തിരുവനന്തപുരം: തനിക്ക് മുസ്ലീങ്ങളോട് വിദ്വേഷവും, വിരോധവുമാണെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സര്‍വീസില്‍ നിരവധി മുസ്ലീം സഹോദരന്മാരുമായി അടുത്തിടപഴകുകയും സുഹൃത് ബന്ധം സൂക്ഷിക്കുകയും ചെയ്ത താന്‍ എന്തുകൊണ്ട് ഇപ്പോള്‍ ഒരു ഹിന്ദുത്വവാദി ആയിരിക്കുന്നു എന്നാണ് സെന്‍കുമാര്‍ വിശദീകരിക്കുന്നത്.

1996 ല്‍ താന്‍ ക്രൈംബ്രാഞ്ച് ഡിഐജിയായി ചാര്‍ജ് എടുത്തശേഷം ജം-ഇയത്തുല്‍-ഇസ്ഹാനിയ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ ആക്രമണ കേസുകളെക്കുറിച്ച് അന്വേഷിച്ചുവെന്നും ആ ഗ്രൂപ്പ് നടത്തിയ ആറുകൊലപാതകങ്ങളും മറ്റ് കേസുകളും തങ്ങള്‍ കണ്ടുപിടിച്ചുവെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നും രൂപം കൊണ്ട ജം-ഇയത്തുല്‍-ഇസ്ഹാനിയയുടെ സെയ്തലവി @ അന്‍വാരി എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആദ്യകുറ്റകൃത്യമാണ് ചേകന്നൂര്‍ മൗലവിക്കെതിരെ നടന്നത്.

രാജ്യം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യയിലും വിദേശത്തും കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം താന്‍ മനസ്സിലാക്കിയതാണെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. 'ഇതിന്റെ ഒരു ഭാഗമായി ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിന് നടപടികള്‍ വേണമെന്ന് സെയ്തലവി @ അന്‍വാരി എന്നയാളുടെ തൃശ്ശൂരിലെ ഓഫീസില്‍ രേഖകള്‍ ഉണ്ടായിരുന്നതാണ്. അതിന്റെ ഭാഗമായി തന്നെ അന്യമതങ്ങളിലെ കഴിയുന്നത്ര പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലീമുകള്‍ ആക്കണമെന്നും, അതേസമയം, മുസ്ലീം സ്ത്രീകളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള അന്യമതക്കാരായ പുരുഷന്മാരെ ഇല്ലാതാക്കണമെന്നും അവര്‍ തീരുമാനിച്ചിരുന്നു. വാസ്തവത്തില്‍ മണി, താമി, രാജേഷ്, മോഹനചന്ദ്രന്‍, സുനില്‍കുമാര്‍ തുടങ്ങി ഉളളവരുടെ കൊലപാതകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടായിരുന്നു. അക്കാലത്തിനു മുന്‍പായി തന്നെയാണ് സിനിമാ തിയറ്ററുകള്‍ കത്തിക്കുന്ന സംഭവങ്ങള്‍ മലബാര്‍ പ്രദേശങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നത്. അതുപോലെ മുസ്ലീം വിവാഹങ്ങളില്‍ വീഡിയോ ഉപയോഗിക്കുന്നതിനുപോലും ഒരു വിഭാഗം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.'

'മുസ്ലീം ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇതിന്റെയൊന്നും ഭാഗമായിരുന്നില്ലെങ്കിലും അവഗണിക്കാനാകാത്ത ഒരു വിഭാഗം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഇവരെ പിന്താങ്ങുന്നതും മനസ്സിലാക്കാവുന്നതായിരുന്നു. സിമിയുടെയും, നാദാ ഡിഫന്‍സ് ഫോഴ്‌സിന്റെയും, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും, ഐഎസ്എസ്സിന്റെയും, പിഡിപിയുടെയും, പിഎഫ്‌ഐയുടെയും പ്രവര്‍ത്തനങ്ങള്‍, അവരുടെ രഹസ്യമായ പ്രവര്‍ത്തനങ്ങള്‍ നന്നായി അറിയാന്‍ പറ്റിയിട്ടുള്ള ഒരാളാണ് ഞാന്‍. മറ്റ് സമൂഹങ്ങളില്‍ സ്വാധീനം ഉണ്ടെന്ന് കരുതുന്നവരുടെയും, അങ്ങനെ വളര്‍ച്ച പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവരെയും ഇല്ലാതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ട്. എന്തിനേറെ, മൂവാറ്റുപുഴ ന്യൂമാന്‍ കോളജിലെ ജോസഫ് സാറിന്റെ കൈയ്യും കാലും വെട്ടിയ സംഘത്തിലെ ചില പ്രതികളെ തെരെഞ്ഞെടുപ്പില്‍ ജയിപ്പിച്ചെടുക്കാന്‍ പോലുമുള്ള പിന്തുണ അവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല, ഇന്‍ഡ്യന്‍ ദേശീയതയോടുള്ള എതിര്‍പ്പും, വിദേശത്തെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും വളരെ വ്യക്തമായിരുന്നു.'- സെന്‍കുമാര്‍ കുറിച്ചു

ടി പി സെന്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

സെന്‍കുമാറും മുസ്ലീം സമൂഹവും..

എനിക്ക് മുസ്ലീം നാമങ്ങള്‍ കണ്ടാല്‍ വിദ്വേഷമാണെന്നും മുസ്ലീങ്ങളോട് വലിയ വിരോധമാണെന്നും പറഞ്ഞ് ചില കമന്റുകള്‍ കാണുകയുണ്ടായി. അത് കണ്ട് തെറ്റിദ്ധരിക്കാനിടയുള്ള മുസ്ലീം സഹോദരങ്ങളും അതുപോലെ ഇത്തരം കമന്റുകള്‍ ഇടുന്ന മതതീവ്രവാദ സ്വഭാവമുള്ളവര്‍ അറിയുന്നതിന് കുറച്ച് കാര്യങ്ങള്‍ മനസ്സിലാക്കി തരാം. ഇതില്‍ ജമാ-അത്തെ-ഇസ്ലാമിയുടെ ദാവൂദ് അടക്കമുള്ളവര്‍ ഉള്‍പ്പെടും.

