- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി.പിയുടെ ഘാതകരെ സംരക്ഷിക്കുന്നതിൽ ഒരിഞ്ചു പിന്മാറാതെ ആഭ്യന്തരവകുപ്പ്
കണ്ണൂർ: വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണങ്ങളിലൊന്നായ ഒഞ്ചിയത്തെ ആർ.എംപി നേതാവ് ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ ആറു പ്രതികൾക്ക് പരോൾ അനുവദിച്ചത് പാർട്ടിയിലെയും സർക്കാരിലെയും ഉന്നത ഇടപെടലിനെ തുടർന്ന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത നേതാവിന്റെ ഇടപെടലാണ് ടി.പി വധക്കേസിലെ പ്രതികൾക്ക് താൽക്കാലികമായി പുറത്തേക്കുള്ള വഴി തെളിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റെങ്കിലും സിപിഎം തങ്ങളുടെ നിലപാടിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കലായി പ്രതികളുടെ പരോൾ.
കൊടിസുനിയെ പുറത്തിറക്കാൻ ആഭ്യന്തര വകുപ്പ് കിണഞ്ഞു പരിശ്രമിച്ചിരുന്നുവെങ്കിലും പൊതുമുതൽ നശിപ്പിക്കുകയും ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിച്ച കേസുകളും നിലനിൽക്കുന്നതിനായി നിയമ തടസമുണ്ടായി, ഇതുമറികടന്നാൽ ആർ. എംപി കോടതിയെ സമീപിക്കുമെന്ന സൂചന ലഭിച്ചതു കൊണ്ടാണ് താൽക്കാലികമായി ആഭ്യന്തര വകുപ്പ് കൊടി സുനിയെ അകത്തു തന്നെ നിർത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തെ ജയിലുകളിൽ കൂട്ടപരോളിന് ആഭ്യന്തരവകുപ്പ് പച്ചക്കൊടി വീശിയത്.
561 പ്രതികളിലാണ് ടി.പി വധക്കേസിൽ ശിക്ഷ അനുഭവിച്ചു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആറുപേർക്കും പരോൾ അനുവദിച്ചത്. ജയിൽചട്ടം അനുസരിച്ചു ഒരു വർഷം പരാമവധി അറുപതു ദിവസം വരെയാണ് പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുപ്പതു പേരിലാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എം.സി അനൂപ്, അണ്ണൻ സജിത്ത്, കെ.ഷിനോജ് എന്നിവർക്കും പരോൾ അനുവദിച്ചത്.
തവന്നൂർ ജയിലിൽ കഴിയുന്ന കൊടി സുനി പരോളിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ജയിൽ സുരക്ഷാ വാർഡന്മാരെ അക്രമിച്ച കേസുള്ളതു കൊണ്ടു തള്ളികളയുകയായിരുന്നു. എന്നാൽ ബംഗ്ളൂര് പൊലിസിന്റെ തോക്കുകടത്ത് കേസിലെ പ്രതിയായ ടി.കെ രജീഷിന് പരോൾ ഇതൊന്നും പരിഗണിക്കാതെ നൽകുകയും ചെയ്തു. സർക്കാരിന്റെ പ്രത്യേക പരിധിയിൽ ഉൾപ്പെടുന്നതിനാലാണ് ടി.പി വധക്കേസ് പ്രതികൾക്കും പരോൾ അനുവദിച്ചത്.
ചികിത്സയ്ക്കോ മറ്റുകാരണങ്ങൾ കാണിച്ചോ അപേക്ഷിക്കുന്നവർക്കാണ് പരോൾ സാധാരണയായി അനുവദിക്കാറുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ കഴിഞ്ഞ മൂന്ന് മാസമായി പരോൾ നൽകിയിരുന്നില്ല. കൂട്ടപരോളിന്റെ ഭാഗമായി തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും 330തടവുകാർക്കാണ് പരോൾ അനുവദിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ഇരുപത്തിമൂന്നുംവിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പതിനെട്ടും തൃശൂർ അതിസുരക്ഷാ ജയിലിൽ നിന്നും പത്തും ചീുമേനി തുറന്ന ജയിലിൽ നിന്നും നൂറ്റി അൻപതു പേർക്കുമാണ് പരോൾ അനുവദിച്ചത്.
പരോൾ ലഭിക്കാൻ ചുരുങ്ങിയത് രണ്ടു വർഷമോ അല്ലെങ്കിൽ ശിക്ഷയുടെ മൂന്നിലൊന്നു ഭാഗമോ തടവുശിക്ഷ പിന്നിടണം. കൂടാതെ പൊലിസ് റിപ്പോർട്ടും ജയിൽ വികസനസമിതി നൽകുന്ന പ്രബോഷൻ റിപ്പോർട്ടും അനുകൂലമാകണം. പുറത്തിറങ്ങുന്നയാൾ നാട്ടിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാക്കില്ലെന്ന് പൊലിസ് റിപ്പോർട്ടും നൽകണം. ഇതുകൂടാതെ ഇവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് കുടുംബാംഗങ്ങൾ രേഖാമൂലം എഴുതി നൽകുകയും വേണമെന്നാണ് ജയിൽചട്ടം.