കണ്ണൂർ: ഒരു കാലത്ത് സിപിഎമ്മിന്റെ രാഷ്ട്രീയ പിന്തുണയിൽ അനായാസം കുറ്റകൃത്യങ്ങൾ നടത്തി വിലയിരിരുന്ന സംഘം. ചൊക്ലി മോഡൽ വെട്ട് വെട്ടി പ്രതിയോഗിയുടെ മുഖം വികൃതമായി വധിക്കുന്ന ക്രിമിനൽ സംഘം. ഈ സംഘത്തിനാണ് ടി പി ചന്ദ്രശേഖർ വധക്കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളിൽ ബഹുഭൂരിപക്ഷം പേരും കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്. ഗൂഢാലോചനക്കാരിൽ ചിലർ കോഴിക്കോട്ടുകാരാണെങ്കിലും നടപ്പാക്കിയത് കണ്ണൂരുകാരാനയിരുന്നു.

ഗൂഢാലോചന നടത്തിയ സിപിഎം പ്രാദേശിക നേതാക്കളും കൊല നടത്തിയ ഗുണ്ടകളും അടങ്ങുന്ന ക്രിമിനൽ സംഘമാണ് ഈ സ്‌ക്വാഡ് അംഗങ്ങൾ. കോഴിക്കോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന പാനൂർ, ചൊക്ലി പ്രദേശത്തുനിന്നുള്ളവരാണ് പ്രതികളിലേറെയും. കണ്ണൂർ കഴിഞ്ഞാൽ മാഹി സ്വദേശികൾക്കാണ് പ്രതിപ്പട്ടികയിൽ രണ്ടാം സ്ഥാനം. 14 പ്രതികളിൽ കെ.സി. രാമചന്ദ്രനും കെ.കെ. കൃഷ്ണനും മാത്രമാണ് കോഴിക്കോട്ടുകാർ. ഇപ്പോൾ പരോൾ പോലും ലഭിക്കാത്ത വിധത്തിൽ കോടതി പൂട്ടിയിരിക്കുന്നത് ക്രിമിനലുകൾ ഇവരാണ്.

ഒന്നാം പ്രതി എം.സി. അനൂപ് കണ്ണൂർ പാനൂർ ചെണ്ടയാട് സ്വദേശിയാണ്. ടി.പിയെ ഇടിച്ചുവീഴ്‌ത്തിയ ഇന്നോവ ഓടിച്ചയാൾ. മുമ്പ് ആർ.എസ്.എസിൽ പ്രവർത്തിച്ച ഇയാൾ ഗൂഢാലോചനയിലും പങ്കാളിയാണ്. മൂന്നാം പ്രതി കൊടി സുനിയും കണ്ണൂരുകാരൻ. ചൊക്ലി നെടുമ്പറം സ്വദേശിയായ ഇയാൾ മുമ്പ് ആർ.എസ്.എസിൽ പ്രവർത്തിച്ചു. നാലാം പ്രതി ടി.കെ. രജീഷ് കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശിയാണ്.

വിദ്യാർത്ഥി കാലം തൊട്ടേ ക്രിമിനൽ സംഘത്തിലുണ്ട്. അഞ്ചാം പ്രതി മുഹമ്മദ് ഷാഫി ചൊക്ലി സ്വദേശി. പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്നയാളെന്നാണ് കുറ്റപത്രത്തിലുള്ളത്. ആറാം പ്രതി അണ്ണൻ സിജിത്ത് പാനൂർ ചമ്പാട് അരയാക്കൂൽ സ്വദേശി. കൊലപാതകമടക്കം ഒട്ടേറെ കേസുകളുള്ള ക്വട്ടേഷൻ സംഘാംഗം.

