- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്ക് കൊടുത്ത ശമ്പളം തിരിച്ചു പിടിക്കാൻ സർക്കാറിന് ശുഷ്കാന്തി കുറവോ? സ്‌പേസ് പാർക്കിലെ ജോലിക്ക് നൽകിയത് ലക്ഷങ്ങൾ; പിഡബ്ല്യുസിയുടെ വിലക്ക് കഴിഞ്ഞിട്ടും ശമ്പളം തിരികെ കിട്ടിയില്ല; 'പദവി ചെറുതെങ്കിലും ഇരട്ടി ശമ്പളം' കിട്ടുമെന്ന വാട്സ്ആപ്പ് ചാറ്റ് ചർച്ചയാകുമ്പോൾ ചർച്ചയായി ശമ്പളവിഷയം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്‌പേസ് പാർക്കിൽ അനധികൃതമായി ജോലി നൽകിയതിന്റെ പേരിൽ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്‌സിനു (പിഡബ്ലുസി) സർക്കാർ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി കഴിഞ്ഞു. അതേസമയം, സ്വപ്നയ്ക്കു വേണ്ടി കമ്പനി കൈപ്പറ്റിയ ശമ്പളം ഇതുവരെ സർക്കാരിനു തിരികെ ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കമ്പനി പണം നൽകിയില്ലെങ്കിൽ അന്നത്തെ ഐടി സെക്രട്ടറി എം.ശിവശങ്കർ, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് ഈടാക്കണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നിർദേശവും നടപ്പാക്കിയില്ല. മാസം 3.18 ലക്ഷം രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ട സ്വപ്നയുടെ ശമ്പളത്തുകയും കൺസൽറ്റൻസി ചാർജിൽ കമ്പനി ഉൾപ്പെടുത്തിയിരുന്നു.
ശമ്പളയിനത്തിൽ ചെലവായ 19 ലക്ഷം രൂപയിൽനിന്നു ജിഎസ്ടി ഒഴിവാക്കി 16.16 ലക്ഷം രൂപ കമ്പനിയിൽനിന്നു തിരിച്ചുപിടിക്കാനാണു നിർദേശിച്ചത്. സ്‌പേസ് പാർക്കിന്റെ ചുമതലയുള്ള കെഎസ്‌ഐടിഐഎൽ കഴിഞ്ഞ ജനുവരിയിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാനാകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകി. ശിവശങ്കർ ഒരു മാസം മുമ്പ് സർവീസിൽനിന്ന് വിരമിച്ചിരുന്നു. സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പിഡബ്ല്യുസി, കെഎസ്‌ഐടിഐഎല്ലിനെ അറിയിച്ചിരുന്നു. പിഡബ്ല്യുസിയെ സർക്കാർ കരാറുകളിൽനിന്ന് വിലക്കേർപ്പെടുത്തിയതിന് എതിരെ കോടതിയിൽ കേസുണ്ട്.
സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കുന്ന നിയമ നടപടികൾ ഈ കേസിന്റെ ഭാഗമായി മാറിയെന്ന് കെഎസ്‌ഐടിഐഎൽ അധികൃതർ പറഞ്ഞു. തുക തിരിച്ചടയ്ക്കാതെ, കെ ഫോൺ പദ്ധതിക്കായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണു സ്ഥാപനത്തിന്റെ തീരുമാനം. കെഎസ്‌ഐടിഐഎല്ലിനു കീഴിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്‌ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകി.
പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ എം.ശിവശങ്കർ, അന്നത്തെ കെഎസ്‌ഐടിഐഎൽ എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് നിർദേശിച്ചു. ജോലിക്കായി സ്വപ്ന സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കർ സ്വപ്നയെ അറിയിക്കുന്ന വാട്‌സാപ് ചാറ്റ് പുറത്തു വരുമ്പോഴാണ് ശമ്പള വിഷയവും ചർച്ചയാകുന്നത്. ഈ ചാറ്റ് തെളിവായി ചേർത്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
'നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും' - എന്നാണ് ശിവങ്കർ ചാറ്റിൽ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ശിവശങ്കർ-സ്വപ്ന വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്ന ചാറ്റ് ഇഡി സമർപ്പിച്ചതോടെ കേസിന്റെ ഗൗരവം വർധിച്ചിരിക്കുകയാണ്.
മറുനാടന് ഡെസ്ക്