- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യാജ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആരോഗ്യ വകുപ്പ് നീട്ടി; നടപടി വിവാദങ്ങള്‍ ഒഴിവാക്കാന്‍; പ്രശാന്തിന്റെ പേരില്‍ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹത തുടരുന്നു
ടി വി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആരോഗ്യ വകുപ്പ് നീട്ടി
കണ്ണൂര്‍: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന വ്യാജ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആരോഗ്യ വകുപ്പ് നീട്ടി. വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ സ്വകാര്യ സംരംഭം തുടങ്ങാന്‍ ശ്രമിച്ചു വെന്ന ആരോപണത്തിലാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ഇലക്ട്രീഷ്യനായ 'ടി.വി പ്രശാന്തിനെ വകുപ്പ് തല അന്വേഷണത്തിലൂടെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പ്രശാന്തില്‍ നിന്നും വിശദീകരണം തേടിയതിനു ശേഷമാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
മുന്‍ കണ്ണൂര്‍ എ.ഡി.എംനവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ആറുമാസം മുന്‍പാണ് ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നത്.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ ജോലിയില്‍ നിന്ന് ആറു മാസം മുന്‍പാണ് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്ക ലംഘനവും പെരുമാറ്റ ചട്ടലംഘനവും ചൂണ്ടിക്കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍.
പെട്രോള്‍ പമ്പ് തുടങ്ങുന്നതിനായി നിരാക്ഷേപപത്രം അനുവദിച്ചു നല്‍കുന്നതിനായി മുന്‍ കണ്ണൂര്‍എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് ഉടമ ടി വി പ്രശാന്തിന്റെ പേരില്‍ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹതയാണ് നിലനില്‍ക്കുന്നത്.
എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് പരാതി വാട്‌സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് പ്രശാന്ത് മൊഴി നല്‍കിയത്
വിജിലന്‍സിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നല്‍കിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീന്‍ ബാബുവിനെതിരായ പ്രചാരണങ്ങള്‍. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബുവിന് 98500 രൂപ നല്‍കിയെന്ന് ടിവി പ്രശാന്ത് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നുണ്ട്.
പക്ഷേ, പണം നല്‍കിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാന്‍ പണം നല്‍കിയെന്ന് പിപി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. 2024 ഒക്ടോബര്‍ പത്തിന് പരാതി എഴുതിയെങ്കിലും അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നല്‍കാനാവശ്യപ്പെട്ടു. പിറ്റേന്ന് പരാതി ബിജുവിന് വാട്‌സ് ആപ്പ് ചെയ്തു. പക്ഷെ ചില തിരുത്തലുകള്‍ ബിജു ആവശ്യപ്പെട്ടു. 12ന് തിരുത്തിയ പരാതിയും ബിജുവിന് വാട്‌സ്ആപ്പില്‍ അയച്ചു. 14ന് വിജിലന്‍സില്‍ നിന്ന് വിളിച്ചെന്നാണ് പ്രശാന്തിന്റെ മൊഴി. അപ്പോഴും പണം നല്‍കിയതിന് തെളിവില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. ഇതോടെ വാട്‌സ് ആപ്പില്‍ നല്‍കിയ പരാതിയല്ലാതെ വിജിലന്‍സിനോ മുഖ്യമന്ത്രിക്കോ പ്രശാന്ത് പരാതി നല്‍കിയിട്ടില്ലെന്ന് മൊഴിയില്‍ നിന്ന് വ്യക്തമാവുകയാണ്.
പത്തിന് തന്നെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രചരിച്ച പരാതിയിലെ പ്രശാന്തിന്റെ പേരും ഒപ്പും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സും പരാതിയില്ലെന്ന് വ്യക്തമാക്കി. വിവാദ യാത്രയയപ്പിനു ശേഷം പിപി ദിവ്യ കണ്ണൂര്‍ കലക്ടറെ വിളിച്ച് നവീന്‍ ബാബുവിനെതിരെ സര്‍ക്കാരിന് പരാതി കിട്ടിയെന്ന് പറഞ്ഞിരുന്നു.
അതായത് ആര്‍ക്കും കിട്ടാത്ത ഒരു പരാതിയാണ് പിപി ദിവ്യ അടക്കം നവീന്‍ ബാബുവിനെതിരെ ആയുധമാക്കിയത്. പരാതി തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെല്ലാം ആസൂത്രിതമാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. മരിച്ചിട്ടും ഈ പരാതി ഉയര്‍ത്തിയായിരുന്നു എഡിഎമ്മിനെ വേട്ടയാടിയതെന്നാണ് റവന്യു വകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സജീവ സി.പി.എം പ്രവര്‍ത്തകനായ ടി.വി പ്രശാന്ത് നേതാക്കളുടെ ബിനാമിയാണെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
25,000 രൂപ ശമ്പളമുള്ള പ്രശാന്തിന് എങ്ങനെ മൂന്ന് കോടി മുതല്‍ മുടക്കുള്ള പെട്രോള്‍ പമ്പ് തുടങ്ങാന്‍ കഴിയുമെന്നായിരുന്നു. ചോദ്യം. നേരത്തെ പ്രവാസിയായ തിനാല്‍ മുതല്‍ മുടക്കില്‍ 65 ലക്ഷത്തോളം തന്റെ കൈയ്യിലുണ്ടെന്നും ബാക്കി തുക നിക്ഷേപമായും വായ്പയായും സംഘടിപ്പിക്കുമെന്നാണ് ഇയാള്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. വ്യാജ ആരോപണം ഉന്നയിച്ചു ഉന്നത ഉദ്യോഗസ്ഥന്റെ ജീവന്‍ തന്നെ അപഹരിച്ച പ്രശാന്തിനെ കേസില്‍ പ്രതിയാക്കാന്‍ തെളിവുകള്‍ ഒട്ടേറെയുണ്ടെങ്കിലും ഭരണതല ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിയാക്കി കൊണ്ടാണ് നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പൊലിസ് കണ്ണൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.