1995 ല്‍ ഞാന്‍ കൊച്ചി പോലീസ് കമ്മീഷണര്‍ ആയിരുന്ന സമയം മാധ്യമം പത്രത്തിന്റെ കൊച്ചി എഡിഷനില്‍ ഒരു കൂട്ടം ആട്, തേക്ക്, മാഞ്ചിയം വിഭാഗക്കാര്‍ കോടതിയില്‍ കേസ് കൊടുത്ത് അത് പിടിച്ചെടുത്ത് അടച്ചിട്ടിരിക്കയായിരുന്നു. വ്യക്തിപരമായി നേരിടേണ്ടി വന്ന നിയമപരവും അല്ലാത്തതുമായ ഭീഷണികളെ അവഗണിച്ചുകൊണ്ട് ആട്, തേക്ക്, മാഞ്ചിയം സംഘങ്ങള്‍ക്കെതിരെ ഞാന്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുകയും അതിനെ തുടര്‍ന്ന് മാധ്യമം പത്രത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാവുകയും ചെയ്തു. ഒരു കാര്യം ശരിയാണ്. ആട്, തേക്ക്, മാഞ്ചിയം പദ്ധതികളെപ്പറ്റി യാതൊരു പരസ്യവും കൊടുക്കാതിരുന്ന ഒരെയൊരു പത്രം മാധ്യമം ആയിരുന്നു എന്നുള്ളത്. ഞാന്‍ ചെയ്ത സഹായത്തിന് മാധ്യമം ദിനപ്പത്രത്തിലെ സീനിയര്‍ ആയവര്‍ എന്റെ അടുത്ത് വന്ന് നന്ദി പറയുകയുണ്ടായി. മാധ്യമം പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുള്ള നിരവധി പരിപാടികളില്‍ ഞാന്‍ ഭാഗഭാക്കായിട്ടുണ്ട്. ശ്രീ.ഓ.അബ്ദുള്ളയോടൊക്കെ ചോദിക്കുക. എന്തിനേറെ, മാധ്യമത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സിവില്‍ സര്‍വ്വീസ് അക്കാദമി കൊണ്ടോട്ടിയിലാണെന്ന് ഓര്‍ക്കുന്നു ഉദ്ഘാടനം ചെയ്തത് പോലും ഞാനാണ്. ജമാ-അത്തെ-ഇസ്ലാമിയ്ക്കു വേണ്ടി മീഡിയ വണ്ണിലിരുന്ന് അതിതീവ്രവാദം വളര്‍ത്തുന്ന ദാവൂദിനൊക്കെ ഇതേപ്പറ്റി എന്തെങ്കിലും അറിയുമോ?

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലും കെഎസ്ആര്‍ടിസിയിലും എന്റെ കൂടെ ജോലി ചെയ്തിട്ടുളള നിരവധി ഉദ്യോഗസ്ഥര്‍ ഉണ്ട്. അവരില്‍ ചിലരെ ഞാന്‍ പേരെടുത്ത് പറയാം, ജമാല്‍ എന്ന് വിളിക്കുന്ന ജമാലുദ്ദീന്‍ കെഎസ്ആര്‍ടിസിയില്‍ മിക്കവാറും എന്റെ നോട്ടുകള്‍ ടൈപ്പ് ചെയ്ത് തന്നിരുന്ന ഒരാളാണ്. ഞാന്‍ കെഎസ്ആര്‍ടിസി വിട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി പോയപ്പോഴും അവിടെ ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഒരു കമ്മീഷന്‍ ഉണ്ടായപ്പോഴും അതിന്റെ നോട്ടുകള്‍ എടുക്കാന്‍ ഞാന്‍ കണ്ടെത്തിയത് ജമാലിനെയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, കൊല്ലത്ത് ജിപിഓയുടെ മുന്‍പില്‍ വെച്ചുണ്ടായ വാഹനാപകട ത്തില്‍പ്പെട്ട് ജമാലുദ്ദീന്‍ മരണപ്പെടുകയുണ്ടായി. ജമാല്‍ ജീവിച്ചിരുന്നപ്പോള്‍ ഹജ്ജിന് പോകുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു. ജമാലിന്റെ മരണശേഷം ആ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാനായി. ആ കുടുംബത്തോട് ചോദിച്ചാല്‍ മതി. ആ കുടുംബത്തില്‍ നിന്നും ചിലര്‍ ഹജ്ജിന് പോവുകയും അവിടെ നിന്നും സംസം വെള്ളവും മറ്റ് പൂജാസാധനങ്ങളും എനിക്ക് കൊണ്ടു വരികയുണ്ടായി. ആ വെള്ളം കുടിക്കുന്നതിനോ ആ പദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുന്നതിനോ എനിക്ക് യാതൊരു മടിയുമുണ്ടായില്ല. അതുപോലെ കെഎസ്ആര്‍ടിസിയില്‍ തന്നെയുണ്ടായിരുന്ന കോട്ടയം ഡിടിഓ ആയി റിട്ടയര്‍ ചെയ്ത ഞാന്‍ അലി എന്ന് വിളിക്കുന്ന മുഹമ്മദ് അലി. (ഉമ്മന്‍ ചാണ്ടി സാറിന്റെ ഏറ്റവുമടുത്ത ഒരാളാണ് ശ്രീ.അലി) പത്തനംതിട്ടയിലെ പ്രധാന മുസ്ലീം പള്ളിയുടെ പ്രസിഡന്റും ആയിരുന്നു. ഇപ്പോഴും ഇടക്കിടെ എന്നെ വിളിക്കയും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹം ഹജ്ജിനു പോകയും ജമാലിന്റെ കുടുംബക്കാര്‍ ചെയ്തതുപോലെ സംസം വെള്ളവും മറ്റും എനിക്ക് കൊണ്ടു വരികയും ചെയ്തു. അതും കഴിക്കുന്നതിനും കുടിക്കുന്നതിനും ഞാന്‍ ഒരു വിഷമവും കാണിച്ചില്ല. അതൊന്നും എന്റെ മതവിശ്വാസ പ്രകാരം ഹറാമല്ല.

