ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും ആരാധകരെയും ഒരുപോലെ ആവേശം കൊള്ളിച്ചാണ് തന്റെ രാഷ്ട്രീയ നിലപാട് നടന്‍ വിജയ് തുറന്നു പറഞ്ഞത്. 'ഒരു മുടിവോടെ താന്‍ വന്തിരിക്കേന്‍, നോ ലുക്കിങ് ബാക്ക്' എന്ന വിജയുടെ വാക്കുകള്‍ക്ക് അനുയായികള്‍ ആര്‍പ്പുവിളികളോടെയാണ് പിന്തുണ അറിയിച്ചത്. വിലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് മൂന്നുലക്ഷത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനം നടന്നത്. താരമൂല്യത്തില്‍ ഒന്നാമത് നില്‍ക്കുമ്പോഴാണ് വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത്.

തമിഴകം തിരശീലയില്‍ കണ്ടു ശീലിച്ച അതേ ദളപതിയായിരുന്നു വിക്രവണ്ടിയിലെ കൂറ്റന്‍ വേദിയില്‍, ആര്‍ത്തിരമ്പുന്ന രണ്ടു ലക്ഷത്തോളം ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മാരകശേഷിയുള്ള മാസ് ഡയലോഗുകള്‍ കൊണ്ട് സ്‌ക്രീനിലെ വില്ലന്മാരെ തവിടുപൊടിയാക്കുന്ന നായകന്റെ, മൂര്‍ച്ചയുള്ള ഭാഷയും അപാര ആത്മവിശ്വാസമുള്ള ശരീരഭാഷയും കൊണ്ട് സദസ്സിനെ ഇളക്കി മറിച്ച വിജയ് ഇത്തവണ തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയമെന്തന്ന ആകാംക്ഷകള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലെ വി. ശാലയില്‍ നടന്ന സമ്മേളനത്തില്‍ സബ്ടൈറ്റിലുകള്‍ ഇല്ലാതെ തന്നെ വിജയ് തന്റെ രാഷ്ട്രീയം വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ തുടക്കക്കാരന്റെ യാതൊരു പരിഭ്രമങ്ങളുമില്ലാത്തതായിരുന്നു വിജയ്യുടെ പ്രസംഗം. പറയുന്ന കാര്യങ്ങള്‍ ഓരോന്നിനും ആവശ്യമായ വിശദീകരണം നല്‍കി, പിന്നീട് ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളെ മുന്‍കൂറായി തന്നെ വിജയ് നേരിട്ടു. പാര്‍ട്ടിയുടെ വഴികാട്ടികളെ സംബന്ധിച്ച പ്രഖ്യാപനമാണ് ഇതിന്റെ ഉദാഹരണം. പെരിയാര്‍ രാമസ്വാമി, തമിഴ്നാട് മുന്‍മുഖ്യമന്ത്രി കാമരാജ്, ഡോ. ബി.ആര്‍. അംബേദ്കര്‍, വേലു നാച്ചിയാര്‍, അഞ്ജല അമ്മാള്‍ എന്നിവരാണ് പാര്‍ട്ടിയുടെ തലവന്മാരെന്നായിരുന്നു വിജയ്യുടെ പ്രഖ്യാപനം. പെരിയാറിനെ മുന്നില്‍ നിര്‍ത്തുമ്പോള്‍ വിശ്വാസത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കുമെന്നത് സ്വാഭാവികമായി ഉയരുന്ന ഉപചോദ്യമാണ്. അതിന് കാലേക്കൂട്ടിതന്നെ വിജയ് മറുപടി പറഞ്ഞു. പെരിയാറിന്റെ നിരീശ്വരവാദത്തെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് ആരുടേയും വിശ്വാസത്തിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു.

തമിഴ് വൈകാരികതയും പിന്നാക്ക അനുകൂല നിലപാടും നേരത്തെ തന്നെ ഉയര്‍ത്തിയ വിജയ്, വിശ്വാസത്തോട് ഏത് നിലപാട് സ്വീകരിക്കുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍, പൊതുസമ്മേളന പന്തലിന് കാല്‍നാട്ട് ചടങ്ങും ഭൂമിപൂജയും നടത്തി വിജയ് നേരത്തേ തന്നെ മറുപടി നല്‍കി. ഡി.എം.കെ.യെപ്പോലെ നിരീശ്വരവാദ രാഷ്ട്രീയമായിരിക്കും വിജയ് പിന്തുടരുകയെന്ന് കരുതിയിരുന്നെങ്കിലും വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയാണ് ഭൂമിപൂജയിലൂടെ നല്‍കിയത്.

സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നവരോട് എന്തായിരിക്കും നിലപാട് എന്ന കാര്യത്തിലും വിജയ് സമ്മേളനത്തില്‍ വ്യക്തതവരുത്തി. സമൂഹത്തെ വിഭജിക്കുന്നവരാണ് ആദ്യത്തെ ശത്രുക്കള്‍ എന്ന് പറഞ്ഞ വിജയ്, മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരാണെന്നും കൂട്ടിച്ചേര്‍ത്തു. ദ്രാവിഡ ആശയത്തിന്റെ പേരില്‍ കുടുംബത്തോടെ തമിഴ്നാടിനെ കൊള്ളയടിക്കുന്നവരാണ് രണ്ടാമത്തെ ശത്രുക്കള്‍ എന്നും വിജയ് വ്യക്തമാക്കി. അവര്‍ ദ്രാവിഡ മോഡലിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചു.

സ്‌ക്രീനിനു പുറത്ത് മൃദുഭാഷിയും ഏറെക്കുറെ അന്തര്‍മുഖനുമായിരുന്ന വിജയ് രാഷ്ട്രീയപ്രവേശനം ലക്ഷ്യമായി പ്രഖ്യാപിച്ച ശേഷമാണ് പൊതുവേദികളില്‍ ഉറച്ച വാക്കുകളുപയോഗിച്ചു തുടങ്ങിയത്. ആരാധകക്കൂട്ടായ്മകളിലും പിന്നീട് രാഷ്ട്രീയ യോഗങ്ങളിലും എതിരാളികളെ ഉന്നമിട്ടു 'കുട്ടിക്കഥ'കളുള്ള പ്രസംഗങ്ങള്‍ നടത്തുമ്പോഴും ഭാഷയുടെ കടുപ്പം അതിരുവിടാതെ നോക്കിയിരുന്നു. എന്നാല്‍ വില്ലുപുരത്തെ വിക്രവാണ്ടിയില്‍ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍, ആ പതിവു ശൈലി വിട്ട് ഡിഎംകെയെയും മുഖ്യമന്ത്രി സ്റ്റാലിനെയും നേരിട്ടാക്രമിക്കുകയായിരുന്നു വിജയ്.

ഒരു കുടുംബം തമിഴകത്തെ കൊള്ളയടിക്കുന്നെന്നും ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ് പറ്റിക്കുന്നുവെന്നും തുറന്നടിച്ചപ്പോള്‍ ആരാധകര്‍ പോലും ഞെട്ടിയിട്ടുണ്ടാവണം. സമ്മേളനത്തിനു തൊട്ടുമുന്‍പ് വിജയ്ക്ക് ആശംസ നേര്‍ന്നവരില്‍ ഡിഎംകെയുടെ ഭാവി തലൈവര്‍ ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു എന്നതുമോര്‍ക്കണം.

സമ്മേളന വേദിയില്‍ സ്വാതന്ത്ര്യസമരസേനാനികളെ ആദരിച്ച വിജയ്, തന്തൈ പെരിയാറെയും അംബേദ്കറെയും എംജിആറിനെയുമൊക്കെ ആദരവോടെ സ്മരിച്ചാണ് പ്രസംഗിച്ചത്. സാമൂഹിക നീതിയും സമത്വവും മതേതരത്വവുമൊക്കെ സമാസമം എടുത്തുപയോഗിച്ച പ്രസംഗം താന്‍ സമൂഹത്തിലെ സാധാരണക്കാര്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതായിരുന്നു.

ക്യാപ്റ്റന്‍ വിജയകാന്തും കമല്‍ഹാസനുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയ രാഷ്ട്രീയക്കളരിയില്‍ വിജയ് പക്ഷേ മാതൃകയാക്കുന്നത് എംജിആറിന്റെ വഴിയാണ്. പ്രസംഗത്തിലെ എംജിആര്‍ പരാമര്‍ശവും അണികളോടുള്ള അന്‍പും അവരിലൊരാള്‍തന്നെയെന്ന പ്രഖ്യാപനവും അതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ആരാധകരുടെ വോട്ടിനപ്പുറം. ദലിതര്‍ അടക്കമുള്ള സാധാരണക്കാരുള്‍പ്പെടുന്ന വലിയ വോട്ടുബാങ്കിനെയാണ് വിജയ് ലക്ഷ്യമിടുന്നതെന്നതിന് 'ടിവികെ മാനാടി'ലെ പ്രസംഗം അടിവരയിടുന്നു.

