കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ ജീവപര്യന്തം തടവിനും പത്തുവർഷം കഠിനതടവിനും ശിക്ഷിക്കപ്പെട്ട പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ മര്യാദക്കാരനെന്ന് ജയിൽ അധികൃതരും പൊലിസും. വിഷ്ണുപ്രിയയോടു പ്രണയപ്പക തീർത്ത് അരുംകൊല നടത്തിയ നരാധമൻ ആണെങ്കിലും ജയിലിൽ മര്യാദക്കാരനാണെന്നാണ് ജയിൽ അധികൃതർ പറയുന്നത.

2022 ഒക്ടോബർ 22-ന് വള്ള്യായിയിലെ വീട്ടിൽ നിന്നും വിഷ്ണുപ്രിയ കൊല്ലപ്പെട്ടതിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായ ശ്യാംജിത്ത് കഴിഞ്ഞ ഒന്നേമുക്കാൽ വർഷത്തോളം ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നപ്പോൾ ജയിലിലേക്ക് കൊണ്ടുവന്ന ഇയാൾ ആദ്യദിനങ്ങളിൽ തലചുമരിൽ ഇടിച്ചും കൈ ഞരമ്പുകൾ മുറിച്ചും ആത്മഹത്യാ പ്രവണത കാണിച്ചതിനെ തുടർന്ന് ജയിൽ അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ക്രമേണെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന ശ്യാംജിത്ത് ജയിൽ ജീവിതവുമായി ഇണങ്ങി ചേരുകയായിരുന്നു.

സ്ഥിരം നിരീക്ഷണത്തിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ ഓഫീസ് ഡ്യൂട്ടിയിൽ സഹായിക്കാനാണ് ഇയാളെ നിയോഗിച്ചത്. അതുകൊണ്ടു തന്നെസൗമ്യമായ പെരുമാറ്റവും അനുസരണയും കാണിക്കുന്ന ശ്യാംജിത്ത് തന്റെ പെരുമാറ്റത്തിലൂടെ ജയിൽ ശിക്ഷയിൽ നിന്നും ഇളവുനേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുൻപോട്ടുനീങ്ങുന്നത്. മരണം വരെ ജീവപര്യന്തം തടവെന്ന് കോടതി വിധിച്ചിട്ടുണ്ടെങ്കിലും സാധാരണയായി അതു 14-വർഷത്തിനപ്പുറം പോകാറില്ല.

അതുകൊണ്ടു തന്നെ ഇരുപത്തിയേഴാംവയസിൽ ജയിൽ ശിക്ഷയാരംഭിച്ച ശ്യാംജിത്ത് മുപ്പത്തിയൊൻപതാമത്തെ വയസിൽ പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്. വീട്ടിൽഅതിക്രമിച്ചു കയറി അക്രമം നടത്തിയതിന് കോടതി പത്തുവർഷം കഠിനതടവും വിധിച്ചിട്ടുണ്ടെങ്കിലും ഇതു ഇളവു ചെയ്യുന്നതിനായി ഹൈക്കോടതിയെ സമീപിക്കാൻ ശ്യാംജിത്തിന്റെ അഭിഭാഷകർ നീക്കം നടത്തുന്നുണ്ട്. അഡ്വ. എസ്. പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവരാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.

വിഷ്ണുപ്രിയയെ മാത്രമല്ല അവരുടെ ആൺസുഹൃത്തായ വിപിൻരാജിനെയും അപായപ്പെടുത്താൻ ശ്യാംജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് പൊലിസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട്് സർട്ടിഫിക്കറ്റു വാങ്ങുന്നതിനായി പോയ വിഷ്ണുപ്രീയയെയും ആൺ സുഹൃത്ത്വിപിൻരാജിനെയും ശ്യാംജിത്ത് ബൈക്കിൽ പിൻതുടർന്ന് പോയി ഭീഷണിപ്പെടുത്തിയതായും പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തന്നെ അഞ്ചു വർഷക്കാലം സ്നേഹിച്ചു വഞ്ചിച്ച വിഷ്ണുപ്രീയയെ മറ്റൊരാൾ സ്വന്തമാക്കുന്നത് സഹിക്കാൻ കഴിയാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി.

ഒരുവിവാഹ ചടങ്ങിനിടെയാണ് വിഷ്ണുപ്രീയയും ശ്യാംജിത്തും തമ്മിൽ തെറ്റിപിരിയുന്നത്. ഇതിന് ശ്യാംജിത്ത് മാപ്പുപറഞ്ഞു ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതോടെ ഇവർ കൂടുതൽ അകലുകയായിരുന്നു. ശ്യാംജിത്തിനെ ഒഴിവാക്കുന്നതിനായി വയനാട്ടിൽ വിനോദയാത്ര പോകവെ പരിചയപ്പെട്ട വിപിൻരാജിന്റെ ഫോൺ നമ്പർ തേടിപ്പിടിച്ചു വിളിച്ചു പുതിയ ബന്ധമുണ്ടാക്കുന്നതിന് മുൻകൈയെടുത്തത് വിഷ്്ണുപ്രീയ തന്നെയായിരുന്നുവെന്നാണ് വിവരം. ഇതോടെയാണ് രണ്ടുപേരെയും വകവരുത്താൻ ശ്യാംജിത്ത്പദ്ധതിയിടുന്നത്.