ഞാന്‍ പോലിസില്‍ ജോലി ചെയ്തിടത്തോളം കാലം എന്റെ കൂടെ ജോലി ചെയ്തവരില്‍ എനിക്ക് ഏറ്റവും മിടുക്കരും ഇഷ്ടപ്പെട്ടവരുമായിരുന്ന ഓഫിസര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് മുസ്ലീം മതവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ഇതിന്റെ ഒരു ചെറിയ ലിസ്റ്റ് 'പറയാന്‍ ബാക്കിവെച്ചത്' എന്ന എന്റെ പുസ്തകത്തില്‍ ലഭ്യമാണ്. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഇത്തരം മിടുമിടുക്കരായ ഓഫീസര്‍മാര്‍ക്കും ആകെ പ്രസിഡന്റിന്റെ പത്ത് പോലീസ് മെഡലുകള്‍ ഉണ്ടായിരുന്നതില്‍ അഞ്ച് എണ്ണവും നിര്‍ദ്ദേശിച്ച് അവര്‍ക്ക് ലഭ്യമാക്കുവാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നെ ബന്ധപ്പെടുന്ന മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട റിട്ടയര്‍ ചെയ്തതും അല്ലാത്തതുമായ നിരവധി ഓഫീസര്‍മാര്‍ ഇപ്പോഴുമുണ്ട്.

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ സൂചിപ്പിച്ചത് എനിക്ക് മുസ്ലീം വിഭാഗത്തോട് യാതൊരു വിദ്വേഷവും ഇല്ലെന്നും മറിച്ച്, സാധാരണയില്‍ കവിഞ്ഞ വിധത്തില്‍ അവരുമായി നല്ല ബന്ധം ഉണ്ടായിരുന്നെന്നും ഇപ്പോഴും ആ ബന്ധം നിലനിര്‍ത്തുന്നവര്‍ ഉണ്ടെന്നും അറിയിക്കാനാണ്. ഇത് പലരെയും അറിയാനും അറിയിക്കാനുമുള്ളതാണ്.

പക്ഷേ, 1996 ല്‍ ഞാന്‍ ക്രൈംബ്രാഞ്ച് ഡിഐജിയായി ചാര്‍ജ് എടുത്തശേഷം പ്രത്യേകിച്ചും ജം-ഇയത്തുല്‍-ഇസ്ഹാനിയ എന്ന തീവ്രവാദ ഗ്രൂപ്പിന്റെ ആക്രമണ കേസുകളെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയശേഷം മുസ്ലീം മതവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ മറുവശവും എനിക്ക് കാണുവാനിടയായി. ഈ അന്വേഷണസംഘത്തില്‍ ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന ശ്രീ.മുഹമ്മദ് റിയാസിന്റെ പിതാവ് ശ്രി.അബ്ദുള്‍ ഖാദറും ഡിവൈഎസ്പി എന്ന നിലയില്‍ എന്റെ ടീമിലുണ്ടായിരുന്നു. അതിനുശേഷവും ഇത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നതിനും ഒരു 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന ലക്ഷ്യവുമായി നടക്കുന്ന പലരെപ്പറ്റിയും ധാരാളം അറിവുകള്‍ കിട്ടി. അതിനുവേണ്ടി 'താക്കിയ' (വഞ്ചന) ഉപയോഗിക്കാനും, അര്‍ദ്ധ രാത്രിയ്ക്കുശേഷം പോലും പരിശീലനവും മറ്റും കൊടുക്കുന്നതിനും ഉള്ള നടപടികളെപ്പറ്റി അറിഞ്ഞുകൊണ്ടിരുന്നു. ജം-ഇയത്തുല്‍-ഇസ്ഹാനിയ എന്ന തീവ്രവാദ സംഘം ചെയ്ത ആറ് കൊലപാതകങ്ങളും മറ്റ് കേസുകളും ഞങ്ങള്‍ കണ്ടുപിടിക്കയും അതില്‍ മിക്കവാറും എല്ലാ കേസുകളും 2018, 2019 കാലഘട്ടങ്ങളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. സുന്നി ടൈഗര്‍ ഫോഴ്‌സില്‍ നിന്നും രൂപം കൊണ്ട ജം-ഇയത്തുല്‍-ഇസ്ഹാനിയയുടെ സെയ്തലവി @ അന്‍വാരി എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആദ്യകുറ്റകൃത്യമാണ് ചേകന്നൂര്‍ മൗലവിക്കെതിരെ നടന്നത്. ചേകന്നൂര്‍ മൗലവിയുടെ കേസ് ആ സമയം സിബിഐയ്ക്ക് കൈമാറിയിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന വിവരങ്ങള്‍ സിബിഐയെ അറിയിക്കയാണുണ്ടായത്.

അതുപോലെ അവര്‍ ചെയ്ത രണ്ടാമത്തെ കൊലപാതകം ഗുരുവായൂരിലെ ഒരു സുനില്‍കുമാറിന്റെതായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍. പാലക്കാട്ട് മോഹനചന്ദ്രന്‍ എന്നയാളുടെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന സമയം സുനില്‍കുമാറിനെ വധിച്ചത് ഈ സംഘം തന്നെയായിരുന്നുവെന്ന് വിവരം ലഭിച്ചു. എന്നാല്‍ അതിനു മുന്‍പേ സുനില്‍കുമാറിന്റെ കൊലപാതക കേസില്‍ നാല് സിപിഎംകാരെ പ്രതിയാക്കി ലോക്കല്‍ പോലീസ് ചാര്‍ജ് കൊടുക്കയും ജില്ലാ കോടതി അവരെ ശിക്ഷിക്കയും അവരുടെ അപ്പീല്‍ ഹൈക്കോടതിയില്‍ ആയിരിക്കുകയുമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ എന്റെ മേധാവികള്‍ വഴി സര്‍ക്കാരിനെയും അഡ്വക്കേറ്റ് ജനറലിനെയും അറിയിച്ചിരുന്നു. ഏതായാലും അപ്പീലില്‍ ഈ നാല് സിപിഎംകാരെയും വെറുതെ വിടുകയും അവരിപ്പോള്‍ ഇതിനെപ്പറ്റി പുനരന്വേഷണം നടത്തുന്നതിന് ഉത്തരവ് വാങ്ങുകയും അത് ഇപ്പോഴും നടന്നുകൊണ്ടി രിക്കുകയുമാണ് എന്നാണ് എന്റെ അറിവ്.

