- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം; തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നു; ജലീലിന്റെ പരാതിയിൽ തനിക്ക് എതിരെ എടുത്ത കേസ് എന്തായി എന്നും സ്വപ്ന സുരേഷിന്റെ പരിഹാസം; വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്
തിരുവനന്തപുരം : വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ് പറയുന്നതിനിടെ, തനിക്ക് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. ജീവനു ഭീഷണിയുണ്ടെന്നാരോപിച്ച് സ്വപ്ന നൽകിയ പരാതിയിലാണ് ബെംഗളൂരു കെആർ പുരം പൊലീസ് കേസെടുത്തത്. ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയുടെ ഫോൺ സ്വിച്ച് ഓഫെന്ന് കർണാടക പൊലീസ് പറയുന്നു. ഹാജരാകാൻ വാട്സാപ്പിൽ നോട്ടീസ് അയച്ചു. വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ കേരള പൊലീസിന്റെ സഹായം തേടുമെന്നും ഡിസിപി വ്യക്തമാക്കി. എന്നാൽ താൻ ഒളിവിലല്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ബെംഗളൂരു പൊലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി
അതേസമയം, വിജേഷ് പിള്ളയുടെ പരാതിയിൽ മാനഷ്ടത്തിന് തനിക്കെതിരെ കേസെടുക്കാനാവില്ലെന്ന് സ്വപ്ന പറഞ്ഞു. പക്ഷെ തനിക്കെതിരെ കേസ് എടുക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉണ്ടാകാം എന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയിൽ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായി എന്നും സ്വപ്ന പരിഹസിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുവേണ്ടി എന്ന പേരിൽ വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. 30 കോടി രൂപ നൽകാമെന്നും ക്ലൗഡിലടക്കമുള്ള രേഖകൾ നശിപ്പിച്ചതിന് ശേഷം നാടുവിടണമെന്നും ഇടനിലക്കാരനായി എത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.
സ്വപ്നയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം...
വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു. വിജേഷ് പിള്ള എന്നേ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു.
ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പൊലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും. കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?
എന്നാൽ താൻ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വിജേഷ് പറഞ്ഞു. ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് താൻ സ്വപ്നയെ കണ്ടതെന്നും എം വി ഗോവിന്ദന്റെ ഇടനിലക്കാരനല്ല താനെന്നും തനിക്ക് പിന്നിൽ മറ്റാരുമില്ലെന്നുമായിരുന്നു വിജേഷിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