തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കു നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ നീക്കം പരാജയപ്പെട്ടതോടെ സര്‍ക്ക് മറ്റു തടവുകള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനുള്ള നീക്കവും ഉപേക്ഷിക്കുകയാണ്. തങ്ങളുടെ ഇഷ്ടക്കാരായവര്‍ക്ക് ഇളവില്ലെങ്കില്‍ മറ്റാര്‍ക്കു വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആയിരത്തിലധികം അര്‍ഹരായ തടവുകാര്‍ക്കു ഇളവു നിഷേധിച്ച് സര്‍ക്കാര്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഇളവ് നല്‍കാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്.

ഇളവിന് അര്‍ഹതയുള്ളവരുടെ പട്ടിക സൂക്ഷ്മപരിശോധന നടത്താന്‍ ആറു മാസത്തേക്കു നിയോഗിച്ച ഉദ്യോഗസ്ഥ സമിതികള്‍ നാലരമാസമായിട്ടും യോഗം ചേര്‍ന്നിട്ടു പോലുമില്ല. മുന്‍പുണ്ടായ വിവാദമാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. ആഭ്യന്തരം, നിയമം, ജയില്‍ വകുപ്പുകളിലെ മൂന്ന് ഉന്നതോദ്യോഗസ്ഥര്‍ വീതമുള്ള രണ്ടു സമിതികളെ മേയ് 4നാണു നിശ്ചയിച്ചത്. ആദ്യഘട്ടമായി ജയിലുകളോടു മാനദണ്ഡപ്രകാരം പട്ടിക പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ടു.

ടിപി കേസ് കുറ്റവാളികളായ ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവരെയും ഉള്‍പ്പെടുത്തിയാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ജൂണില്‍ പട്ടിക നല്‍കിയത്. ഇവരുടെ പൊലീസ് റിപ്പോര്‍ട്ട് തേടി ജയിലില്‍നിന്ന് അയച്ച കത്തു പക്ഷേ ചോര്‍ന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. അതോടെയാണ് ഇവര്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ട വിവരം പുറത്തായതും വന്‍ വിവാദമായതും. രജീഷും ഷാഫിയും സജിത്തും ഉള്‍പ്പെടെ 9 പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാതെ ഇളവ് അനുവദിക്കരുതെന്നു ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

രജീഷും ഷാഫിയും ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ കൊലപാതകം നടത്തിയവര്‍ക്കു പ്രത്യേക ഇളവു നല്‍കരുതെന്ന മാനദണ്ഡം മറികടന്ന് ഇവര്‍ മുന്‍പും കരട് പട്ടികയില്‍ ഇടം പിടിച്ചെന്ന വിവരവും പുറത്തുവന്നു. ടിപി കേസ് കുറ്റവാളികളെ മാനദണ്ഡപ്രകാരമല്ല ഉള്‍പ്പെടുത്തിയതെന്നു സമ്മതിച്ച സര്‍ക്കാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി. ജോയിന്റ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്ത് ഇവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

ടിപി കേസ് കുറ്റവാളികളെ ഒഴിവാക്കി പട്ടിക തയാറാക്കുമെന്ന് അന്നു വിശദീകരിച്ച ആഭ്യന്തര വകുപ്പ് പക്ഷേ 1334 പേരുടെ ഈ പട്ടികയില്‍ പിന്നീട് തൊട്ടില്ല. 3 മാസത്തേക്കു ശിക്ഷിക്കപ്പെട്ടവര്‍ക്കു 15 ദിവസവും 10 വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ടവര്‍ക്ക് 5 മാസവും ജീവപര്യന്തക്കാര്‍ക്ക് ഒരു വര്‍ഷവുമായിരുന്നു ലഭിക്കേണ്ടിയിരുന്ന ഇളവ്.

നേരത്തെ ടി.പി. വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നീ പ്രതികള്‍ക്ക് ഇളവുനല്‍കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവര്‍. കോടതിവിധി മറികടന്നായിരുന്നു സര്‍ക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയത്.

കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം തള്ളിയിരുന്നു.

ഇതിനിടെ ഇടക്കിടെ ടിപി കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ പരോളും അനുവദിച്ചിരുന്നു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ നേരത്തെ പരോള്‍ അനുവദിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെറഞ്ഞെടുപ്പു വേളയില്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍ അനുവദിച്ചത്. നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാല്‍ കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരുന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത് 2013 ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്ന് നിയമസഭയില്‍ 2022-ല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.