1986 ല്‍ ഞാന്‍ തലശ്ശേരി എഎസ്പി ആയിരുന്നപ്പോള്‍ നബിദിനം നടത്തുന്നതിനെപ്പ റ്റിയും, മാഹി ന്യൂ മാര്‍ക്കറ്റില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ അരിവിതരണം നടത്തുന്നതിനെപ്പറ്റിയും ആര്‍എസ്എസ്സുമായി തര്‍ക്കമുണ്ടാകുകയും അതില്‍ കൃത്യമായി ഇടപ്പെട്ട് ഹൈന്ദവ ആഘോഷങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന പരിഗണന മുസ്ലീം വിഭാഗത്തിനും ലഭിക്കണം എന്ന് നിര്‍ബ്ബന്ധിച്ച് അവിടുത്തെ അരിവിതരണം എന്റെ കൂടി സംരക്ഷണയില്‍ നടത്തിക്കൊടുത്തതാണ്. അതിനെ തുടര്‍ന്ന് എനിക്കെതിരെ അവര്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയും ജില്ലാ കോടതിയില്‍ നിന്നും സമാധാന കമ്മിറ്റിയില്‍ പങ്കെടുക്കുക എന്നത് പോലീസിന്റെ ജോലിയുടെ ഭാഗമല്ല എന്ന വിഷയത്തില്‍ എനിക്കെതിരെ എടുത്ത കേസ് തുടര്‍ന്നു കൊള്ളുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഇത് 1988 ജൂണ്‍ മാസത്തിലാ യിരുന്നു. തുടര്‍ന്ന് ഞാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ പോകുകയും ആ കേസ് റദ്ദാക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെയുള്ള സെന്‍കുമാര്‍ എന്തുകൊണ്ട് ഇപ്പോള്‍ ഒരു ഹിന്ദുത്വവാദി ആയിരിക്കുന്നു? ഈ രാജ്യം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കുന്നതിന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യയിലും വിദേശത്തും കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം ഞാന്‍ മനസ്സിലാക്കിയതാണ്. അതിന്റെ ഒരു ഭാഗമായി ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിന് നടപടികള്‍ വേണമെന്ന് സെയ്തലവി @ അന്‍വാരി എന്നയാളുടെ തൃശ്ശൂരിലെ ഓഫീസില്‍ രേഖകള്‍ ഉണ്ടായിരുന്നതാണ്. അതിന്റെ ഭാഗമായി തന്നെ അന്യമതങ്ങളിലെ കഴിയുന്നത്ര പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലീമുകള്‍ ആക്കണമെന്നും, അതേസമയം, മുസ്ലീം സ്ത്രീകളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള അന്യമതക്കാരായ പുരുഷന്മാരെ ഇല്ലാതാക്കണമെന്നും അവര്‍ തീരുമാനിച്ചിരുന്നു. വാസ്തവത്തില്‍ മണി, താമി, രാജേഷ്, മോഹനചന്ദ്രന്‍, സുനില്‍കുമാര്‍ തുടങ്ങി ഉളളവരുടെ കൊലപാതകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടായിരുന്നു. അക്കാലത്തിനു മുന്‍പായി തന്നെയാണ് സിനിമാ തിയറ്ററുകള്‍ കത്തിക്കുന്ന സംഭവങ്ങള്‍ മലബാര്‍ പ്രദേശങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നത്. അതുപോലെ മുസ്ലീം വിവാഹങ്ങളില്‍ വീഡിയോ ഉപയോഗിക്കുന്നതിനുപോലും ഒരു വിഭാഗം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മുസ്ലീം ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇതിന്റെയൊന്നും ഭാഗമായിരുന്നില്ലെങ്കിലും അവഗണിക്കാനാകാത്ത ഒരു വിഭാഗം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഇവരെ പിന്താങ്ങുന്നതും മനസ്സിലാക്കാവുന്നതായിരുന്നു. സിമിയുടെയും, നാദാ ഡിഫന്‍സ് ഫോഴ്‌സിന്റെയും, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെയും, ഐഎസ്എസ്സിന്റെയും, പിഡിപിയുടെയും, പിഎഫ്‌ഐയുടെയും പ്രവര്‍ത്തനങ്ങള്‍, അവരുടെ രഹസ്യമായ പ്രവര്‍ത്തനങ്ങള്‍ നന്നായി അറിയാന്‍ പറ്റിയിട്ടുള്ള ഒരാളാണ് ഞാന്‍. മറ്റ് സമൂഹങ്ങളില്‍ സ്വാധീനം ഉണ്ടെന്ന് കരുതുന്നവരുടെയും, അങ്ങനെ വളര്‍ച്ച പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവരെയും ഇല്ലാതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ട്. എന്തിനേറെ, മൂവാറ്റുപുഴ ന്യൂമാന്‍ കോളജിലെ ജോസഫ് സാറിന്റെ കൈയ്യും കാലും വെട്ടിയ സംഘത്തിലെ ചില പ്രതികളെ തെരെഞ്ഞെടുപ്പില്‍ ജയിപ്പിച്ചെടുക്കാന്‍ പോലുമുള്ള പിന്തുണ അവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല, ഇന്‍ഡ്യന്‍ ദേശീയതയോടുള്ള എതിര്‍പ്പും, വിദേശത്തെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും വളരെ വ്യക്തമായിരുന്നു.

ഒരു ജനാധിപത്യ രാജ്യത്തില്‍ വോട്ടുകളാണ് ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നത്. ആ വിധത്തില്‍ വന്ന ജനസംഖ്യാ വര്‍ദ്ധനവ് 1971 വരെ ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു വിഭാഗത്തില്‍ നിന്നുമാത്രം ഉണ്ടാകുന്നത് സ്ഥിതിവിവര കണക്കിന്റെ അടിസ്ഥാനത്തില്‍ തന്നെ കാണാവുന്നതായിരുന്നു. കുട്ടികളെ ഉണ്ടാക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല, ഹിന്ദുവും ക്രിസ്ത്യാനിയും കുട്ടികളെ കൂടുതലായി ഉല്പാദിപ്പിക്കാതിരുന്നത്. ഇപ്പോഴും ആ സ്വഭാവം തുടരുന്നത് അതൊരു ദേശീയ നയത്തിന്റെ ഭാഗമായി ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയപ്പോള്‍ അതിനുവേണ്ടി എടുത്ത അവരുടെ സ്വാഭാവികമായ നടപടി ആയിരുന്നു. അപൂര്‍വ്വമായി മുസ്ലീം വിഭാഗത്തിലും ഇത്തരത്തില്‍ ചെയ്യുന്ന കുറെപ്പേര്‍ ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ, രാഷ്ട്രത്തിന്റെ ഭദ്രതക്കെതിരായും, രാഷ്ട്രത്തിന്റെ അഖണ്ഡതക്കെതിരായും ഭാരതത്തിന്റെ സംസ്‌ക്കാരത്തിനെതിരായും തീവ്രമായി പ്രവര്‍ത്തിക്കുന്ന, അതിനുവേണ്ടി എന്തും ചെയ്യും എന്ന ഒരു വിഭാഗത്തോട് സന്ധി ചെയ്യാനാകില്ല.