11ാം പ്രതി ട്രൗസർ മനോജൻ പാനൂരിനടുത്ത ചെറുപ്പറമ്പ് കൊളവല്ലൂർ സ്വദേശിയാണ്. 13ാം പ്രതി അന്തരിച്ച പി.കെ. കുഞ്ഞനന്തനും പാനൂർ സ്വദേശി. 31ാം പ്രതി ലംബു പ്രദീപനും ചൊക്ലി സ്വദേശി. ഇന്നോവയിലെത്തിയ പ്രതികളുടെ വാൾ ഒളിപ്പിച്ചെന്നാണ് കുറ്റം. വിചാരണക്കോടതി വെറുതെ വിട്ടശേഷം ഹൈക്കോടതി പ്രതികളാക്കിയ 12ാം പ്രതി ജ്യോതിബാബുവും ചൊക്ലി സ്വദേശി. ഗൂഢാലോചനയിൽ പങ്കെടുത്ത ഇയാൾ സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റിയംഗമാണ്. രണ്ടാം പ്രതി കിർമാണി മനോജ് മാഹി പന്തക്കൽ സ്വദേശിയാണെങ്കിലും പ്രവർത്തന മേഖല കണ്ണൂർ. കൊല നടക്കുന്ന വേളയിൽ തന്നെ പള്ളൂർ സ്റ്റേഷനിൽ 15ലേറെ ക്രിമിനൽ കേസിൽ പ്രതി. ഏഴാം പ്രതി കെ. ഷിനോജും മാഹി സ്വദേശിയാണ്.

ഈ ക്രിമിനൽ സംഘത്തെ പൂട്ടിയത് കെ കെ രമയെന്ന പെണ്ണൊരുത്തിയാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പഴുതുകൾ നൽകാതെയുള്ള നിയമപോരാട്ടമാണ് പ്രതികളുടെ ശിക്ഷ വർധിപ്പിക്കാൻ ഇടയാക്കിയത് ഇവരുടെ നിശ്ചയദാർഢ്യം നിറഞ്ഞ പോരാട്ടമായിരുന്നു. കെ.കെ. രമ എംഎ‍ൽഎയുടെയും സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി. കുമാരൻ കുട്ടിയുടെയും നേതൃത്വത്തിലാണ് കേസ് നടന്നത്. വിചാരണകോടതിയിൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.കെ. ശ്രീധരൻ സ്ഥാനമൊഴിഞ്ഞതോടെ കേസ് നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്തമേറ്റെടുത്ത് ഹൈക്കോടതിയിലും വിജയം നേടിയിരിക്കുകയാണ് സംഘം. സംസ്ഥാന സർക്കാർ വലിയ താൽപര്യം കാണിക്കാതിരുന്ന കേസായിട്ടും പ്രോസിക്യൂഷന് വിജയം നേടാനായത് ഇവരുടെ ആത്മാർഥ ശ്രമംകൊണ്ടാണ്.

കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കാസർകോട് ഡി.സി.സി പ്രസിഡന്റുമായിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരൻ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് ഹൈക്കോടതിയിൽ അപ്പീൽവാദം തുടങ്ങാനിരിക്കെ ചുമതലകളിൽനിന്ന് ഒഴിവായിരുന്നു. അദ്ദേഹം സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു.

2023 സെപ്റ്റംബർ നാല് മുതൽ അഞ്ച് മാസത്തോളം എല്ലാ ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി അന്തിമ വിധിയിലെത്തിയത്. കേസിൽ അഞ്ചാം സാക്ഷിയായ കെ.കെ. രമയും ആറാംസാക്ഷി അച്യുതനുമാണ് സിപിഎമ്മിന് ടി.പിയോട് ശത്രുതയുള്ളതായി മൊഴി നൽകിയത്. ആക്രമിക്കുന്നതിന് നാലുമാസം മുമ്പ് സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കത്ത് ലഭിച്ചകാര്യം രമ കോടതിയിൽ പറഞ്ഞു. താൻ മുമ്പ് പ്രവർത്തിച്ച പാർട്ടി, തീരുമാനിച്ച കാര്യം നടപ്പാക്കാതെ പിന്മാറില്ലെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ അത് കെ.സി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ തുടങ്ങിയ പ്രതികൾ അറിഞ്ഞുകൊണ്ടായിരിക്കുമെന്നും ടി.പി പറഞ്ഞിരുന്നതായി രമ മൊഴി നൽകി. വധിക്കപ്പെടുന്നതിന് ഒരാഴ്ചമുമ്പാണ് ടി.പി ഇക്കാര്യം പറഞ്ഞിരുന്നതെന്നും രമ മൊഴി നൽകിയിരുന്നു.

