ന്യൂഡല്‍ഹി: യെമനി പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തകൃതിയായി തുടരുന്നതിനിടെ, കടുത്ത നിലപാടുമായി തലാല്‍ അബ്ദോ മെഹ്ദിയുടെ സഹോദരന്റെ പോസ്റ്റ്. തങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ലെന്നും ആരുമായി സംസാരിച്ചിട്ടും വിളിച്ചിട്ടുമില്ലെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി വ്യക്തമാക്കി. അറബിയിലും മലയാളത്തിലും ആണ് പോസ്റ്റ്.

അബ്ദുല്‍ ഫത്താഹിന്റെ പോസ്റ്റ് ഇങ്ങനെ:

ഞങ്ങള്‍ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായി പോലും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല. ഇത് വരെ നമുക്ക് മാധ്യമങ്ങളിലൂടെ മാത്രമേ അറിയാവുന്നതായും ഇതെല്ലാം തെറ്റായ വാര്‍ത്തകളും പച്ചക്കളികളും മാത്രമാണെന്നും വ്യക്തമാക്കുന്നു.

ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ്. ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണ്.


ശുഭസൂചന, തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സംസാരിച്ച് തുടങ്ങി, സംസാരിക്കുന്നത് സൂഫി പണ്ഡിതര്‍ എന്ന ചാനല്‍ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് അ്ബുല്‍ ഫത്താഹിന്റെ പോസ്റ്റ്.

മലയാള മാധ്യമങ്ങളെ വിമര്‍ശിച്ചും നേരത്തെ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് പോസ്റ്റിട്ടിരുന്നു. അതിങ്ങനെ:

ഇതുവരെ ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ നടത്തിയ അതിക്രമവും, ക്രൂരവും, മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം ഇവര്‍ അകറ്റുകയും ഒതുക്കുകയും ചെയ്യുന്നു. ഞങ്ങള്‍ പൊതുജനങ്ങളെ പറഞ്ഞു കൊടുക്കുന്നു:

ഇന്ത്യന്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രചാരണങ്ങള്‍ സത്യം മാറ്റുന്നില്ല. മറിച്ചും, അതിനാല്‍ ഞങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാകുന്നു - കുറ്റവാളിക്കെതിരെയുള്ള വിധിയാകുന്ന ഖത്തല്‍ശിക്ഷ നടപ്പാക്കപ്പെടണം എന്നത് ഞങ്ങളുടെ അവകാശമാണ്.


ഫൈസല്‍ നിയാസ് എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റും ഇതിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷ പ്രിയ കുറ്റക്കാരിയല്ലെന്ന് വരുത്താനായി മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നതാണ് തലാലിന്റെ കുടുംബത്തെ ചൊടിപ്പിക്കുന്നതെന്നാണ് ഫൈസല്‍ നിയാസിന്റെ പോസ്റ്റില്‍ പറയുന്നത്. മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടും ഒപ്പമുണ്ട്.


ഫൈസല്‍ നിയാസിന്റെ പോസ്റ്റ്:

നിമിഷ പ്രിയ കുറ്റക്കാരിയല്ലെന്ന് വരുത്താനായി മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച ഒരു സ്റ്റോറിയും അതിന് ചിലര്‍ നല്‍കിയ കമന്റുകളുമാണ് ചിത്രങ്ങളിലുള്ളത്. കൊല്ലപ്പെട്ട തലാലിനെ കുറ്റപ്പെടുത്തുകയും തെളിവുകളില്ലാതെ ഇത്തരം പ്രചാരണം നടത്തുന്നതുമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ചൊടിപ്പിക്കുന്നത്. മലയാള മാധ്യമങ്ങള്‍ അവര്‍ കൃത്യമായി പിന്തുടരുന്നുണ്ട്. തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പേജില്‍ പിന്നിലേക്ക് പോയി നോക്കിയാല്‍ അറിയാം അവര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട്. കഴിഞ്ഞ കഴിഞ്ഞ ദിവസം ബിബിസിക്ക് നല്‍കിയ അഭിമുഖത്തിന്റെ തലാലിനെ കുറ്റക്കാരനാക്കി നിമിഷ പ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിന്റെ സഹോദരന്‍ സംസാരിച്ചത്.