ഹിന്ദുക്കള്‍ക്ക് മുപ്പത്തിമുക്കോടി ദേവതകള്‍ ഉണ്ടെന്നാണ് സാമാന്യജനം പറയുന്നത്. എന്നാല്‍ ആദ്യ ഗ്രന്ഥമായി കണക്കാക്കുന്ന ഋഗ്വേദത്തില്‍ പറയുന്നത്, 'ഏകം സത് വിപ്രാ ബഹുധാ വദന്തി' എന്നതാണ്. 'സത്യം ഒന്നേയുള്ളൂ, അത് പണ്ഡിതന്മാര്‍ പല രീതിയില്‍ വ്യാഖ്യാനിക്കുന്നതായി കാണുന്നു' എന്നതാണ് ഇതിനര്‍ത്ഥം. സ്‌കന്ദപുരാണത്തില്‍ പാര്‍വ്വതി ദേവി മഹാദേവനോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്. മഹാദേവനായ അങ്ങ്' എപ്പോഴും ധ്യാന നിരതനാണ്. അങ്ങ് ആരെയാണ് ധ്യാനിക്കുന്നത്? ഇതിന് മറുപടിയായി മഹാദേവന്‍ നല്‍കിയത്, ''ഗുരുര്‍ ബ്രഹ്‌മ, ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ, ഗുരു സാക്ഷാത് പര ബ്രഹ്‌മം തമൈ ശ്രീ ഗുരു വേ നമഃ' എന്നതാണ്. അതായത്, പരബ്രഹ്‌മമാണ് പരമമായ സത്യം. ആ ബ്രഹ്‌മത്തെയാണ് ധ്യാനിക്കുന്നത് എന്നതാണ്.

ഹിന്ദു മതത്തിലെ അല്ലെങ്കില്‍ സനാതന ധര്‍മ്മത്തിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ദര്‍ശനങ്ങള്‍ എല്ലാംതന്നെ ഋഷിപ്രോക്തങ്ങളാണ്. ഋഷിമാര്‍ തപസ്സിലൂടെയും ധ്യാനത്തിലൂ ടെയും പ്രകൃതിയെ വീക്ഷിച്ചും പ്രപഞ്ചത്തെ വീക്ഷിച്ചും മനസ്സിലാക്കിയ അറിവ് ശ്രുതികളായി ശിഷ്യര്‍ക്ക് പറഞ്ഞു കൊടുത്തു. അതില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ് ഭാരതത്തിന്റെ സംസ്‌ക്കാരത്തിന്റെ അടിത്തറയായ സനാതന ധര്‍മ്മം. തീര്‍ച്ചയായും കാലപ്രവാഹത്തില്‍ അതില്‍ പിന്നീട് അവിശുദ്ധമായത് പലതും കൂട്ടിച്ചേര്‍ത്തിട്ടുണ്ടായിരിക്കാം. പൂജനീയ ചട്ടമ്പി സ്വാമികള്‍ പറഞ്ഞിട്ടുള്ളതുപോലെ 'ദുഷ്ടപണ്ഡിത പ്രഭുക്കള്‍ ചേര്‍ത്ത നിന്ദ്യ വസ്തുക്കള്‍' അതില്‍ എത്തപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമാണ് ജാതീയമായ മറ്റ് അനാചാരങ്ങളും. ഇപ്പോള്‍ പലരും മനുസ്മൃതിയെക്കുറിച്ച് പറയാറുണ്ടല്ലോ. ഇപ്പോള്‍ ലഭ്യമായ മനുസ്മൃതി ഏതെങ്കിലും ഒരു മനു എഴുതിയിട്ടുളളതല്ല. പലര്‍ ചേര്‍ന്ന് പല കാലഘട്ടങ്ങളിലായി വന്നിട്ടുള്ളതാണ്. അതില്‍ പറയുന്ന 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി:' എന്ന വരിയാണ് സനാതന വിരോധികള്‍ ഉദ്‌ഘോഷിക്കുന്നത്. എന്നാല്‍ സ്ത്രീയെ പൂജിക്കാത്തിടം ഒരു കാരണവശാലും ഈശ്വരാനുഗ്രഹം ഉള്ളതായിരിക്കില്ല എന്നുകൂടി അതില്‍ പറയുന്നുണ്ട്. ആ കാലഘട്ടത്തില്‍ സ്ത്രീ പുത്രി യായിരിക്കുമ്പോള്‍ പിതാവിന്റെയും, യുവതി ആയിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെയും, വാര്‍ദ്ധക്യത്തില്‍ മകന്റെയും സംരക്ഷണയില്‍ കഴിയണം എന്നതായിരുന്നുവല്ലോ മനുസ്മൃതിയില്‍ ചൂണ്ടിക്കാണിക്കുന്ന വലിയ തെറ്റ്. വാസ്തവത്തില്‍ ഇപ്പോഴും ഈ സമ്പ്രദായത്തെ പിന്തുടരുന്ന വലിയ മതവിഭാഗങ്ങളിലെല്ലാം ഇതില്‍ കൂടി കര്‍ശനമായി, സ്ത്രികളെ നിയന്ത്രിക്കുന്ന അഫ്ഘാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെ നോക്കൂ.

മുകളില്‍ പറഞ്ഞതുപോലെ ഹൈന്ദവ ദര്‍ശനങ്ങളെല്ലാം ഋഷിപ്രോക്തങ്ങളായതു കൊണ്ട് കാലാന്തരേണ അതില്‍ തെറ്റുകളും നിന്ദ്യ വസ്തുക്കളും കലര്‍ന്നിട്ടുണ്ടെങ്കില്‍ അവയെ കളയാനായി ഹിന്ദു മതത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം, അവയൊന്നും ഏതെങ്കിലും ദൈവങ്ങള്‍ നേരിട്ട് നല്‍കിയിട്ടുള്ള കല്പനകളല്ല. ലോകാവസാനം നിലനില്‍ക്കേണ്ട അല്ലെങ്കില്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്വവും ഹിന്ദുക്കള്‍ക്കില്ല. അങ്ങനെ സനാതന ധര്‍മ്മത്തില്‍ ചേര്‍ന്ന അവിശുദ്ധമായ വസ്തുക്കളെയും നിന്ദ്യമായ വരെ വസ്തുക്കളെയും എടുത്തു മാറ്റി സനാതന ധര്‍മ്മത്തെ ശുദ്ധീകരിച്ച മഹാത്മാക്കളാണ് ശ്രീനാരായണ ഗുരുദേവനും, ചട്ടമ്പി സ്വാമികളും, മഹാത്മ അയ്യന്‍കാളിയും മറ്റും. അത്തരം മാറ്റങ്ങള്‍ക്ക് തീര്‍ച്ചയായും പഴയ ദുരാചാരങ്ങള്‍ വെച്ചിരുന്നവരുടെ, അതില്‍ നിന്നും നേട്ടങ്ങള്‍ എടുത്തിരുന്നവരുടെ രൂക്ഷമായ എതിര്‍പ്പുകളും ഉണ്ടായിരുന്നു എന്നത് വസ്തുത യാണ്.

