- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി പിയുടെ കൊലയാളികള്‍ സുഖമായിരിക്കണം, ഇല്ലെങ്കില്‍ പിണറായി കോപം വിടാതെ പിന്തുടരും..! ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പൊളിഞ്ഞതില്‍ കട്ടക്കലിപ്പ് തുടരുന്നു; ജയില് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസമായിട്ടും പിന്‍വലിച്ചില്ല; ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും തടഞ്ഞേക്കും
ടി പിയുടെ കൊലയാളികള്‍ സുഖമായിരിക്കണം
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കൊടി സുനിയും സംഘവുമാണ് കേരളത്തിലെ ജയിലുകള്‍ ഭരിക്കുന്നത് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കൊടി സുനിയെ ഭയഭക്തി ബഹുമാനത്തോടെ പരിചരിക്കുന്നവരാണ് ജയിലുകളിലെ ഉദ്യോഗസ്ഥര്‍. സിപിഎമ്മിന്റെ രാഷ്ട്രീയ കൊലയാളി എന്നതു തന്നെയാണ് സുനിക്കും സംഘത്തിനും എപ്പോഴും വലിയ പരിഗണന ലഭിക്കാന്‍ കാരണവും. എന്നാല്‍, മറിച്ച് തീരുമാനം എടുക്കുന്നവര്‍ക്ക് ജീവിതം നരകമാകുന്ന അവസ്ഥയും ഉണ്ടാകും.
കേരളത്തെ നടുക്കിയ കൊലയാളികള്‍ ആയിട്ടും ഈ സംഘത്തെ സിപിഎം ഇപ്പോഴും രാജകീയ പരിഗണനയോടെയാണ് തീറ്റിപ്പോറ്റുന്നത്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ക്കു ശിക്ഷയിളവ് നല്‍കാനുള്ള നീക്കവും പിണറായി സര്‍ക്കാറിന്റെ കാലത്തു നിന്നും ഉണ്ടായി. വിടുതല്‍ നല്‍കേണ്ട തടവുകാരുടെ പട്ടികയിലാണ് കൊലയാളി സംഘത്തിലെ ചിലര്‍ ഇടംപിടിച്ചത്. എന്നാല്‍, ഈ നീക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊളിഞ്ഞു. ഇതോടെ മുഖ്യമന്ത്രിയും കലിപ്പിലായി. ഈ പിണറായി കോപത്തിന് ഇരയായ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും തിരികെ സര്‍വീസില്‍ കയറാന്‍ സാധിച്ചിട്ടില്ല. ടിപിയുടെ കൊലയാളികളെ മോചിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതാണ് ഈ പകപോക്കലിന് കാരണം.
ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കടുപ്പിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. സര്‍ക്കാറിന്റെ നിയമ വിരുദ്ധമായ നീക്കം ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് പുറത്തായതെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 90 ദിവസത്തിനപ്പുറം സസ്‌പെന്‍ഷന്‍ നീട്ടാറില്ലെന്നിരിക്കെയാണ് ആറു മാസമായിട്ടും തിരിച്ചെടുക്കാത്ത അവസ്ഥയാണ്. ഇത്രയും നീണ്ടകാലത്തെ സസ്‌പെന്‍ഷന്‍ എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. തിരിച്ചെടുക്കണം എന്നഭ്യാര്‍ഥിച്ച് ഉദ്യോഗസ്ഥര്‍ ജയില്‍വകുപ്പ് മേധാവിക്കു സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാരിനു കൈമാറിയപ്പോഴാണ്, സര്‍ക്കാര്‍ കടുത്ത നടപടിക്കു നിര്‍ദേശിച്ചത്. ഇതിനുസരിച്ച് ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും തടയാനാണ് സാധ്യതയാണ് നിലനില്‍ക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ജില്ല പൊലീസ് മേധാവിക്കു കൈമാറിയ വിട്ടയക്കേണ്ടവരുടെ പട്ടികയാണ് ചോര്‍ന്നത്. കഴിഞ്ഞ ജൂണില്‍ പട്ടിക കൈമാറിയ ജയില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പി്ന്‍വലിച്ചിട്ടില്ല. ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയെടുത്തു റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ജയില്‍ ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി കൈമാറിയ കത്തിന്റെ പകര്‍പ്പ് പുറത്തായിരിക്കുകയാണ്. ടി.പി കേസ് പ്രതികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. മറിച്ച്, പട്ടിക പുറത്തായതിന്റെ പേരില്‍ മാത്രമാണു നടപടിക്കു മുതിരുന്നത്.
ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത് എന്നിവരാണു ശിക്ഷയിളവു പട്ടികയിലുണ്ടായിരുന്നത്. നീക്കം വിവാദമാതോടെ, കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസി.സൂപ്രണ്ട് ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ ഒ.വി.രഘുനാഥ് എന്നിവരെ ജൂണ്‍ 17നു മുഖ്യമന്ത്രി നേരിട്ടു സസ്‌പെന്‍ഡ് ചെയ്തു. ആ സസ്‌പെന്‍ഷന്‍ നടപടിയാണ് ഇപ്പോഴും തുടരുന്നത്.
ക്വട്ടേഷന്‍ കൊലപാതകം നടത്തിയവര്‍ക്കു സാധാരണഗതിയില്‍ ഇളവു നല്‍കാനാകില്ല. രജീഷും ഷാഫിയും ഉള്‍പ്പെടെ ആറു പ്രതികള്‍ക്ക് 20 വര്‍ഷത്തേക്കു ശിക്ഷയിളവ് നല്‍കരുതെന്നു ഫെബ്രുവരിയില്‍ ഹൈകോടതി വിധിച്ചിരുന്നു. എന്നാല്‍ 2023 ജനുവരി 30നു പട്ടിക തയാറാക്കുമ്പോഴും, 2024 മെയ് 30ന് ഇതു പരിഷ്‌കരിച്ചപ്പോഴും ടി.പി കേസ് പ്രതികള്‍ ഉള്‍പ്പെട്ടു. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ ഈ സമയത്തു ചുമതലയുണ്ടായിരുന്നവരല്ല.
സാധാരണ സസ്‌പെന്‍ഷന്‍ നടപടി 90 ദിവസത്തിനപ്പുറം നീട്ടാറില്ല. ഇതാണ് 6 മാസമായിട്ടും തിരിച്ചെടുക്കാത്തത്. സസ്‌പെന്‍ഷനില്‍ കഴിയുന്നവരുടെ ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും തടഞ്ഞേക്കുമെന്നാണ്. ടി.പി കേസ് പ്രതികള്‍ക്കു ലഭിക്കില്ലെന്നു വന്നതോടെ, ശിക്ഷയിളവ് പട്ടിക അപ്പാടെ ആഭ്യന്തരവകുപ്പ് മരവിപ്പിച്ചിരുന്നു.
അതേസമയം ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് ടിപി കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ സുപ്രീൂംകോടതിയെ സമീപിച്ചിരിക്കയാണ്. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗൂഢാലോചന കുറ്റത്തില്‍ ഇവര്‍ക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം നല്‍കണമെന്നതാണ് പ്രതികളുടെ ആവശ്യം. കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ ജയിലിലാണെന്ന് പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ കെ കൃഷ്ണന്‍ എന്നിവരും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവരുടെ ഹര്‍ജി. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇത് റദ്ദ് ചെയ്ത ഹൈക്കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു. നേരത്തെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉള്‍പ്പെട്ടിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയയ്‌ക്കേണ്ട പ്രതികളുടെ പട്ടിക ജയില് ഉപദേശകസമിതി തയ്യാറാക്കിയപ്പോള് ടി പി കേസില്‍ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെയാണ് ഉള്‌പ്പെടുത്തിയിരുന്നത്. എന്നാല്‍ ശുപാര്‍ശ വിവാദമായതോടെ മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.