കൊച്ചി: തന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി ടി ജി നന്ദകുമാർ. പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. പിണറായിയെ ഫ്‌ളാറ്റിലെത്തി നേരിട്ടു കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ 50 ലക്ഷം കൊടുത്ത് ആരുടെയും കത്ത് വാങ്ങിയിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. ശരണ്യ മനോജാണ് തനിക്ക് കത്തു നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിന് കത്ത് കൈമാറിയത് പണം വാങ്ങിയല്ലെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി. ശരണ്യ മനോജ് പരാതിക്കാരിയെ വിറ്റ് കാശാക്കിയെന്നും ദല്ലാൾ ആരോപിച്ചു.

പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് പരാതിക്കാരിയുടെ കത്ത് കൈമാറിയതെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ജോഷി കുര്യൻ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ട് ഉറപ്പാക്കിയ ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രൂപ പോലും വാങ്ങാതെയാണ് ഏഷ്യാനെറ്റ് ന്യൂസിന് കത്ത് നൽകിയത്. അതിജീവിതയ്ക്ക് 1.25 ലക്ഷം നൽകിയാണ് കത്ത് താൻ വാങ്ങിയതെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി.

ജോഷി കുര്യൻ കത്ത് പുറത്ത് വിട്ടത് അതിജീവിതയെ കണ്ട് ഉറപ്പാക്കിയ ശേഷമാണ്. 2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും. രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ഈ കേസ് കലാപത്തിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ടി ജി നന്ദകുമാർ കൂട്ടിച്ചേർക്കുന്നു.

സോളർ കേസിലെ പരാതിക്കാരി ജയിലിൽ വച്ച് എഴുതിയ കത്തിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായും മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദനുമായും സംസാരിച്ചിരുന്നുവെന്നും ദല്ലാൾ വ്യക്തമാക്കി. എകെജി സെന്ററിനടുത്തുള്ള ഫ്‌ളാറ്റിൽ വച്ചാണ് പിണറായി വിജയനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു.

കത്ത് പുറത്തുവരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചെന്നും ഇതാണു കോൺഗ്രസിന്റെ തോൽവിക്കു കാരണമായതെന്നും നന്ദകുമാർ പറഞ്ഞു. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കത്ത് പുറത്തുവിടണമെന്നു തോന്നിയത് ഉമ്മൻ ചാണ്ടിയുടെ പേര് അതിൽ ഉണ്ടായിരുന്നതു കൊണ്ടാണ്. രണ്ട് സിബിഐ കേസുകളിൽ ഉമ്മൻ ചാണ്ടി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. രണ്ടു കത്തുകളുണ്ട്. 25 പേജുള്ള കത്താണ് ഒറിജിനൽ എന്നാണ് കരുതുന്നത്. ഗണേശ് കുമാറുമായി ഒരു ബന്ധവുമില്ലെന്നും നന്ദകുമാർ പറഞ്ഞു.

''കത്ത് സംഘടിപ്പിക്കാൻ വി എസ്.അച്യുതാനന്ദൻ പറഞ്ഞു. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. കത്ത് എനിക്കു നൽകിയത് ശരണ്യ മനോജാണ്. കത്തു നൽകിയതിന് മാധ്യമപ്രവർത്തകനിൽനിന്ന് പണം കൈപ്പറ്റിയില്ല. അതേ സമയം 1.25 ലക്ഷം രൂപ പരാതിക്കാരിക്കു നൽകിയിട്ടുണ്ട്. ബെന്നി ബഹനാനും തമ്പാനൂർ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നൽകാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവർക്കു നൽകിയത്. കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നു. പിണറായിയെ കണ്ട് കത്തിലെ വിവരങ്ങൾ ധരിപ്പിക്കുകയും കത്ത് വായിക്കാൻ വി എസ്.അച്യുതാനന്ദന് നൽകുകയും ചെയ്തു.

പിണറായി വിജയൻ മുഖ്യമന്ത്രിയായി മൂന്നു മാസം കഴിഞ്ഞ് പരാതിക്കാരി നൽകിയ പരാതിയിൽ സാമ്പത്തികമായും ശാരീരികമായും ഉമ്മൻ ചാണ്ടി ദുരുപയോഗിച്ചു എന്നു പറയുന്നു. വീണ്ടും തിരഞ്ഞെടുപ്പായപ്പോൾ കേസ് സിബിഐയ്ക്ക് വിട്ടു. 2016 ൽ 74 സീറ്റിൽ ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി വിമാനത്തിൽ വച്ച് എന്നോടു പറഞ്ഞു. എന്നാൽ, മൂന്നൂ പേർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതോടെയാണ് ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തത്. യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ കത്ത് പുറത്തവരണമെന്ന് ആഗ്രഹിച്ചു.

ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് ഞാൻ കാരണം പിണറായി വിജയനു പ്രശ്നമുണ്ടായി. ഇത് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ മാറി. എനിക്കെതിരെ രണ്ടു കേസ് സിബിഐയ്ക്ക് വിട്ട് തേജോവധം ചെയ്ത ആളാണ് ഉമ്മൻ ചാണ്ടി. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിന് മുൻപ് അതു പരിഹരിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും സോളർ കേസ് വച്ച് എൽഡിഎഫ് നേട്ടമുണ്ടാക്കി. വി എം.സുധീരൻ ഉണ്ടാക്കിയ കലാപം, ജിഷ വധം, സോളാർ എന്നിവയായിരുന്നു 2016 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടമായത്. അന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണത്തിൽ 60 ശതമാനവും സോളർ കേസായിരുന്നു എന്നാണ് എൽഡിഎഫ് വിലയിരുത്തിയത്.''- നന്ദകുമാർ പറഞ്ഞു.

പിണറായി വിജയൻ തന്നെ മുറിയിൽനിന്ന് ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. ''കേരള ഹൗസിൽ വിഎസിന്റെ മുറിയുടെ ബെല്ലടിച്ചപ്പോൾ മാറിപ്പോയി. അത് പിണറായിയുടെ മുറിയായിരുന്നു. അപ്പോൾ, നിങ്ങളെന്താണ് കാണിക്കുന്നതെന്നു പിണറായി ചോദിച്ചു. അത്രമാത്രമേ ഉണ്ടായുള്ളു. എന്നെ ഇറക്കിവിട്ടിട്ടില്ല'' - നന്ദകുമാർ പറഞ്ഞു.

''സിബിഐ ഡൽഹിയിൽ വന്നു കണ്ട് കത്ത് ഏതൊക്കെയാണ് എന്നും പരാതിക്കാരിക്ക് എത്ര പണം കൊടുത്തു എന്നും മാത്രമേ ചോദിച്ചുള്ളൂ. മാധ്യമ പ്രവർത്തകനെ അങ്ങോട്ട് വിളിച്ചാണ് കത്ത് ഏൽപിച്ചത്. ഒരു സാമ്പത്തിക ഇടപാടും നടന്നില്ല. ശരണ്യ മനോജ് പരാതിക്കാരിയെ 'വിറ്റ് കാശാക്കി'യെന്നും നന്ദകുമാർ പറഞ്ഞു.