ഹൈന്ദവ ഗ്രന്ഥങ്ങളെക്കാള്‍ ഞാന്‍ ഏറെ വായിച്ചിട്ടുള്ളത് ഖുറാന്‍ എന്ന മുസ്ലീം മതത്തിന്റെ പരിശുദ്ധ ഗ്രന്ഥമാണ്. അറബിയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തിയ ഖുറാന്‍ ഞാന്‍ പലവട്ടം വായിച്ചിട്ടുണ്ട്. അതിലെ ഇരുന്നൂറില ധികം ആയത്തുകള്‍ വാസ്തവത്തില്‍ എനിക്ക് ഭയം ഉളവാക്കുന്നവയാണ്. അത്തരം കാര്യ ങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കാനാവുക? ഇതേപ്പോലെ ബൈബിളും ഞാന്‍ വായിച്ചിട്ടുണ്ട്. മിക്കവാറും തൊണ്ണൂറ് ശതമാനത്തിലേറെ റോമന്‍ കാത്തലിക് വിഭാഗക്കാരുണ്ടായിരുന്ന ഒരു സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുട്ടിയായിരിക്കുമ്പോള്‍ അവരോടൊത്ത് പുല്‍ക്കൂട് ഉണ്ടാക്കുന്നതിനും പള്ളിപ്പെരുന്നാളിനും മറ്റും ധാരാളമായി പങ്കെടുത്തിരുന്നു. എന്നാല്‍ ഓണത്തിന് തൃക്കാക്കര അപ്പനെ വെയ്ക്കുന്നതിനോ അതുപോലുള്ള മറ്റ് കാര്യങ്ങളിലേയ്ക്ക് എന്റെ കൂട്ടുകാരായിരുന്നവര്‍ വരാറുണ്ടായിരുന്നില്ലാ എന്നത് ഞാന്‍ ശ്രദ്ധിക്കാറു പോലുമി ല്ലായിരുന്നു. പ്രൈമറി ക്ലാസ്സിലും, ഹൈസ്‌ക്കൂളിലും, ഡിഗ്രിതലം വരെയും ക്രിസ്ത്യന്‍ സ്‌കൂളുകളിലും കോളെജിലുമാണ് ഞാന്‍ പഠിച്ചു വളര്‍ന്നത്. അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളെ കണ്ടാണ് ഞാന്‍ വളര്‍ന്നിട്ടുള്ളത്. എന്നാല്‍ പിന്നീട് പലപ്പോഴായി അവരിലെ ചില വിഭാഗങ്ങള്‍ ദാരിദ്ര്യത്തെയും മറ്റ് ദുസ്ഥിതികളെയും സേവനത്തിന്റെ ഭാഗമായി പരിഹ രിച്ച് അത് മതംമാറ്റത്തിനുള്ള ഒരു ഉപാധിയായി വളര്‍ത്തുന്നവരെയും ഞാന്‍ കണ്ടു. മുസ്ലീം മത വിഭാഗത്തില്‍ 'ക്രിപ്‌റ്റോ മുസ്ലീംസ്' ആരുമുണ്ടായിരിക്കാനിടയില്ല. മുസ്ലീം മത വിഭാഗത്തില്‍ എത്രയോ ഉപവിഭാഗങ്ങളും പരസ്പരം മോസ്‌കുകളില്‍ കയറാത്തവരും ഉണ്ട്' എന്ന് എനിക്ക് അറിയാവുന്നതാണ്. ഉദാ; തങ്ങള്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഓസ്സാന്‍ വിഭാഗത്തി ല്‍പ്പെട്ട മറ്റൊരാളെ വിവാഹം കഴിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.

ഇതുപോലെ തന്നെ ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് മതം മാറിയ ഹിന്ദു മതത്തിലെ അവശ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മതം മാറ്റം കൊണ്ട് ഭൗതികമായ ചെറിയ നേട്ടങ്ങള്‍ ഉണ്ടായ തൊഴിച്ചാല്‍ കാര്യമായ മറ്റ് പരിഗണനകള്‍ ലഭിക്കുന്നില്ലായെന്ന് കാണാം. അതുകൊണ്ടാണ് ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം വേണം എന്ന വാദം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും തന്നെ ഉയരുന്നത്. പുലയപള്ളിയും പറയപള്ളിയും ഒക്കെ ഉണ്ടായത് മതം മാറിയിട്ടും തുല്യത ലഭിച്ചില്ല എന്നതിന്റെ ഉദാഹരണമാണ്. എന്തിനേറെ പറയുന്നു, 2018 ല്‍ ഉണ്ടായ പ്രളയത്തില്‍ ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരുമിച്ച് താമസിച്ച് ഭക്ഷണം കഴിക്കില്ല എന്നുപോലും നിര്‍ബന്ധം പിടിച്ച സന്ദര്‍ഭങ്ങള്‍ ഈ അടുത്ത കാലത്താണല്ലോ ഉണ്ടായത്. മതം മാറുന്നതും, പ്രചരിപ്പിക്കുന്നതും, വിശ്വസിക്കുന്നതുമെല്ലാം ഭരണഘടന നല്‍കിയിട്ടുളള അടിസ്ഥാന അവകാശങ്ങളാണ്. എന്നാല്‍ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത്, വഞ്ചനാപൂര്‍വ്വം മതം മാറ്റുന്നത് ശരിയല്ല. ആത്മീയതയുടെ അടിസ്ഥാനത്തില്‍ പഠിച്ചുണ്ടാക്കുന്ന വിശ്വാസത്തിന്റെ പേരില്‍ മതം മാറുന്നത് മനസ്സിലാക്കാം. പക്ഷേ, 'ലൗജിഹാദ്' പോലെ അല്ലെങ്കില്‍ 'കണ്‍വേര്‍ഷന്‍ ജിഹാദ്' പോലെ അതുമല്ലെങ്കില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരിലോ മറ്റ് സേവനങ്ങളുടെ പേരിലോ മതം മാറ്റുന്നത് ശരി യായ നടപടിയല്ല. ക്രിസ്ത്യന്‍ സമുദായങ്ങളിലേയ്ക്ക് ഇത്തരത്തില്‍ മാറിയ വലിയൊരു ജന വിഭാഗം ഇപ്പോഴും രേഖകളില്‍ ഹിന്ദുക്കളായി തുടരുകയും എസ് സി/ഓബിസി തുടങ്ങിയ അവ കാശങ്ങള്‍ എടുക്കയും ചെയ്യുന്നുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കാനാണ് പതിമൂന്നോളം സംസ്ഥാനങ്ങളില്‍ മതംമാറ്റ നിയന്ത്രണ നിയമങ്ങള്‍ വന്നിട്ടുള്ളത്. ലോകത്തിലെ 122 ക്രിസ്ത്യന്‍ രാജ്യങ്ങളും 57 ഇസ്ലാമിക് രാജ്യങ്ങളുമാണുള്ളത്. പഴയ കണക്കാണിത്, ഇപ്പോള്‍ മാറിയിട്ടുണ്ടായേക്കാം. പക്ഷേ, ഒരു ഹിന്ദുരാഷ്ട്രം പോലുമില്ല.