വിചാരണ കോടതിയുടെ ശിക്ഷാവിധി ശരിവെച്ച ഹൈക്കോടതി, കൂടുതൽ കുറ്റങ്ങൾകൂടി ചുമത്തിയാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. വിചാരണ കോടതി കണ്ടെത്തിയ എല്ലാ കുറ്റങ്ങളും ശരിവെക്കുന്നതായി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. കൂടാതെ ആറുപേർക്കെതിരെ ഗൂഢാലോചന കുറ്റം ഹൈക്കോടതിയും ചുമത്തി. കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാർ സംഘടിപ്പിച്ച 18ാം പ്രതി റഫീഖിന് വാഹനം കൊലപാതകത്തിന് ഉപയോഗിക്കാനാണെന്ന് അറിയാമായിരുന്നുവെന്ന ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അതിനാൽ, കൊലപാതക കുറ്റത്തിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷക്ക് അർഹനാണ്. അതേസമയം, വ്യാജ രേഖയുണ്ടാക്കിയെന്നതിന് തെളിവില്ലാത്തതിനാൽ കുറ്റം ചുമത്താനാവില്ല.

ആയുധങ്ങൾ ഒളിപ്പിച്ചുവെന്ന കുറ്റം 31ാം പ്രതി പ്രദീപനെതിരെ വ്യക്തമാണ്. അതിനാൽ തെളിവു നശിപ്പിച്ചെന്ന കണ്ടെത്തൽ ശരിയാണ്. അതേസമയം, ആറാം പ്രതിയെ ആശുപത്രിയിലെത്തിച്ച് തെറ്റായ വിവരം നൽകി എന്നതിന് തെളിവില്ലാത്തതിനാൽ ബന്ധപ്പെട്ട കുറ്റം ചുമത്താനാവില്ല. വിട്ടയക്കപ്പെട്ടവരുടെ കാര്യത്തിലും വിചാരണ കോടതിയുടെ നിലപാടിൽ തെറ്റില്ലെന്നും പ്രതിചേർക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുതുതായി പ്രതിചേർത്ത കെ.കെ. കൃഷ്ണനും ജ്യോതിബാബുവും മറ്റ് പ്രതികൾക്ക് നൽകിയ ശിക്ഷക്ക് അർഹരാണെങ്കിലും പ്രായാധിക്യവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് ജീവപര്യന്തം മാത്രമാക്കി ചുരുക്കുന്നത്. ശിക്ഷാഇളവ് അവകാശം റദ്ദാക്കാതെയാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

കേരളത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ടി.പി. ചന്ദ്രശേഖരൻ വധക്കേസിന്റെ കോടതി നടപടികൾ വൻ മാധ്യമശ്രദ്ധയാണ് ആകർഷിച്ചത്. 2012 ഓഗസ്റ്റ് 13ന് 76 പേരെ പ്രതിയാക്കി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയതു മുതൽ കേസ് മുഴുവനായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2012 നവംബർ 15ന് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയതോടെ കനത്ത കാവലിൽ പ്രതികളെ എരഞ്ഞിപ്പാലത്തെ കോടതിയിൽ എത്തിക്കുന്നതും അവർ പോവുന്ന വഴികളുമെല്ലാം മാധ്യമങ്ങൾ പിന്തുടർന്നു.

വിചാരണ കോടതി നടപടികൾ ഇത്ര വിശദമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവവും സംസ്ഥാനത്ത് ആദ്യമായായിരുന്നു. 2013 ജൂലൈ 31ന് സാക്ഷിവിസ്താരം പൂർത്തിയായി 2014 ജനുവരി 28ന് വിധി വരുംവരെ കോടതിയിലെ ഓരോ നടപടികളും പൂർണമായി റിപ്പോർട്ട് ചെയ്തിരുന്നു. കൊലക്കുശേഷമുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ടി.പി കേസ് ചർച്ചയായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.കെ. രമ സ്ഥാനാർത്ഥിയായതോടെ കൊലപാതകം വലിയ ചർച്ചയായി. ചൊവ്വാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സ്ഥാനാർത്ഥികളുടെ പ്രതികരണം വരുന്നതിനിടെ ശിക്ഷ വർധിപ്പിച്ചുള്ള കോടതി വിധികൂടി വന്നതോടെ മാധ്യമശ്രദ്ധ അങ്ങോട്ടു മാറി.