തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചു നൽകിയ ശമ്പളം പ്രൈസ് വാട്ടർ കൂപ്പേഴ്‌സിൽനിന്ന് (പിഡബ്ല്യുസി) തിരിച്ചു പിടിക്കാത്തത് വീണ്ടും ചർച്ചകളിൽ. പിഡബ്ല്യുസിയാണ് സ്വപ്നയുടെ പേര് ജോലിക്കായി നിർദ്ദേശിച്ചത്. പിഡബ്ല്യുസിയിൽനിന്ന് തുക തിരിച്ചുപിടിക്കാനായില്ലെങ്കിൽ അന്നത്തെ ഐടി സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) ചെയർമാനുമായിരുന്ന എം.ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് തുക ഈടാക്കണമെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിനിടെയാണ് സ്വപ്‌നയ്ക്ക് ജോലി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ശിവശങ്കറിന്റെ ചാറ്റും എത്തുന്നത്. ഈ സാഹചര്യത്തിൽ തുക തിരിച്ചു പിടിക്കാത്തിന് മാനങ്ങൾ ഏറെയാണ്.

ശിവശങ്കർ കഴിഞ്ഞ മാസം സർവീസിൽനിന്ന് വിരമിച്ചിരുന്നു. സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പിഡബ്ല്യുസി, കെഎസ്‌ഐടിഐഎല്ലിനെ അറിയിച്ചിരുന്നു. പിഡബ്ല്യുസിയെ സർക്കാർ കരാറുകളിൽനിന്ന് വിലക്കേർപ്പെടുത്തിയതിന് എതിരെ കോടതിയിൽ കേസുണ്ട്. സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കുന്ന നിയമ നടപടികൾ ഈ കേസിന്റെ ഭാഗമായി മാറിയെന്ന് കെഎസ്‌ഐടിഐഎൽ പറയുന്നു. ഈ സാഹചര്യത്തിൽ കെ ഫോൺ പദ്ധതിക്കായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടി രൂപ നൽകേണ്ടതില്ലെന്നാണു സ്ഥാപനത്തിന്റെ തീരുമാനം. എന്നാൽ കോടതി നടപടികളിൽ തിരിച്ചടിയുണ്ടായാൽ ഈ തുക കൊടുക്കേണ്ടി വരും.

കെഎസ്‌ഐടിഐഎല്ലിനു കീഴിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്‌ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകി. ഇതിന് അവർ തയ്യറാല്ല.

പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ എം.ശിവശങ്കർ, അന്നത്തെ കെഎസ്‌ഐടിഐഎൽ എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു. ഇതാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ശിവശങ്കറിന് സർക്കാരിലുള്ള സ്വാധീനം കാരണം ഇത് നടക്കാതെ പോയി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതും നടപ്പായില്ല. ഇതിനിടെ ശിവശങ്കർ വിരമിച്ചു. അതുകൊണ്ട് തന്നെ ഇനി ഈ തുക നിയമ നടപടികളിലൂടെ മാത്രമേ ശിവശങ്കറിൽ നിന്നും ഈടാക്കാനും കഴിയൂ.

ജോലിക്കായി സ്വപ്ന സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലും കേസെടുത്തിട്ടുണ്ട്. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് വേണുഗോപാൽ, സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയതെന്നും, സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്ന മൊഴി നൽകിയിരുന്നു. സ്വപ്നയുടേയും വേണുഗോപാലിന്റെയും ജോയിന്റ് ലോക്കറിൽ നിന്നും ഒരു കോടി രൂപ പിടികൂടിയിരുന്നു. ഇത് ലൈഫ് മിഷനിൽ ലഭിച്ച കോഴപ്പണമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാലര കോടി രൂപ കോഴ നൽകിയിട്ടുണ്ടെന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുള്ളത്.

അതിനിടെ, ലൈഫ് മിഷൻ കോഴപ്പണം എത്തുന്നതിനറ തലേന്ന് സ്വപ്നയും ശിവശങ്കറും നടത്തിയ വാട്സാപ് ചാറ്റ് ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ നിന്റെ തലയിൽ ഇടുമെന്നും ചാറ്റിൽ ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായും ശിവശങ്കർ ചാറ്റിൽ പറയുന്നുണ്ട്. 'നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും' എന്ന് വാട്സ് ആപ്പ് ചാറ്റിൽ ശിവശങ്കർ വിശദീകരിക്കുന്നു. ഇതോടെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു നിയമനം എന്നത് കൂടി ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിലാണോ ശിവശങ്കറിൽ നിന്നും പണം തിരിച്ചു പിടിക്കാത്തതെന്ന സംശയവും ശക്തമാണ്.