ചെന്നൈ: ഇരട്ടകുട്ടികൾ ഉണ്ടായ സന്തോഷത്തിലിരിക്കുന്ന താരദമ്പതികളായ നയൻതാരക്കും വിഘ്‌നേഷ് ശിവനും തിരിച്ചടിയായി അന്വേഷണം. തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു. ഇരുവരിൽ നിന്നും വിശദമായി മൊഴിയെടുക്കാനാണു തീരുമാനം. ഇതിനായി അന്വേഷണ സമിതി അംഗങ്ങൾ ദമ്പതികളെ നേരിൽക്കാണും.

വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിൽ നിയമം ഭേദഗതി ചെയ്തിരുന്നു. ജൂൺ 9 നായിരുന്നു നയൻതാരവിഘ്‌നേഷ് വിവാഹം.

വിവാദം സംബന്ധിച്ചു നയൻതാരയും വിഘ്‌നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമത്തിൽ സജീവമായ വിഷ്‌നേഷിന്റെ ഇന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായി. ''എല്ലാം കൃത്യമായ സമയത്ത് നിങ്ങൾ അറിയും. ക്ഷമയോടെ കാത്തിരിക്കുക'' എന്നാണ് വിഘ്‌നേഷ് കുറിച്ചത്.

21 മുതൽ 35 വരെ പ്രായമുള്ള വിവാഹിതകൾക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാൻ സാധിക്കൂ. ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോടു തമിഴ്‌നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈയിൽ പറഞ്ഞു.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാർത്ത രണ്ട് ദിവസം മുമ്പാണ് നയൻതാരയും വിഘ്നേഷ് ശിവനും പങ്കുവച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ ഈ വിശേഷം പങ്കുവെച്ചത്. 'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങൾക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും, ഞങ്ങളുടെ പിതാമഹന്മാരുടെ ആശിർവാദവും ഒത്തുചേർന്ന് ഞങ്ങൾക്കായി രണ്ട് കൺമണികൾ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു'. വിഘ്നേഷ് കുറിച്ചു.