- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെജ്രിവാളിന്റെ നിർദേശപ്രകാരം ബൈഭവ് ആക്രമിച്ചു: ആരോപണവുമായി സ്വാതി
ന്യൂഡൽഹി: മദ്യനയക്കേസിൽ പുറത്തിറങ്ങിയ ശേഷം ബിജെപിക്കെതിരെ അതിശക്തമായ വിമർശനങ്ങളുമായി മുന്നേറുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബിജെപിക്ക് തലവേദന ആകുകയാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കെജ്രിവാൾ കളം നിറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ബിജെപിക്ക് വടി നൽകുന്ന ആരോപണം ആം ആദ്മിക്ക് തലവേദന ആകുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായി തന്നെ ആക്രമിച്ചുവന്ന ആരോപണവുമായി എ.എ.പിയുടെ രാജ്യസഭാ എംപി. സ്വാതി മാലിവാൾ രംഗത്തെത്തിയതാണ് ആം ആദ്മിക്ക് തലവേദന ആകുന്നത്. ആരോപണത്തിലേക്ക് കെജ്രിവാളിനെയും വലിച്ചിഴച്ചിട്ടുണ്ട്. കെജ്രിവാളിന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണം എന്നായിരുന്നു സ്വാതി പറഞ്ഞത്. ഇക്കാര്യം സി.എൻ.എൻ. ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കളിൽ ഒരാളായ സ്വാതി ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമാണ്. കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം സ്വാതിയുടെ ആരോപണത്തെ സാധൂകരിക്കുന്ന വിധത്തിലുള്ള സാഹചര്യങ്ങളും ഉണ്ട്.
കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽനിന്ന് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പൊലീസ് കൺട്രോൾ റൂമിലേക്ക് (പി.സി.ആർ.) രണ്ട് ഫോൺ കോളുകൾ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് താൻ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ് രാവിലെ 9.34-ന് സ്വാതി മലിവാൾ പി.സി.ആറിലേക്ക് വിളിച്ചിരുന്നു. അവർ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ വന്നു. എന്നാൽ പരാതി നൽകാതെ മടങ്ങി. പരാതി പിന്നീട് നൽകുമെന്നാണ് അവർ പറഞ്ഞത്, ഡൽഹി നോർത്ത് ഡി.സി.പി. മനോജ് മീണ പറഞ്ഞു. പരാതി ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് നീക്കം.
നേരത്തെ കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെ ഡൽഹി വിജിലൻസ് വകുപ്പ് ഈയിടെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. അനധികൃത നിയമനം ആണെന്ന് ആരോപിച്ചായിരുന്നു നടപടി. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ചോദ്യംചെയ്യലിന് ബൈഭവിനെ ഇ.ഡി. വിളിപ്പിക്കുകയും ചെയ്തിരുന്നു.
സ്വാതിയുടെ ആരോപണത്തിന് പിന്നാലെ എ.എ.പിക്കെതിരേ അതിരൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപി. നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു രംഗത്ത് ഈ ആരോപണങ്ങൾ വരും ദിവസങ്ങളിൽ ബിജെപി പ്രചരണ വിഷയമാക്കിയേക്കും.