- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശ ചെയ്ത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷ ഇളവിനുള്ള തടവുകാരുടെ പട്ടികയിൽപ്പെടുത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെൻഷൻ ഉത്തരവിട്ടത്. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ വി രഘുനാഥ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം നടത്തുന്ന വാർത്ത പുറത്തു വന്നതോടെ വിവാദമായത്. ടി.പി. വധക്കേസിലെ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ശ്രമം. നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവർ. കോടതിവിധി മറികടന്നായിരുന്നു സർക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നിവർ ഉൾപ്പടെ വിവിധ കേസുകളിലെ 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് സർക്കാർ നിർദേശത്തെ തുടർന്ന് റിപ്പോർട്ട് തേടിയിരുന്നത്.
കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനായിരുന്നു ആവശ്യം. ശിക്ഷായിളവ് തേടി ടി.പി കേസ് പ്രതികൾ ഒരുമാസം മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം തള്ളിയിരുന്നു. ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കത്തിന് പിന്നാലെ കണ്ണൂർ ജയിൽ സൂപ്രണ്ടിനോട് ജയിൽ ഡി.ജി.പി. വിശദീകരണം തേടിയിരുന്നു.
ടിപി കേസിലെ പ്രതികളുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിൽ സ്പീക്കർ മറുപടി പറഞ്ഞതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സർക്കാർ മറുപടി പറയേണ്ട കാര്യം സ്പീക്കർ പറയുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചിരുന്നു. ഇന്ന് വീണ്ടും വിഷയം സബ്മിഷനായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കാൻ ഒരുങ്ങവേയാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവം വിവാദമായപ്പോൽ പ്രതികളെ വിട്ടയക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയിരുന്നു. ടിപി കേസിലെ പ്രതികൾക്ക് ഇരുപത് വർഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂർ ജയിൽ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോൾ ഉൾപ്പെട്ടതാകാമെന്നും തുടർപരിശോധനകളിൽ അവർ ഒഴിവാക്കപ്പെടുമെന്നും ജയിൽ മേധാവി പറഞ്ഞിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലിൽ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാൻ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വർഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് നൽകിയത്.
ടിപി കേസ് പ്രതികൾക്ക് 20വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന ഉത്തരവ് ജയിൽ ഡിജിപിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകില്ല. ഇനി പട്ടികയിൽ ഉൾപ്പെട്ടാൽ പോലും ജയിൽ ആസ്ഥാനത്തെ അന്തിമപട്ടിയിൽ അവരുടെ പേർ ഉൾപ്പെടില്ലെന്നും ജയിൽ മേധാവി പറഞ്ഞിരുന്നു.