ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ വീണ്ടും വിമർശനവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. മുഖ്യമന്ത്രിയുടെ പി.എ ബൈഭവ് കുമാറിനെതിരെ പരാതി നൽകുന്നതുവരെ തന്നെ ലേഡി സിങ്കം എന്നാണ് വിളിച്ചിരുന്നതെന്നും എന്നാൽ ഇന്ന് താൻ ബിജെപി ഏജന്റായി മാറിയെന്നും സ്വാതി ആരോപിച്ചു.

"ഇന്നലെ മുതൽ ഡൽഹി മന്ത്രിമാർ അഴിമതിയുടെ പേരിൽ എനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതായി നുണകൾ പ്രചരിപ്പിക്കുകയാണ്. എട്ട് വർഷം മുമ്പ് 2016ലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതിനുശേഷം മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണറും ചേർന്ന് എന്നെ രണ്ട് തവണ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സണായി നിയമിച്ചു. പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് പൂർണമായും വ്യാജമായിരുന്നു" സ്വാതി എക്‌സിൽ കുറിച്ചു. 'അവരുടെ അഭിപ്രായത്തിൽ, ബൈഭവ് കുമാറിനെതിരെ പരാതി നൽകുന്നതുവരെ ഞാൻ 'ലേഡി സിങ്കം' ആയിരുന്നു, ഇന്ന് ഞാൻ ഒരു ബിജെപി ഏജന്റായി മാറിയിരിക്കുന്നു,' മാലിവാൾ കൂട്ടിച്ചേർത്തു.

"ഞാൻ സത്യം പറഞ്ഞതിനാൽ മുഴുവൻ ട്രോൾ സൈന്യത്തെയും എനിക്കെതിരെ വിന്യസിച്ചു. പാർട്ടിയിലെ എല്ലാവരെയും വിളിച്ച് സ്വാതിയുടെ പേഴ്‌സണൽ വീഡിയോ ഉണ്ടെങ്കിൽ അയക്കാനും അത് ലീക്കാകണമെന്നും അവർ പറഞ്ഞു. അവർ എന്റെ ബന്ധുക്കളുടെ കാർ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് അവരുടെ ജീവൻ അപകടത്തിലാക്കുകയാണ്. കൊള്ളാം, നുണകൾ അധികകാലം നിലനിൽക്കില്ല. പക്ഷേ, അധികാരത്തിന്റെ ലഹരിയിലും ആരെയെങ്കിലും താഴെയിറക്കാനുള്ള വ്യഗ്രതയിലും സത്യം പുറത്തുവരുമ്പോൾ വീട്ടുകാരുടെ കണ്ണിൽ പോലും നോക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകരുത്.നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും ഞാൻ നിങ്ങളെ കോടതിയിൽ കൊണ്ടുവരും"സ്വാതി കുറിച്ചു.

അതേസമയം ബൈഭവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയേക്കും. മർദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്.അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് കയ്യേറ്റം ചെയ്‌തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബൈഭവ് കുമാർ തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്‌രിവാളിന്റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു. സ്വാതിയെ കെജ്രിവാളിന്റെ വസതിയിലെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.