- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനമധ്യത്തിൽ മോശക്കാരിയാക്കാൻ ശ്രമിച്ചു; മനോരമ ന്യൂസ് ചർച്ചയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നാരോപിച്ച് ഇടതുനിരീക്ഷകൻ ബി എൻ ഹസ്കറിന് എതിരെ വക്കീൽ നോട്ടീസ് അയച്ച് സ്വപ്ന സുരേഷ്; മാപ്പുപറഞ്ഞില്ലെങ്കിൽ കേസുകൊടുക്കുമെന്ന് നോട്ടീസിൽ
ബെംഗളൂരു: ടെലിവിഷൻ ചാനൽ ചർച്ചയിൽ തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രതിനിധി ബി എൻ ഹസ്കറിനെതിരെ സ്വപ്ന സുരേഷ് വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ ഹസ്കറിന് എതിരെ കേസുകൊടുക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
മനോരമ ന്യൂസ് ചർച്ചയിലാണ് ബി എൻ ഹസ്കറിന്റെ വിവാദ പരാമർശം. ഈ മാസം ഒന്നിന് നടന്ന ചാനൽ ചർച്ചയിൽ ഹസ്കർ പറഞ്ഞത് ഇങ്ങനെ:
നിഷേ ഞാൻ പറയുന്നതിൽ വളരെ സങ്കടമുണ്ട്. നമ്മുടെ മലയാളത്തിൽ ഒരുചൊല്ലുണ്ട്. ഈ ഉടുതുണിയില്ലാതെ നടക്കുന്നവനോട് മുണ്ടുരിഞ്ഞ് കാണിച്ചിട്ട് കാര്യമില്ല എന്ന്. സ്വപ്ന സുരേഷിനെ പോലെ ഒരു വ്യക്തിക്ക് നേരേ മാനനഷ്ടക്കേസ് കൊടുക്കാൻ, കേരളത്തിൽ ആറുപതിറ്റാണ്ടുകാലമായി പൊതുജീവിതം നയിക്കുന്ന ഒരുമനുഷ്യൻ തയ്യാറാകുമോ?
ഈ പരാമർശം വഴി താൻ ധാർമിക ച്യുതിയുള്ള ആളാണെന്ന് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് സ്വപ്ന ആരോപിക്കുന്നു. മാത്രമല്ല, തീർത്തും വിശ്വാസ്യതയില്ലാത്ത ആളാണെന്നും, പൊതുജനമധ്യത്തിൽ മോശക്കാരിയെന്ന് വരുത്താനും ശ്രമിച്ചെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട സ്വപ്നയുടെ ഫേ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമെന്റുകൾ ഞാൻ സഹിക്കാറില്ല. ഞാൻ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും.
എനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ ടിവിയിൽ സിപിഎംന്റെ പ്രതിനിധിയായി വരുന്ന ബി എൻ ഹസ്കറിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കും.
ഗോവിന്ദൻ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല.
ഇത് രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.
അതേസമയം, മാനനഷ്ടക്കേസിൽ എം വി ഗോവിന്ദനോട് മാപ്പുപറയില്ലെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. പേടിപ്പിക്കാമെന്നും പിന്തിരിപ്പിക്കാമെന്നും കരുതേണ്ടെയും സ്വപ്ന പറഞ്ഞു. വിജേഷ് പിള്ളയ്ക്കെതിരായ കേസിൽ കർണാടക പൊലീസിന് മാെഴിനൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. 'എനിക്ക് ഈ ഗോവിന്ദനെ അറിയില്ല. അദ്ദേഹം നോട്ടീസ് അയച്ചുവെന്ന് പറയുന്നു. അത് കിട്ടുമ്പോൾ ഞാൻ വക്കീലുമായിട്ട് സംസാരിച്ച് വേണ്ടത് ചെയ്യും. ഞാൻ മാപ്പുപറയണമെന്നാണ് ആവശ്യപ്പെടുന്നത്. മാപ്പുപറയണമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ. എന്റെ ഭാഗത്തുനിന്ന് അത് കിട്ടുമെന്ന് പ്രതീക്ഷിക്കേ വേണ്ട. നോട്ടീസ് കിട്ടിക്കഴിഞ്ഞാൽ എന്റെ വക്കീൽ അതിനുള്ള ഉത്തരം നിങ്ങൾക്ക് നൽകിയിരിക്കും. തിരുവനന്തപുരം മുതൽ കാസർകോടുവരെ നിങ്ങൾ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്ന സുരേഷ് അടങ്ങില്ല. ഇത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള സന്ദേശമാണ്. സി എം എന്റെ അങ്കിളോ ഫാദറോ അല്ല. അവർ എല്ലാം കുറ്റകൃത്യത്തിലെ പാർട്ട്ണേഴ്സാണ്. പേടിപ്പിക്കാമെന്നും പിന്തിരിപ്പിക്കാമെന്നും കരുതേണ്ട. വിജേഷിനൊപ്പമുള്ള അജ്ഞാതനെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ -സ്വപ്ന പറഞ്ഞു.
അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് സ്വപ്ന സുരേഷിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചത്.
മറുനാടന് മലയാളി ബ്യൂറോ