തിരുവനന്തപുരം: സ്വർണ്ണക്കടത്തു അടക്കമുള്ള കേസുകളിലെ അന്വേഷണം ബംഗളുരുവിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കവേ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. സ്‌പേസ് പാർക്കിലെ തന്റെ നിയമനം എന്തിനായിരുന്നു എന്നത് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സ്വപ്‌ന സുരേഷ് രംഗത്തുവന്നത്. ഇതെല്ലാം സർക്കാർ ലക്ഷ്യമിട്ട അഴിമതികൾക്ക് വേണ്ടിയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നുമാണ് സ്വപ്‌ന സുരേഷ് ഉർത്തുന്ന ആരോപണം. ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നൽകിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്‌ന ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്‌നയുടെ ആരോപണം.

കോടതിയിൽ നൽകിയ 164 മൊഴിയിൽ മുഖ്യമന്ത്രിയെ ഏതെല്ലാം രീതിയിലാണ് ഞാൻ മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് സ്വപ്‌ന വ്യക്തമാക്കി. അതിന് പിന്നാല ചില കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചതോടെയാണ് ഗൂഢാലോചനാ കേസിൽ അടക്കം പെടുത്തിയതെന്നും അവർ പറഞ്ഞു.

കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ അമേരിക്കൽ കമ്പനിയായ സ്പ്രിംങ്ക്‌ളറിന് വിൽപ്പന നടത്തിയെന്ന കാര്യം ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടിൽ വരുമ്പോഴാണ് എന്നോട് ശിവശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്. ഇഡിയുടെ കയ്യിൽ ഇക്കാര്യങ്ങളിൽ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചർച്ചകളുടെ തെളിവുകൾ , കെ റെയിൽ, സ്പ്രിംങ്ക്‌ളർ രേഖകൾ, വാട്‌സ് ആപ്പ് ചാറ്റുകൾ അടക്കം ഇഡിക്ക് തെളിവായി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകൾക്ക് വേണ്ടി നടത്തിയ ഇടപെടൽ, അന്നത്തെ സ്പീക്കറുടെ ഇടപെടൽ അടക്കമുള്ള തെളിവുകൾ ഇഡിയുടേയും എൻഐഎയുടേയും കൈവശമുണ്ടെന്നും സ്വപ്‌ന അവകാശപ്പെട്ടു.

''ശിവശങ്കറിൽ നിന്നാണ് ഞാൻ പല വിവരങ്ങളും അറിഞ്ഞതെന്നും സ്വപ്‌ന വിശദീകരിച്ചു. കൺസൾട്ടൻസി സ്ഥാപനങ്ങളെയാണ് ഇവർ പല പ്രൊജക്ടുകൾക്കും കൊണ്ടുവരുന്നത്. അതിൽ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതിൽ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവർക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ് ചെയ്തത്- സ്വപ്‌ന ആരോപിച്ചു. സ്‌പേസ് പാർക്കിൽ തന്നെ നിയമിച്ചതും കമ്മീഷൻ ഇടപാടുകൾക്ക് വേണ്ടിയാണ്. കമ്മീഷൻ വിലപേശലുകൾ നടത്തിയിരുന്നത് താനാണെന്നും സ്വപ്‌ന ആരോപിക്കുന്നു.

എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകൾ വീണയും ശിവശങ്കറും ചേർന്ന് കെപിഎംജിക്ക് പ്രൊജക്ട് നൽകില്ലെന്ന് തീരുമാനിക്കുകയും പിന്നീട് സിഡ്ബ്ല്യൂസിക്ക് നൽകുകയുമായിരുന്നു. എനിക്ക് ഇവിടെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകൾ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് തെളിവുണ്ട്.

അതേസമയം മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി പലകാര്യങ്ങളും ചർച്ച നടത്തിയതെന്നും സ്വപ്‌ന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നൽകിയിട്ടുണ്ട്. അത് ചോർന്നുവെന്ന വിവരം വരുന്നുണ്ട്. പക്ഷേ ഇക്കാര്യത്തിൽ വ്യക്തതയില്ല. ബംഗ്ലൂരിവിലേക്ക് കേസ് മാറ്റിയാലേ ശരിയായ രീതിയിൽ അന്വേഷണം നടക്കൂവെന്നും സ്വപ്‌ന ആരോപിക്കുന്നു.