ആദ്യം വിഷ്ണുപ്രീയയെയും പിന്നീട് ആൺസുഹൃത്തിനെയും തീർക്കുകയായിരുന്നു പദ്ധതി. ഇതിനായി വിഷ്ണുപ്രീയ ജോലി ചെയ്യുന്ന പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രതിയെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഭവദിവസവും വിഷ്ണുപ്രീയയെ തേടിപ്രതി പാനൂരിലെത്തുകയും അവിടെയില്ലാത്തതിനെ തുടർന്ന് വീട്ടിലേക്ക് വരികയുമായിരുന്നു. തന്റെ മൊബൈൽ ഫോൺ മാനന്തേരിയിലെ വീട്ടിൽ വച്ചതിനു ശേഷമാണ് കൊലനടത്താനായി പുറപ്പെട്ടത്. ഈ ദൃശ്യങ്ങൾ പിന്നീട് കോടതിയിൽ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. സംഭവം നടന്ന് 12 മണിക്കൂറിനകം പ്രതിയെ പിടിച്ചു. 35 ദിവസത്തിനകം കുറ്റപത്രം നൽകി. പ്രതിയെ അറസ്റ്റ് ചെയ്തതും അതിവേഗത്തിൽ അന്വേഷണം നടത്തിയതും അന്നത്തെ പാനൂർ ഇൻസ്പെക്ടർ എംപി. ആസാദായിരുന്നു. ഇന്നദ്ദേഹം ഹൊസ്ദുർഗ് ഇൻസ്പെക്ടറാണ്. പ്രതി ശ്യാംജിത്ത് ജാമ്യത്തിലിറങ്ങരുതെന്ന നിർബന്ധം പൊലീസിനുണ്ടായിരുന്നുവെന്ന് ആസാദ് പറയുന്നു. പ്രതി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രോസിക്യൂഷൻ വാദിച്ചതും ഇതുതന്നെയാണ്.

ഉച്ച ഒരുമണിയോടെയാണ് കൊലപാതകം നടന്നത്. ആറുമണിക്ക് പ്രതിയെ പിടിച്ചു. 10 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ ദിവസംമുതൽ എല്ലാം വേഗത്തിലായിരുന്നു-ആസാദ് പറഞ്ഞു. കത്തി കണ്ടെത്തിയതും ശാസ്ത്രീയ പരിശോധന നടത്തിയതുമെല്ലാം ഒരു ദിവസംപോലും വൈകാതെ. ഒടുവിൽ 35 ദിസംകൊണ്ട് കുറ്റപത്രം സമർപ്പിക്കാനുമായി.

വിധിയിൽ സന്തോഷമുണ്ടെന്നും കോടതി വിധി മാനിക്കുന്നുവെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ പറഞ്ഞത്. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് വിഷ്ണുപ്രിയയുടെ സഹോദരി വിപിനയും പറഞ്ഞു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. സഹോദരിയെ തിരിച്ചുകിട്ടില്ലല്ലോ എന്നും അവർ പറഞ്ഞു. സഹോദരിമാരായ വിപിന, വിസ്മയ എന്നിവർ ശിക്ഷയറിയാൻ കോടതിയിൽ എത്തിയിരുന്നു. ഇരുവരെയും കേസിൽ സാക്ഷികളായി വിസ്തരിച്ചിരുന്നു. വിധി സ്വാഗതം ചെയ്യുന്നതായി വിഷ്ണുപ്രിയയുടെ വല്യച്ഛനും കേസിൽ പരാതിക്കാരനുമായ കെ. വിജയൻ പറഞ്ഞു.

വിചാരണയുടെ അവസാനത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി 746 ചോദ്യങ്ങളാണ് പ്രതിയോട് ചോദിച്ചത്. 39 ചോദ്യങ്ങൾക്ക് ശരി എന്ന് ഉത്തരം നൽകി. പലതിനും കൃത്യമായ മറുപടി നൽകിയില്ല. വിഷ്ണുപ്രിയയെ നേരത്തേ അറിയാം, ഫോണിൽ സംസാരിച്ചിരുന്നു, സംഭവദിവസം പാനൂരിൽ പോയിരുന്നു എന്നതൊക്കെ പ്രതി സമ്മതിച്ചു.