അദ്വൈത ദര്‍ശനത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഈശ്വരനും, ഈശ്വരന്റെ സൃഷ്ട്ടികളും ഒന്നിന്റെ തന്നെ ഭാഗമാണ്. ഉദാ; ബ്രഹ്‌മത്തിന്റെ തന്നെ ഭാഗമാണ് സകല ജീവി കളും ചരാചരങ്ങളും. പക്ഷേ, മനുഷ്യനെപ്പോലുള്ള ജീവികള്‍ക്ക് പ്രത്യേകമായ ബുദ്ധി ശക്തിയും കാര്യങ്ങള്‍ തെരെഞ്ഞെടുക്കുന്നതിനുള്ള അവബോധവും ലഭിച്ചിട്ടുണ്ട്. ചിലര്‍ ചോദിച്ചേക്കാം, ബ്രഹ്‌മത്തിന്റെ ഭാഗമാണെങ്കില്‍ പിന്നെ എങ്ങനെ മരണവും പുനര്‍ജന്മവും ഉണ്ടാകുന്നുവെന്ന്? ശ്രീ. പിണറായി വിജയന്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ തിരുവനന്തപുരത്തുള്ള ശംഖുമുഖത്ത് വെച്ച് നടത്തിയ പ്രസംഗത്തില്‍ സഖാവ് വി.എസ് അച്ചുതാനന്ദനെ പരാമര്‍ശിച്ചു കൊണ്ട് നടത്തിയ ഒരു പ്രസംഗമുണ്ട്. അത് ഇങ്ങനെയണ്. 'കടലില്‍ ആയിരിക്കുമ്പോള്‍ അവിടെ ഓളങ്ങള്‍ ഉണ്ട്. - എന്നാല്‍ ആ വെള്ളം ഒരു ബക്കറ്റില്‍ എടുത്ത് വെച്ചാല്‍ ആ വെളളത്തിന് ഓളങ്ങള്‍ ഉണ്ടാക്കാനാകില്ല. കടലിലെ വെളളത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമാണ് ബക്കറ്റിലെ വെളളത്തിന് ഓളമുണ്ടാവുക' എന്ന്. അറിയാതെ വി എസിനെ ഉദ്ദേശിച്ച് പറഞ്ഞതാണെങ്കിലും ഇതില്‍ വലിയൊരു അദ്വൈത തത്വം അടങ്ങിയിരിക്കുന്നു. ബക്കറ്റിലെ വെള്ളം പോലെയാണ്' എല്ലാ ചരാചരങ്ങളും. കടല്‍ വെള്ളം അവയുടെ ഭാഗമാണെങ്കിലും അവയൊന്നും കടലല്ല. ആ കടലിലേയ്ക്ക് എത്തി ച്ചേര്‍ന്ന് ആ കടല്‍ വെള്ളവുമായി ലയിക്കുന്നതിനെയാണ് സനാതനധര്‍മ്മ വിശ്വാസപ്രകാരം മോക്ഷം ലഭിക്കുക എന്ന് പറയുന്നത്. അങ്ങനെ പരബ്രഹ്‌മത്തിന്റെ ഭാഗമായ പുനര്‍ജന്മങ്ങളല്ല, ഒരു പരമമായ സത്യത്തില്‍ ലയിച്ചു കഴിയുന്ന അവസ്ഥയില്‍ എത്താനാണ് ഹൈന്ദവര്‍ ആത്മ ജ്ഞാനം നേടുന്നത്. 'നീയല്ലോ സൃഷ്ട്ടിയും സൃഷ്ട്ടാവായതും, സൃഷ്ടിജാലവും നീയല്ലോ ദൈവമേ, സൃഷ്ട്ടിക്കുള്ള സാമഗ്രിയായതും' എന്ന് എഴുതിയ ശ്രീനാരായണ ഗുരുദേവന്‍ ഈ അദ്വൈത തത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

