- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിക്ഷാ ഇളവ് തേടി ടി പി കേസ് പ്രതികൾ സുപ്രീംകോടതിയിൽ
കൊച്ചി: ടി പി വധക്കേസിലെ പ്രതികൾ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. കൊടും ക്രിമിനലുകളായ ഇവർക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം വിവാദത്തിലായിരുന്നു. ഈ നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപെടാനുള്ള വഴിയാണ് സർക്കാർ തേടിയത്. എന്നാൽ, ഇപ്പോൾ സർക്കാർ വഴി പരാജയമായോടെ മറ്റുവഴികൾ തേടുകയാണ് പ്രതികൾ. ഇരട്ടജീവപര്യന്തം ശിക്ഷവിധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കയാണ് ടി പി വധക്കേസ് പ്രതികൾ.
ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളാണ് ഇരട്ടജീവപര്യന്തം നൽകിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി അടുത്തമാസം കോടതി പരിഗണിച്ചേക്കും. ഇപ്പോഴത്തെ വിവാദങ്ങൾ കാരണം ടി പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ലഭിക്കുക എളുപ്പമല്ല. പരോൾ ഇഷ്ടംപോലെ ലഭിക്കുന്നുണ്ടെങ്കിലും കൊടി സുനിക്ക് ഇപ്പോൾ പരോളും ലഭിക്കാത്ത അവസ്ഥയുണ്ട്. സിപിഎമ്മിന് ഭരണം പോകുന്ന അവസ്ഥ കൂടി ഭാവിയിൽ ഉണ്ടായാൽ ശിഷ്ടകാലം അഴിക്കുള്ളിൽ കഴിയേണ്ട അവസ്ഥ ഉണ്ടാകും. ഇത് മുൻകൂട്ടി കണ്ടാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ടി.പി ചന്ദ്രശേഖരന്റേത് ക്രൂരമായ കൊലപാതകമെന്ന് വിലിയിരുത്തിയാണ് ഹൈക്കോടതി ശിക്ഷഉയർത്തിയത്. വധശിക്ഷ നൽകിയില്ലെങ്കിലും പ്രതികളുടെ ശിക്ഷ കോടതി വർധിപ്പിക്കുകയാണ് ചെയ്തത്. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചവരുടെ ജീവപര്യന്തം കോടതി ശരിവെച്ചു. നിലവിൽ 12 വർഷം ശിക്ഷ അനുഭവിച്ചതിനാൽ ബാക്കി എട്ട് വർഷം അനുഭവിച്ചാൽ മതിയാകും. എന്നാൽ ഈ കാലയളവിൽ പരോളോ മറ്റു ഇളവുകളോ ഇല്ലാതെ ശിക്ഷയനുഭവിക്കണം എന്നതാമണ് ഹൈക്കോടതി വിധിയുടെ വ്യവസ്ഥ.
ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇതിന് പുറമെ മറ്റൊരു ജീവപര്യന്തം കൂടി വിധിച്ചിട്ടുണ്ട്. കേസിലെ ഒന്ന്, രണ്ട്, മൂന്ന് നാല്, അഞ്ച്, ഏഴ് പ്രതികളായ എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, കെ.കെ മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തമാണ് ശിക്ഷ. ടി.പിയുടെ ഭാര്യ കെ.കെ രമക്ക് 7.5 ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷനും കെ.കെ രമയും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചത്. നേരത്തെയും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അതൊന്നും അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ പ്രതികൾ ജയിലിൽ കഴിയുമ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശിക്ഷ വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കുന്നതിനായി പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്, പ്രതികൾ ജയിലിൽ ചെയ്ത ജോലികൾ സംബന്ധിച്ച് കണ്ണൂർ, തൃശൂർ, തവനൂർ ജയിൽ സുപ്രണ്ടുമാരുടെ റിപ്പോർട്ട്, പ്രതികളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള റിപ്പോർട്ട് എന്നിവയും കോടതി പരിശോധിച്ചു.
2012 മെയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച് ടി.പി ചന്ദ്രശേഖരനെ പ്രതികൾ കാറിടിപ്പിച്ച് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 36 പ്രതികളാണ് ഉണ്ടായിരുന്നത്. 2014-ലാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ, വായപ്പിടിച്ചി റഫീഖ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിൽ കുഞ്ഞനന്തൻ മരിച്ചു.
വർഷങ്ങൾ കഴിഞ്ഞെങ്കിലും ടി പി വധക്കേസ് സിപിഎമ്മിന് തലവേദയായി തുടരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിലും ഈ വിഷയം ചർച്ചയായിരുന്നു. പ്രായവും ആരോഗ്യപ്രശ്നങ്ങളുമൊന്നും കണക്കിലെടുക്കാതെയാണ് ശിക്ഷ വർധിപ്പിച്ചതെന്ന വാദമാകും സുപ്രീംകോടതിയില് പ്രതികൾ ഉന്നയിക്കുക. ഗൂഢാലോചനക്കുറ്റം കണ്ടെത്തിയതിന്റെപേരിൽ ശിക്ഷ വർധിപ്പിക്കാനാകില്ലെന്ന വാദവും ഉന്നയിക്കും.
അതിനിടെ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ നൽകിയതുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെന്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടെയാണ് ഉത്തരവ്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടത്.