കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് നേരെ ഉണ്ടായ കൂവല്‍ ആസൂത്രിതമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ധിഖ്. സംഭവം മനോവിഷമമുണ്ടാക്കിയെന്നും ഇടപെടേണ്ടവര്‍ ഇടപെട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. ദുരിതബാധിതര്‍ ആരും കൂവിയില്ല. അവരൊക്കെ കയ്യടിക്കുകയാണ് ചെയ്തത്. വയനാടിന് പുറത്ത് നിന്നുള്ളവരാണ് കൂവിയത് എന്നും സിദ്ധിഖ് വ്യക്തമാക്കി.

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്നും, കല്ലിട്ട 51 വീടുകളാണ് ഇന്നലെ കൈമാറിയതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. തങ്ങള്‍ കല്ലുമാത്രം ഇട്ട് പോകുന്നവരല്ലെന്നും കല്ലിന് മീതെ കല്ല് വെക്കുമെന്നും ചടങ്ങില്‍ മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ചായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങിനിടെയാണ് ടി സിദ്ദിഖിനെതിരെ കൂവിവിളിയുണ്ടായത്. ചടങ്ങിന്റെ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോഴായിരുന്നു ആദ്യ കൂവിവിളി. ശേഷം സിദ്ദിഖ് പ്രസംഗിക്കാനായി എത്തിയപ്പോഴും സദസില്‍നിന്നും കൂവിവിളി ഉയര്‍ന്നു. ഇതേസമയം സിപിഎം നേതാക്കന്മാരായ വി വസീഫും കെ റഫീഖും എഴുന്നേറ്റ് ആളുകളെ കൂവി വിളിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു.

ഒന്നാം ഘട്ടമായി 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 178 പേര്‍ക്കാണ് ഇപ്പോള്‍ പട്ടയം കൈമാറുന്നതെന്നും തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും മഴക്കാലത്തിന് മുന്‍പായി മുഴുവന്‍ ദുരന്തബാധിതര്‍ക്കും വീടും ഭൂമിയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവന്‍ ദുരന്തബാധിതര്‍ക്കും വീട് കിട്ടുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, വീടുകളിലേക്കുള്ള അത്യാവശ്യ ഫര്‍ണിച്ചറുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ടി സിദ്ദിഖിനെതിരായ കൂവിവിളിച്ചത് മര്യാദകേടാണെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ടൗണ്‍ഷിപ്പില്‍ തങ്ങളുടെകൂടി പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.