സെമറ്റിക് മതങ്ങളില്‍ സൃഷ്ടാവും സൃഷ്ടിയും വ്യത്യസ്തങ്ങളാണ്. അവിടെ ഒരു യജ മാന-ദാസ ബന്ധമാണ് നിലനില്ക്കുന്നത്. യജമാനനെ പ്രീതിപ്പെടുത്തുക എന്നത് ദാസന്റെ പ്രധാന ചുമതലയാണ്. അതിനായി യജമാനന്‍ നേരിട്ട് നല്‍കിയിട്ടുണ്ട്' എന്ന് പറയുന്ന നിര്‍ദ്ദേശങ്ങളെ അക്ഷരംപ്രതി അനുസരിക്കാന്‍ കാലഭേദമില്ലാതെ അനുസരിക്കാന്‍ അവരില്‍ വലിയൊരു വിഭാഗം എപ്പോഴും തയ്യാറാണ്. ഇതാണ് അദ്വൈതത്തില്‍ വിശ്വസിക്കുന്ന സനാ തന ധര്‍മ്മവും, ദ്വൈതത്തില്‍ വിശ്വസിക്കുന്ന സെമറ്റിക് മതങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം. സനാതന ധര്‍മ്മത്തില്‍ അവരുടെ ദര്‍ശനം അനുസരിച്ച് ചരിത്രപരമായി വന്ന പല കാര്യങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറ്റപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു തടസ്സവുമില്ല. സൃഷ്ട്ടിയും സൃഷ്ട്ടാവും രണ്ട് തരത്തിലാണ് നിലനില്ക്കുന്നത്. യജമാനന്‍ നല്‍കിയിട്ടുളള കല്പനകള്‍ അതേപ്പടി നടപ്പാക്കാനുള്ളതാണെന്ന് പറയുന്ന സെമറ്റിക് മതങ്ങളില്‍ മതദര്‍ശനപരമായ മാറ്റങ്ങള്‍ ഉണ്ടാകാത്തത്. നൂറ്റാണ്ടുകള്‍ മുന്‍പുള്ള സമ്പ്രദായങ്ങള്‍ തുടരണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും. അതുകൊണ്ടാണ് മതേതരത്വം നിലനിര്‍ത്തുവാ നുള്ള ഉത്തരവാദിത്വം ഹിന്ദുവില്‍ മാത്രമായി അടിച്ചേല്പിക്കപ്പെടുന്നത്. ഹിന്ദുവിന് ഒന്നോ രണ്ടോ - ദൈവങ്ങള്‍ കൂടി വന്നാലും സ്വീകരിക്കാന്‍ യാതൊരു വിമുഖതയും ഉണ്ടാവില്ല. എന്നാല്‍ ഹിന്ദുവിന്റെ ദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ എത്ര സെമറ്റിക് മതങ്ങള്‍ തയ്യാറാകും? അതിന് ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? ഇതേപ്പറ്റിയൊന്നും ഞാനി പ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.

ശ്രീനാരായണ ഗുരുദേവന്‍ ആരെയും മതംമാറ്റിയിട്ടില്ല. മതം മാറാനെത്തിയ ഇസ്ലാം മതവിശ്വാസിയെയും സായിപ്പിനോടുമൊക്കെ 2000 2080015 ആവശ്യമില്ല എന്നാണ്' അറിയിച്ചത്. അതുപോലെ ഗുരുദേവന്‍ ജനിച്ച മതം മാറി മറ്റൊരു മതവും സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ചില നൂറ്റാണ്ടുകളില്‍ നവോത്ഥാനത്തിന്റെയും നവീകരണത്തിന്റെയും സമയത്തിനുശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ കോളനികള്‍ ഉണ്ടാക്കുകയും അവിടെ നിന്നും പലപ്പോഴും അടിമകളായി മനുഷ്യരെ ചങ്ങലക്കിട്ട് യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും കൊണ്ടുപോകയും അവരെ ക്രൂരമായി മര്‍ദ്ദിച്ച് തങ്ങളുടെ രാഷ്ട്രങ്ങള്‍ കെട്ടിപ്പെടുക്കയും ചെയ്ത കാര്യം എല്ലാവരും ഓര്‍ക്കേണ്ടതാണ്. അമേരിക്കയില്‍ എത്തിയ വെളക്കാര്‍ അവിടെ ഉണ്ടായിരുന്ന റെഡ് ഇന്‍ഡ്യന്‍സിനെയുവം മറ്റ് സംസ്‌ക്കാരങ്ങളെയും തുടച്ചുനിക്കി കുട്ടികളെ വെടിവെച്ച് കൊല്ലുന്നതിനു പകരം ഉണ്ട ലാഭിക്കാനായി കാലില്‍ പിടിച്ച് തല കല്ലില്‍ അടിച്ച് കൊന്ന സംഭവങ്ങളും വളരെ ഉണ്ടായിരുന്നു. വാസ്തവത്തില്‍ അമേരിക്ക ഇങ്ങനെ പണിതുയര്‍ത്തിയതില്‍ ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന കറുത്ത വര്‍ഗ്ഗക്കാരുടെ ജീവനും, രക്തവും, വിയര്‍പ്പും, നിലവിളികളുമാണുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരതത്തിലെ ചില കാലഘട്ടങ്ങളിലുണ്ടായ ജാതിഭേദങ്ങളും ഉച്ചനീചത്വങ്ങളും സാമാന്യേന ഭേദമായിരുന്നുവെന്ന് പറയാം. ഇന്ന് ആ യൂറോപ്പും ആ അമേരിക്കയും ഭാരതത്തെ ചൂണ്ടിക്കാണിച്ച് ഗര്‍ജ്ജിക്കുന്നു, ഇന്‍ഡ്യയിലെ അനീതികളെപ്പറ്റി.

പക്ഷേ, എന്റെ രാഷ്ട്രത്തെ മറ്റൊരു രാഷ്ട്രമായി മാറ്റാനും അല്ലെങ്കില്‍ അതിനെ വിഘടിപ്പിക്കാനും അതിലെ അധികാരങ്ങള്‍ ഭരണഘടനയില്‍ ഉണ്ടെന്ന് പറയുന്ന പഴുതുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ താല്പര്യങ്ങനുസൃതമല്ലാതെ പ്രവര്‍ത്തിച്ച് ഒരു പുതിയ രാജ്യമുണ്ടാ ക്കുക, അതിനുവേണ്ടി ആയുധങ്ങളും അക്രമങ്ങളും നടത്തുക എന്നൊക്കെ നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളോട് സന്ധി ചെയ്യാന്‍ ഞാനില്ല. അതുകൊണ്ടു തന്നെ അത്തരം വിഭാഗങ്ങളോടുള്ള എന്റെ എതിര്‍പ്പ്' കൃത്യമായി പ്രകടിപ്പിക്കുകയും അതിനെ എങ്ങനെ നേരിടണമെന്ന്, അത് നേരിടേണ്ടവരെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിക്കയും ചെയ്യും. അതല്ലാതെ മുസ്ലീം മതത്തിനോടോ മറ്റേതെങ്കിലും മത വിഭാഗത്തിനോടോ അതിലുള്ള ആരോടൊങ്കിലുമോ എനിക്ക് വ്യക്തിപരമായ യാതൊരു വിദ്വേഷങ്ങളുമില്ല. ഇത്രയും കാര്യങ്ങള്‍ ഞാന്‍ എഴുതിയത്, ആരെയെങ്കിലും പ്രീണിപ്പിക്കാനല്ല, ആര്‍ക്കെങ്കിലും അറിയാനുണ്ടെങ്കില്‍ അറിയാനും, അറിയിക്കാനുണ്ടെങ്കില്‍ അറിയിക്കാനുമാണ്.