- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യായമായ കൂലി വേണം! സ്വിഗ്ഗി തൊഴിലാളികൾ കൊച്ചി നഗരത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു; മിനിമം വേതനം ഉയർത്തണമെന്ന ആവശ്യം നിരാകരിച്ച് കമ്പനി; ജീവനക്കാർ ആവശ്യപ്പെടുന്നത് മിനിമം നിരക്ക് 20ൽനിന്ന് 35 രൂപയാക്കണമെന്ന്; സമരക്കാരുമായി ലേബർ കമ്മീഷണർ ചർച്ച നടത്തും
കൊച്ചി: ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി ആവശ്യപ്പെട്ടുകൊണ്ട് സ്വിഗ്ഗി തൊഴിലാളികൾ കൊച്ചി നഗരത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ വീണ്ടും കമ്പനി തഴഞ്ഞ സാഹചര്യത്തിലാണ് ലോഗൗട്ട് സമരം. നാല് കിലോമീറ്റർ അകലെ ഭക്ഷണം എത്തിക്കുന്നതിന് 20 രൂപയാണ് വിതരണക്കാരന് ലഭിക്കുന്നത്. എന്നാൽ, തിരികെ യാത്ര ഉൾപ്പെടെ എട്ട് കിലോമീറ്റർ സഞ്ചരിക്കുമ്പോഴും നിരക്കിൽ മാറ്റമില്ല. 10 കിലോമീറ്റർ ദൂരെ ഭക്ഷണം എത്തിച്ചാൽ 50 രൂപയാണ് ലഭിക്കുക. എന്നാൽ, തിരികെ വരുന്ന കിലോമീറ്റർ പരിഗണിക്കാത്തതിനാൽ കിട്ടുന്ന കാശ് മുതലാകില്ല. മിനിമം നിരക്ക് 20ൽനിന്ന് 35 രൂപയാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ഇക്കാര്യം പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി തയ്യാറാകാത്തതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് വിതരണാനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ. കഴിഞ്ഞമാസം സൂചനാ സമരം നടത്തിയതിനെ തുടർന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചില്ല. ശനിയാഴ്ച തൊഴിലാളികളുമായി സ്വിഗ്ഗി കമ്പനി അധികൃതർ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിൽ പതിനൊന്നിൽ ഒമ്പത് സോണിലേയും തൊഴിലാളികൾ ഒന്നിച്ചാണ് പണിമുടക്കുന്നത്. അതേസമയം, സമരക്കാരുമായി ലേബർ കമ്മീഷണർ ഇന്ന് ചർച്ച വിളിച്ചിട്ടുണ്ട്.
സാധാരണ വിതരണക്കാർക്ക് നേട്ടമുണ്ടാകുന്ന തരത്തിൽ ഓർഡർ പോകാതിരിക്കാൻ തേർഡ് പാർട്ടി ആപ്ലിക്കേഷന് ഡെലിവറി അനുമതി കൊടുത്തതിനെതിരെയും തൊഴിലാളികൾ ചോദ്യം ചെയ്യുന്നുണ്ട്. സാധാരണ വിതരണക്കാർക്ക് നൽകുന്ന മിനിമം നിരക്കിനേക്കാൾ ഇരട്ടിയാണ് തേർഡ് പാർട്ടി ആപ്ലിക്കേഷന് നൽകുന്നതെന്നും ആക്ഷേപമുണ്ട്. മഴയുള്ള സമയത്തും തിരക്കേറിയ മറ്റ് സമയങ്ങളിലും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന അധിക തുകയുടെ ഗുണം വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
ദിവസത്തിൽ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ ജോലി ചെയ്യണമെന്നാണ് സ്വിഗ്ഗിയുടെ നിർദ്ദേശം. എന്നാൽ ടാർഗറ്റ് എത്തിക്കാനായി 16ഉം 17ഉം മണിക്കൂർ ജോലി ചെയ്യുന്നവരാണ് അധികവും. 'ഷാഡോ ഫാസ് എന്ന തേർഡ് പാർട്ടി ആപ്പും ഇവർക്കുണ്ട്. വിതരണക്കാർക്ക് ടാർഗറ്റ് എത്താതിരിക്കാൻ ഈ ആപ്പ് വഴി സ്വിഗ്ഗി ഓർഡർ കൊടുക്കും. അവർക്ക് ടാർഗറ്റും ഇല്ല ഇൻസെന്റീവും ഇല്ല. ഒരു ദിവസം 500 രൂപയ്ക്ക് സർവീസ് നടത്തിയാൽ 200 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക. 600 രൂപക്ക് 250രൂപയും 850രൂപയ്ക്ക് 375 രൂപയും ഇൻസെന്റീവ് ലഭിക്കും.
ആഴ്ചയിൽ 4001 രൂപയുടെ സർവീസ് നടത്തിയാൽ 1400 രൂപ ഇൻസെന്റീവ് ആയി കിട്ടും. കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടവരും തിരികെ പോവാൻ കഴിയാതിരുന്ന പ്രവാസികളുമുൾപ്പെടെ പതിനായിരത്തിലധികം സ്വിഗ്ഗി തൊഴിലാളികൾ പുതുതായി ജോലി തുടങ്ങിയിട്ടുണ്ട്. എന്നാൽ അവരെ പരമാവധി ചൂഷണം ചെയ്യുന്ന സമീപനമാണ് കമ്പനിയുടേതെന്ന് തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ദിവസം സ്വിഗ്ഗി കേരള സോൺ മേധാവികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒക്ടോബറിൽ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതും പാലിച്ചില്ല. നിലവിൽ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് സ്വിഗി നൽകുന്നത്. ഇത് നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ്. എന്നാൽ ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ പറയുന്നു. ഉപഭോക്താക്കളിൽ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്.
വേതന വർദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജോലി ബഹിഷ്‌കരിച്ചായിരുന്നു സമരം. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാർട് ടൈം ജീവനക്കാർക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.