കുമളി: കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയ അരിക്കൊമ്പൻ കാട്ടാനയെ മയക്കുവെടിവെക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിട്ടു. ഇന്ന് മയക്കുവെടി വെക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്‌നക്കാരനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് വിലയിരുത്തി. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. മയക്കു വെടി വെച്ചശേഷം കൊമ്പനെ മേഘമലയിലെ വെള്ളരിമലയിലെ വരശ്‌നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി.

അതിനിടെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കുമെന്നാണ് സൂചന. ആന ക്ഷീണിതനായതിനാൽ ഇന്ന്മയക്കുവെടി വെക്കില്ല. കമ്പം സൗത്ത് മേഖലയിലേക്ക് നീങ്ങിയിരക്കുയാണ് ആന. മൂന്ന് മണിക്ക് അരിക്കൊമ്പനെ പിടികൂടാൻ തമിഴ്‌നാട് വനംവകുപ്പ് ദൗത്യം ആരംഭിക്കാനിരുന്നതാണ്. ദൗത്യത്തിനായി ആനമലയിൽ നിന്ന് കുംകിയാനകളെ എത്തിക്കാനായിരുന്നു പദ്ധതി.

ലോവർ ക്യാംപിൽ നിന്നും രാവിലെയാണ് അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ അരിക്കൊമ്പൻ പാഞ്ഞോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കമ്പം ടൗണിൽ അരിക്കൊമ്പൻ ഒരു ഓട്ടോറിക്ഷയും കുത്തി മറിച്ചു. ഇതിൽ ഒരാൾക്ക് പരിക്കുണ്ട്. അരിക്കൊമ്പന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

തമിഴ്‌നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇപ്പോൾ പുളിമരതോട്ടത്തിലൂടെ ഓടി നടക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, വനംവകുപ്പ് കൊമ്പന് തെങ്ങോല, വാഴ. വെള്ളം അടക്കമുള്ള ഭക്ഷണം എത്തിച്ച് നൽകി.

ടൗണിലെത്തിയ ആന റോഡിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു. രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നു തുരുത്തി ഓടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ആന കമ്പം ടൗണിലേക്ക് നീങ്ങിയത്. ആനയെ തുരുത്തി ഓടിക്കാനുള്ള വനപാലകരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ആനയെ ആകാശത്തേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്ഒ മാരും തേനി എസ്‌പി. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും തേനിയിലുണ്ട്.

കമ്പം ജനവാസ കേന്ദ്രത്തിൽ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പൻ വിഷയത്തിൽ ഇടപെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിലപാട് വിശദീകരിച്ചിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം കമ്പത്ത് 144 പ്രഖ്യാപിക്കാതെ തന്നെ അരിക്കൊമ്പനെ പിടികൂടുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. നിലവിൽ അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളയ്ക്കാനാണ് ശ്രമം. കമ്പത്തുനിന്നുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ മിഷൻ അരിക്കൊമ്പനുള്ള ഉത്തരവ് പുറപ്പെടുവിക്കും.

ഇതിനായി മൂന്ന് കുങ്കിയാനകളുമായി മുതുമലയിൽനിന്നും ആനമലയിൽനിന്നും വനംവകുപ്പ് പുറപ്പെട്ടു. അതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ മുറിവു പറ്റിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. വാഹനങ്ങൾ കുത്തിമറിക്കുമ്പോഴുണ്ടായ പരിക്കെന്നാണ് സൂചന. ആന കാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ ആനയെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടർമാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പ് അറിയിക്കുന്നത്. രാവിലെയായിരുന്നു അരികൊമ്പൻ കമ്പത്തെ നഗരത്തിൽ ഇറങ്ങിയത്. ആന നിൽക്കുന്ന സമീപത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും അതിർത്തിയിലുള്ള വനപ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.