ആവശ്യവും നിമിഷങ്ങൾക്കകം സാധിക്കാൻ പറ്റുന്ന തരത്തിലുള്ള ഉന്നത ബന്ധമായിരുന്നു എനിക്ക് ശിവശങ്കർ സാർ. നേരെ തിരിച്ച് ശിവശങ്കർ സാറിനാകട്ടെ കോൺസുലേറ്റിന്റെ സഹായത്തോടെ അല്ലെങ്കിൽ കോൺസുലേറ്റിനെ ഉപയോഗിച്ച് സി.എം.ഉം കൂട്ടരും നടത്തുന്ന എല്ലാ ഇന്റർനാഷണൽ ഡീലുകളിലെയും വേ ഓഫ് കമ്മ്യൂണിക്കേഷനായിരുന്നു ഞാൻ. സ്വാഭാവികമായും ഇതിന്റെ ബനഫിഷറികളിലൊരാളായി ഞാനും മാറുമല്ലോ. എന്നെ സംബന്ധിച്ച് എന്റെ ജോലി നിലനിർത്തലായിരുന്നു ഏറ്റവും വലിയ ചലഞ്ച്. ഈ ഉന്നത ബന്ധങ്ങളും ഇത്തരം ഡീലുകളും എന്റെ ജോലിയെ കൂടുതൽ സുരക്ഷിതമാക്കുമെന്നു ഞാൻ കരുതി. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സി.എം. ഓഫീസിൽ നിന്നും കുറെ ആവശ്യങ്ങൾ മുന്നോട്ടു വെക്കുന്നു. ഞാനതൊക്കെ കോൺസൽ ജനറൽ വഴി സാധിച്ചുകൊടുക്കുന്നു. തിരിച്ച് കോൺസുലേറ്റ് ചില ആവശ്യങ്ങൾ മുന്നോട്ടു വെക്കുന്നു. ഞാനതൊക്കെ ശിവശങ്കർ സാർ വഴി സാധിച്ചുകൊടുക്കുന്നു. ഈ അവിശുദ്ധ ബന്ധത്തിലെ കണ്ണികൾ എന്നതിനപ്പുറം എനിക്കെന്തു പ്രാധാന്യമാണുള്ളത്?
എന്റെ വീട്ടിലെ അവസ്ഥയാണെങ്കിൽ ശമ്പളത്തിന്റെ അവകാശിയായ ജയശങ്കർ വശമാണ് ശമ്പള അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് പോലും. അതുകൊണ്ട് താനാഗ്രഹിച്ച ലക്ഷ്വറി ലൈഫ് ആസ്വദിക്കയാണയാൾ. അയാളുടെ അനുജനും അന്നു ഞങ്ങൾക്കൊപ്പമുണ്ട്. പിന്നെ മക്കൾ. ഓവർടൈം ജോലിചെയ്തതും ചികിത്സയ്ക്കും മറ്റുമായി വരുന്ന അറബികൾക്ക് പലവിധ സഹായങ്ങൾ ചെയ്തുകൊടുത്തുമൊക്കെ കിട്ടുന്ന പണം കൊണ്ടാണ് ഞാൻ ജോലിക്കാരിക്ക് ശമ്പളം കൊടുക്കുന്നതും വീട്ടുചെലവ് നടത്തുന്നതുമൊക്കെ. ജയശങ്കർ തന്റെ തനതു സ്വഭാവം അന്നും കാട്ടുന്നുണ്ട്. എല്ലാറ്റിനും കണക്കുണ്ട്. പിള്ളേർ കഴിക്കുന്ന ഭക്ഷണത്തിനു വരെ. 30 രൂപയുടെ ജ്യൂസിന്റെ വരെ കണക്കെഴുതി വെക്കും. എന്റെ ശമ്പളം ജയശങ്കറിന്റെ വരുമാനമായാണു കണക്കാക്കുന്നത്. അതോടൊപ്പം കഠിനമായ ഒറ്റപ്പെടലും ഞാനന്ന് അറിയുന്നുണ്ട്. വീട്ടിൽ കുട്ടികൾ അവരുടെ ലോകത്താണ്. ജയശങ്കർ അയാളുടെ ലോകത്ത്. അവിടെ ഞാൻ തനിച്ചാണ്. പലപ്പോഴും കോൺസുലേറ്റിൽ നിന്ന് ഞാനെത്തുമ്പോൾ എനിക്ക് ആഹാരം പോലുമുണ്ടാവില്ല. എന്നോടു മിണ്ടാനാരുമില്ല. രാത്രി പോലും കോൺസുലേറ്റിൽ വന്ന് എന്റെ ക്യാബിനിൽ തനിച്ചിരിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ ഒരു കംപാനിയൻഷിപ്പ് ഞാൻ കൊതിച്ചിരുന്നു. ഇതിനിടയിലേയ്ക്കാണ് ഏറെ കെയറിംഗായ സിൻസിയറായ ഒരു സുഹൃത്തിന്റെ പരിവേഷത്തിൽ ശിവശങ്കർസാർ കടന്നു വരു ന്നത്. കോൺസുലേറ്റ് തുറന്നു മാസങ്ങൾക്കകം തന്നെ ക്രമവിരുദ്ധമായ ഡീലുകൾ അരങ്ങേറിയിരുന്നു. ഒരാൾ തനിച്ചുനിന്നു ചെറുത്താലൊന്നും അവയെ ഇല്ലാതാക്കാനാവുമായിരുന്നില്ല. ശിവശങ്കർസാറുമായുള്ള സൗഹൃദം മുൻപു പറഞ്ഞതുപോലെ ഒരു സുരക്ഷാകവചമായാണു ഞാൻ കരുതിയത്. അങ്ങനെയിരിക്കെയാണ് ശിവശങ്കർ തന്റെ ദുബൈ യാത്ര പ്ലാൻ ചെയ്യുന്നത്. ഇതെല്ലാം കമ്മീഷൻ വരുന്ന വിവിധ ഡീലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സഞ്ചാരങ്ങളാണ്. അദ്ദേഹത്തിനും വേണ്ടത് എക്സ് കാറ്റഗറി സുരക്ഷ മുതൽ ഫിസ്‌കിങ് ഫ്രീ വരെയുള്ള സൗകര്യങ്ങളാണ്. അതിൽ പലതും കൊടുക്കാൻ പാടില്ലാത്തവയാണെങ്കിലും അതൊക്കെ അദ്ദേഹത്തിനു ചെയ്തുകൊടുത്തു. അപ്പോൾ വീട്ടുകാര്യങ്ങൾ വരെ ശിവശങ്കറുമായി സംസാരിക്കുന്ന അവസ്ഥയിലേയ്ക്ക് ഞാൻ മാറി. എന്റെ മനസ്സിനെ മാത്രമല്ല ബുദ്ധിയെയും ശിവശങ്കർ നിയന്ത്രിച്ചു തുടങ്ങി. നിങ്ങൾ മനസ്സിലാക്കണം ഒരാളുടെ ബുദ്ധിയെ മറ്റൊരാൾ നിയന്ത്രിക്കുകയാണ് ഏറ്റവും ഭീകരമായ അവസ്ഥ. അതൊരു തരം അടിമത്തമാണ്. അതായത് പ്രൊഫഷണലി ആൻഡ് പേഴ്സണലി എന്റെ പെയിനിന്റെ കൺട്രോൾ അദ്ദേഹത്തിന്റെ കൈയിലായി. അപ്പോഴാണ് ദുബായി യാത്രയിലേയ്ക്ക് എന്നെക്കൂടി വിളിക്കുന്നത്. ഞാൻ കൂടെ ചെല്ലണം. ടിക്കറ്റൊക്കെ അദ്ദേഹത്തിന്റേത് അദ്ദേഹം തന്നെ എടുക്കും. ഞാൻ സമ്മതിച്ചു. എന്റെ ഡാഡി അന്നു ദുബായിലാണ്. അദ്ദേഹം ക്യാൻസർ പേഷ്യന്റാണ്. ചികിത്സ നടക്കുന്നു. ഡാഡിയെക്കാണാനായി എനിക്കും പോകാം. ഒരു പ്രശ്നവുമില്ല. അങ്ങനെ യാത്ര ഫിക്സ് ചെയ്തു. എനിക്കും ഒഫീഷ്യലായ കാര്യങ്ങൾ ഉണ്ട്. കോൺസൽ ജനറലുമായി ശിവശങ്കറിനു അവിടെ ബിസിനസ് മീറ്റുണ്ട്. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തു. ദുബൈയിലെത്തി റൂമെടുത്തപ്പോൾ ശിവശങ്കർ നമുക്ക് റൂം ഷെയർ ചെയ്യാമെന്നു പറഞ്ഞു. ഡബിൾ ബെഡ് ഉണ്ട്. അകറ്റിയിട്ടു കിടക്കാം. ഞാൻ മോശമായി പെരുമാറില്ല. ഞാനതു സമ്മതിച്ചു. അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. രാവിലെ ഞാൻ അച്ഛനെ കാണാൻ പോയി. ശിവശങ്കർ സാർ ഒഫീഷ്യൽ മീറ്റിംഗിലേയ്ക്കും. ഞാൻ കൂടി അറ്റൻഡു ചെയ്യേണ്ട മീറ്റിംഗിനു ശേഷം ഞങ്ങൾ അബുദാബിയിൽ കറങ്ങി നടന്നു. പ്രവാസികൾക്ക് ഒക്കെ മുഖ്യന്റെ സെക്രട്ടറിയെ വലിയ കാര്യം. ഞങ്ങൾക്ക് തിരിച്ച് റൂമിലെത്തണം.
