പത്തനംതിട്ട: സീതത്തോട് ഗുരുനാഥൻ മണ്ണിൽ കണ്ടെത്തിയത് ആഫ്രിക്കൻ പന്നിപ്പനി. ഭോപ്പാലിലെ വൈറോളജി ലാബിൽ നിന്ന് കഴിഞ്ഞ 12 നാണ് ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധനാ ഫലം ലഭിച്ചത്. ഗുരുനാഥൻ മണ്ണ് ഇഞ്ചപ്പാറയിലെ ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. നൂറിനടുത്ത് പന്നികളാണ് ഫാമിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം ഇതിൽ ഭൂരിഭാഗവുംഅസുഖം ബാധിച്ച് ചത്തു.

തുടർന്ന് സീതത്തോട് മൃഗാശുപത്രിയിൽ നിന്ന് അവയുടെ ശരീരസ്രവം ടെസ്റ്റ് ചെയ്യാൻ ഭോപ്പാലിലേക്ക് അയച്ചിരുന്നു. ഉള്ള ലാബിൽ അയച്ചിരുന്നു. ആഫ്രിക്കൻ സ്വൈൻ വൈറസ് ആണ് രോഗാണുവെന്ന് പരിശോധനാഫലം പറയുന്നു. കാട്ടുപന്നികളിൽ നിന്ന് പടരുന്ന ഈ വൈറസിന് ഫലപ്രദമായ വാക്സിനേഷൻ നിലവിൽ ലഭ്യമല്ല. ഫാമുകളിൽ നിന്നുള്ള പന്നികളെ തീറ്റയ്ക്കായി തുറന്നു വിടാറുണ്ട്. അങ്ങനെയാകാം വൈറസ് ബാധിച്ചത് എന്നാണ് കരുതുന്നത്.

പന്നികൾ കൂട്ടത്തോടെ ചത്തപ്പോൾ ഈ ഫാമിൽ സീതത്തോട് മൃഗാശുപത്രിയിൽ നിന്ന് വാക്സിനേഷൻ നടത്തിയിരുന്നു. അവശേഷിക്കുന്ന പന്നികൾക്കും അസുഖം കണ്ടെത്തിയിട്ടുണ്ട്. പന്നികളിൽ ബാധിച്ച വൈറസ് മനുഷ്യനോ മറ്റു മൃഗങ്ങളിലോ പകരുന്നവയല്ല. അസുഖം ബാധിച്ച പന്നികളുടെ ഇറച്ചിയിൽ നിന്ന് വൈറസ് ബാധിക്കില്ലെന്നാണ് വെറ്റിനറി ഡോക്ടർമാർ പറയുന്നത്്.

രോഗം മറ്റ് പന്നികളിലേക്ക് ബാധിക്കുന്നത് തടയാൻ ജില്ലാ ഭരണകൂടം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സീതത്തോട് പഞ്ചായത്ത് ഒമ്പതാം വാർഡിലാണ് രോഗം കണ്ടെത്തിയത്. ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവിൽ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാർക്കറ്റുകളും മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കലും പൂർത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ പാടില്ലാത്തതാണ്. കടകളിൽ നിന്നും പന്നിയിറച്ചി വിൽക്കുന്നതിനോ കൊണ്ടുപോകുന്നതിനോ അനുവാദം നൽകുന്നതല്ല.

മനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാൽ അവശ്യഘട്ടത്തിലേക്ക് മാത്രമായി ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തേണ്ടതാണ്. കോന്നി തഹസിൽദാർ, സീതത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർ പൊലീസിന്റെ സഹായത്തോടെ നിർദ്ദേശങ്ങൾ നടപ്പാക്കണം. ആവശ്യമായ പൊലീസ് സേനയെ രോഗബാധിത പ്രദേശത്തും 10 കിലോമീറ്റർ ചുറ്റളവിലുള്ള നിരീക്ഷണ പ്രദേശത്ത് നിയോഗിച്ച് ഉത്തരവുകൾ കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷൻ പ്ലാൻ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കർശനമായി നടപ്പിൽ വരുത്തുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണം.

രോഗബാധിത പ്രദേശങ്ങൾ

രോഗബാധിത പ്രദേശങ്ങൾ (ഇൻഫെക്ടഡ് സോൺ) എന്നത് സീതത്തോട് ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒൻപത് ആണ്. ഈ രോഗം സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയിൽ (സർവൈലൻസ് സോൺ) ഉൾപ്പെടുന്ന പഞ്ചായത്തുകൾ: 1. സീതത്തോട്, 2.ചിറ്റാർ, 3.തണ്ണിത്തോട്, 4.റാന്നിപെരുനാട്, 5.വടശേരിക്കര.