യമനിലെ ജുഡീഷ്യല്‍ സംവിധാനത്തെ ഇവിടെ ഇരുന്ന് കുറ്റപ്പെടുത്തുന്നവര്‍ ഈ കേസിന്റെ നാള്‍ വഴികള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ഇന്ത്യയിലെപ്പോലെ പതിറ്റാണ്ടുകള്‍ നീളുന്ന നീതി സംവിധാനം അല്ല അവിടെയുള്ളത്. പൊതുവെ അറബ് നാടുകളില്‍ പരമാവധി വേഗം തന്നെ നീതിന്യായ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നിട്ട് പോലും ഈ കേസ് 9 വര്‍ഷത്തോളം പിന്നിട്ടു. മറ്റൊരു രാജ്യത്തെ പൗരയാണ് പ്രതി എന്നത് കൊണ്ട് തന്നെ ജൂഡീഷ്യല്‍ സംവിധാനത്തിന്റെ എല്ലാ ലെവലിലൂടെ കടന്നു പോവുകയും അപ്പീലുകള്‍ തള്ളപ്പെടുകയും അവസാനം അവിടത്തെ രാഷ്ട്രീയ നേതൃത്വം വിധി നടപ്പാക്കാന്‍ അനുവദിക്കുകയും ചെയ്ത കേസാണ്.

നീതി നിര്‍വഹണം സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്രയും വര്ഷം നീണ്ടു പോയതിന്റെ പേരില്‍ തലാലിന്റെ കുടുംബം ശക്തമായ പ്രതിഷേധത്തിലായിരുന്നു. വൈകുന്ന നീതിയുടെ ഒമ്പത് വര്ഷം എന്ന ഹാഷ്ടാഗോടെയാണ് പ്രതിഷേധങ്ങള്‍ ഇക്കാര്യത്തിലുണ്ടായത്. - 2024 ഡിസംബര്‍ 23 നു ഹൂതി രാഷ്ട്രീയ കൗണ്‍സില്‍ പ്രസിഡണ്ട് നടപ്പാക്കാനായി ഒപ്പുവെച്ച മൂന്ന് കേസുകളില്‍ ഒന്നാണ് നിമിഷ പ്രിയയുടേത്. അതില്‍ മറ്റു രണ്ടു കേസുകളിലെയും പ്രതികളുടെ വിധി നടപ്പാക്കിയപ്പോള്‍ ഇത് മാത്രം മാറ്റിവെച്ചതിനെതിരെ തലാലിന്റെ സഹോദരന്‍ നീണ്ട കുറിപ്പ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ സ്വന്തം മകന്‍ കൊല്ലപ്പെട്ട കേസില്‍ നിരുപാധികം മാപ്പ് കൊടുത്ത വ്യക്തികൂടിയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.

ഇവിടത്തെപ്പോലെയും അവിടെയും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് തലാലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനിലും അല്ലാതെയും പ്രതിഷേധങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ യമനില്‍ നടന്ന ഏറ്റവും പ്രമാദമായ കേസായിട്ടാണ് കുടുംബവും അദ്ദേഹത്‌റിന്റെ കൂട്ടുകാരും ഈ കേസിനെ വിശേഷിപ്പിക്കുന്നത്.

ഇതൊന്നും മനസ്സിലാക്കാതെ ഇവിടെയിരുന്ന് കഥകള്‍ മെനയുന്ന മാപ്രകളും ഇതിനിടയിലും ഇസ്ലാമിക നിയമ വ്യവസ്ഥകളെ താറടിക്കാനും ശ്രമിക്കുന്ന സംഘികളും കൃസംഘികളും ഇതിനിടയിലൂടെ തങ്ങളുടെ ജഞ റേറ്റിങ് കൂട്ടാന്‍ ശ്രമിക്കുന്നവരും നിമിഷ പ്രിയയുടെ മോചന സാധ്യതകളെ വീണ്ടും സങ്കീര്‍ണ്ണമാക്കുകയാണ്.