അബുദാബിയിൽ നിന്നും ദുബൈയിലേയ്ക്ക് രണ്ടു മണിക്കുർ കാർയാത്ര ഉണ്ട്. പക്ഷെ പല പ്രവാസി സംഘടനകളുടെയും ഗെറ്റ്ടുഗദറിൽ പങ്കെടുത്ത് പലതരം മദ്യം ഉപയോഗിച്ച് സാർ ആകെ ഓഫായിപ്പോയി. ഛർദ്ദിച്ച് ഒരു വഴിയായി. ഈയവസ്ഥയിൽ അവിടെ നേരാം വണ്ണം ഒരു ടാക്സിയിൽ നമുക്ക് സഞ്ചരിക്കാനാവില്ല. അവിടത്തെ രീതികളൊക്കെ എനിക്ക് പരിചിതമാണ്. അതുകൊണ്ട് കള്ള ടാക്സി വിളിച്ചുപോരാൻ ഞാൻ തീരുമാനിച്ചു. വഴിയിൽ പൊലീസ് പിടിക്കും. നമ്മൾ പിഴയടയ്ക്കണം. ഇതൊക്കെ അവിടെ നോർമ്മൽ പ്രൊസീജിയർ ആണ്. അങ്ങനെ ഞങ്ങൾ സഞ്ചരിക്കയാണ്. ശിവശങ്കർ സാർ കാറിൽ ചാഞ്ഞുകിടപ്പാണ്. വഴിയിൽ പൊലീസ് വണ്ടി തടഞ്ഞു. സഞ്ചരിക്കുന്നത് ആരൊക്കെയെന്നു നോക്കി. ആകെ നരച്ച ഒരു മനുഷ്യനും ഒരു യങ്വുമണും. അവർ ചോദിച്ചു അച്ഛനാണോ എന്ന്. ഞാൻ പറഞ്ഞു. അതേ. അദ്ദേഹം ആകെ കുടിച്ച് ഛർദ്ദിച്ച് ഓഫായി കിടക്കുകയാണ്. ഞാൻ താങ്ങിപ്പിടിച്ചാണ് ഒരു വിധത്തിൽ റൂമിലെത്തിച്ചത്. ഷൂസും സോക്സസുമൊക്കെ ഞാൻ തന്നെ അഴിച്ചു മാറ്റി. സ്‌കിൻ ഡിസീസ്, സോറിയാസിസിന്റെ തടിപ്പുകളാണു ശരീരമാകെ. ഒരു വിധം ക്ലീൻ ചെയ്ത് അദ്ദേഹത്തെ കട്ടിലിൽ കിടത്തി ഞാനും കിടന്നുറങ്ങി. നേരം വെളുത്തപ്പോൾ തലവേദനയും മദ്യത്തിന്റെ കിക്കും കാരണം അദ്ദേഹം മുറിയിൽ തന്നെ കൂടി. അന്നു രാത്രിയാണ് അദ്ദേഹത്തിന് നാട്ടിലേക്കുള്ള ഫ്ളെറ്റ്.
ഉച്ചവരെ ഞാനും സാറിനൊപ്പം അവിടെ തങ്ങാമെന്നു കരുതി. ഉച്ചയോടെ എനിക്ക് ഡാഡിയുടെ അടുത്തേയ്ക്ക് പോകണം. ഞങ്ങൾ മുറിയിൽ സംസാരിച്ചിരിക്കാൻ തീരുമാനിച്ചു. ശിവശങ്കർ സാർ തന്റെ കുടുംബജീവിതത്തിന്റെ കഠിനതകൾ പറഞ്ഞുതുടങ്ങി. സാറിന്റെ ഭാര്യ അറിയപ്പെടുന്ന ഡോക്ടറാണ്. പക്ഷേ അവർ ഒന്നുമില്ലാത്ത വീട്ടിലെ കുട്ടിയായിരുന്നു. സാർ അവരെ വിവാഹം ചെയ്തിട്ട് കാശുമുടക്കി പഠിക്കാൻ വിട്ടതാണ്. അങ്ങനെ പഠിച്ച് ഡോക്ടറായി പേരെടുത്തതോടെ അവർക്ക് ഇയാളെ കണ്ടുകൂടാതായി. ഭാര്യ വീട്ടിലാണു താമസമെങ്കിലും ആ വീട് പണികഴിപ്പിച്ചതും ശിവശങ്കറാണ്. സോറിയാസിസ് വന്നതോടുകൂടി ശാരീരികബന്ധവും പൂർണ്ണമായും വെടിഞ്ഞു. ഒരു മകനുണ്ട്. അവനു തന്റെ വീർപ്പുമുട്ടലുകൾ പ്രയാസങ്ങൾ ഒക്കെ അറിയാം. ഭാര്യ എല്ലാ മാസവും നാലുദിവസം സ്പിരിച്വൽ നീഡ് എന്ന നിലയിൽ എവിടെയോ പോകും. എവിടേക്കെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. ഈ കഥകളൊക്കെ പറഞ്ഞ് അദ്ദേഹം കരയുകയാണ്. ഞാനും എന്റെ ജീവിതത്തിലെ കെടുതികൾ പറഞ്ഞു. കുടുംബജീവിതത്തിന്റെ കഠിനതകൾ പറഞ്ഞ് ഇരുവരും കരയുകയാണ്. ഉച്ചയോടെ എന്റെ ഡാഡിയുടെ ഡ്രൈവർ എന്നെ പിക് ചെയ്യാൻ വന്നു. ഞാനക്കൂട്ടത്തിൽ പോയി. ശിവശങ്കർ സാർ രാത്രിയോടെ എയർപോർട്ടിലേക്കു പോയി. 2017- ലെ വിഷുക്കാലമാണ്. എയർപോർട്ടിലെത്തിയ സാർ അവിടെയിരുന്ന് എന്നെ തുടരെ വിളിക്കയാണ്. പാരവശ്യത്തോടെ എന്തൊക്കെയോ സംസാരിക്കയാണ്. ഞാൻ എന്റെ ഡാഡിയുടെ ഒപ്പമാണെന്നതൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. പിന്നെ അടുത്തതായി മെസേജാണ് 'I cannot living without you - രാത്രി അദ്ദേഹം കൊച്ചിയിലെത്തി. പിറ്റേന്നു കൊച്ചിയിലെ ഫ്രണ്ട്സുമായി വിഷുവിന്റെ ഗെറ്റ്ടുഗദർ ആണ്. അവിടെ നിന്നും തുടരെ വിളിയാണ്. ''എനിക്ക് കാണണം... രാത്രി തന്നെ മടങ്ങി വരൂ. അച്ഛന്റെ കൂടെ നിൽക്കണ്ട. നാളെ കാണണേ.''
ഇത്രയും വലിയ പദവിയിലിരിക്കുന്ന ഒരു മനുഷ്യൻ ഇങ്ങനെ ഒരു ടീനേജ് ലവറെപ്പോലെ പ്രണയാതുരനാവുന്നതും കരയുന്നതും വാശിപിടിക്കുന്നതുമൊക്കെ എനിക്ക് അത്ഭുതവും ആഹ്ളാദവുമായിരുന്നു. നാലാം ദിവസം മടങ്ങിയെത്തിയ ഞാൻ പൂർണ്ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായി. എന്റെ മനസ്സ്, ശരീരം, ബുദ്ധി, വികാരം ഒക്കെ പൂർണ്ണമായും അദ്ദേഹത്തിന്റെ കൺട്രോളിലായി. ഊട്ടിയിലെ കുതിരയെപ്പോലെ അദ്ദേഹം നിശ്ചയിക്കുന്ന ഡയറക്ഷനിലേക്ക് മാത്രം ചലിക്കുന്ന ഒരാളായി ഞാൻ മാറി.
നാട്ടിലെത്തി കഴിഞ്ഞ് കണ്ടപ്പോൾ അത്യാഹ്ലാദത്തോടെ അദ്ദേഹമെന്നെ സ്വീകരിച്ചു. അതോടൊപ്പം മറ്റൊരു ആവശ്യവും മുന്നോട്ടുവച്ചു. മാസത്തിൽ രണ്ടു ദിവസം നമ്മൾക്ക് ഒരുമിച്ച് യാത്ര ചെയ്യണം. ഒരുമിച്ചു കഴിയണം. അതിൽ സെക്സില്ല. ദുബൈയിലെ ഹോട്ടൽ മുറിയിലേതുപോലെ. എനിക്ക് തെക്കേയിന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ അധികാരമുണ്ട്. സഞ്ചരിക്കാം. ഞാൻ സമ്മതിച്ചു. ഈ യാത്രയിലെല്ലാം ശിവശങ്കർ സാറിന് ഒഫീഷ്യലായ മീറ്റിംഗുകൾ ഉണ്ട്. അതിലൊക്കെ എന്നെ കോൺസുലേറ്റിലെ ആളെന്ന നിലയിൽ പരിചയപ്പെടുത്താനും മറന്നിരുന്നില്ല. അദ്ദേഹത്തിനു ലാഭം കൊയ്യുന്ന നിരവധി പദ്ധതികൾ ഉണ്ട് നടപ്പാക്കാൻ. എനിക്കാണെങ്കിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ ഒരേ മുറിയിൽ ഒരേ ബെഡിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. സ്നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും. പിന്നെ കഥ കേൾപ്പ്, കള്ളുകുടി, ഇതൊക്കെ മാത്രം. അങ്ങനെ അങ്ങേയറ്റം ആത്മാർത്ഥമായ തികച്ചും ഇമോക്കുലേറ്റായ ഒരു ബന്ധമായിരുന്നു എനിക്കത്.
അത്തരമൊരു യാത്രയിലാണ് ഒരുദിവസം എന്നോടു കാലുകാട്ടാൻ പറഞ്ഞു. കാലുകൾ രണ്ടും കൈയിലെടുത്ത് രണ്ടു സ്വർണ്ണക്കൊലുസുകൾ എടുത്ത് എന്റെ കാലിലണിയിച്ചു. എന്നിട്ടു പറഞ്ഞു 'lam chaining you to my life forever, and naming you as Parvathy' -വികാരത്തള്ളിച്ചയിൽ ഞാൻ കരഞ്ഞുപോയി. ആ ആഭരണത്തിന്റെ വിലയല്ല അതിന്റെ മൂല്യം. ഞാനതിനെ സ്വീകരിച്ചത് എന്റെ ആത്മാവിലേയ്ക്കാണ്. ആഭരണങ്ങളിൽ കമ്പമില്ലാത്ത എനിക്ക് അതിന്റെ ഇമോഷണൽ വാല്യൂ അളക്കാനാവാത്തതായിരുന്നു. അങ്ങനെ അന്നുമുതൽ ഞാൻ ശിവശങ്കരന്റെ പാർവ്വതിയായി. എൻ. ഐ. എ. കസ്റ്റഡിയിലാവുന്നതു വരെ അതായതുകൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേയ്ക്ക് ഉള്ള യാത്രയുടെ സമയം വരെ ഞാൻ അദ്ദേഹത്തിന്റെ പാർവ്വതി തന്നെയായിരുന്നു. ബുദ്ധിയും മനസ്സും പൂർണ്ണമായും ശിവശങ്കരനിലർപ്പിച്ച പാർവ്വതി.
മറുനാടന് മലയാളി ബ്യൂറോ