തന്തൈ പെരിയാര്‍ തന്നെയായിരിക്കും തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ വഴികാട്ടിയെന്ന് വിജയ് പറഞ്ഞു. തന്തൈ പെരിയാര്‍ കാണിച്ചു തന്ന രാഷ്ട്രീയമല്ല ദ്രാവിഡ മോഡല്‍ പറയുന്നവരുടേതെന്ന് വിമര്‍ശിച്ച വിജയ്, ജാതിക്കും മതത്തിനും വര്‍ണത്തിനും അതീതമായി, സമത്വത്തില്‍ ഊന്നിയ പുതിയ രാഷ്ട്രീയമാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

മധുരയില്‍ സെക്രട്ടേറിയറ്റിന്റെ ശാഖ, ജാതി സെന്‍സസ്, നീറ്റ് നിര്‍ത്തലാക്കുക, വിദ്യാഭ്യാസം സംസ്ഥാനപട്ടികയില്‍ ഉള്‍പ്പെടുത്തുക, ഗവര്‍ണര്‍ പദവി എടുത്തുകളയുക, സംസ്ഥാനത്തിന് സ്വയംഭരണം തുടങ്ങി തമിഴ് ജനതയുടെ വൈകാരികത മുതലാക്കാനുള്ള എല്ലാ മരുന്നുകളും വിജയ് പ്രയോഗിച്ചു. ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിജയിച്ച ചേരുവകളെല്ലാം സമം ചേര്‍ത്തുള്ള പ്രഖ്യാപനമാണ് വിജയ് നടത്തിയത്. 2026-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിജയ്, രാഷ്ട്രീയ സഖ്യസാധ്യതകളും തുറന്നിട്ടിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഖ്യമുണ്ടാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കുമെന്ന് പറഞ്ഞു.

വിജയ് ഉയര്‍ത്തുന്ന രാഷ്ട്രീയം ആര്‍ക്കൊക്കെ വെല്ലുവിളിയാകുമെന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്. ഈ ആശങ്കയുടെ പ്രതിഫലനം പാര്‍ട്ടികളുടെ പ്രവൃത്തിയിലും വാക്കുകളിലുമുണ്ടായി. വിജയ്ക്ക് തടയിടാന്‍ ഡി.എം.കെ. നേരത്തെതന്നെ പണിതുടങ്ങി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നാണ് പൊതുസമ്മേളനത്തോട് എ.ഐ.എ.ഡി.എം.കെയുടെ ആദ്യപ്രതികരണം.

നയപ്രഖ്യാപനത്തിന് പുറമേ വിജയ് നടത്തിയ ശക്തിപ്രകടനവും പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. എ.ഐ.ഡി.എം.കെയുടെ സ്വാധീനമേഖലകള്‍ 'വെടക്കാക്കി തനിക്കാക്കിയ'ശേഷം സംസ്ഥാനത്ത് കടന്നുകയറാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങള്‍ക്കും വിജയ്യുടെ വരവ് വെല്ലുവിളിയാകും. സമീപകാല മുന്‍ഗാമിയായ കമല്‍ഹാസനടക്കം സ്വന്തം രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ പാടുപെടുമ്പോഴാണ് വിജയ് ആശങ്കകള്‍ക്കും അര്‍ഥശങ്കകള്‍ക്കും ഇടയില്ലാതെ തന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വ്യക്തമാക്കുന്നത്.

രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമക്കാരെ 'കൂത്താടി' എന്നു പരിഹസിക്കാറുണ്ടെന്നു പറഞ്ഞ വിജയ്, കലയുടെയും കലാകാരന്റെയും പ്രസക്തിയും സാമൂഹിക പ്രതിബദ്ധതയും എടുത്തുപറഞ്ഞാണ് അതിനെ നേരിട്ടത്. ഇടയ്ക്ക്, പാര്‍ട്ടിയുടെ നയപരിപാടികളുടെ പട്ടിക നോക്കാനല്ലാതെ കുറിപ്പുകളുടെയോ പ്രോംപ്റ്ററിന്റെയോ സഹായമില്ലാതെ, തന്റെ മുന്നിലെ സദസ്സിനെ നോക്കി കത്തിക്കയറി. കുറച്ചുനേരം മൈക്ക് കയ്യിലെടുത്ത് പ്രസംഗപീഠത്തില്‍നിന്നു വേദിയുടെ മുന്‍ഭാഗത്തുവന്നു സംസാരിക്കുകയും ചെയ്തു.

ഡയലോഗിന്റെ മൂര്‍ച്ച കുറയാതെ, മോഡുലേഷന്‍ തെറ്റാതെ, അതിന്റെ വൈകാരികത മുഖത്തും ശരീരഭാഷയിലും പ്രതിഫലിപ്പിക്കാന്‍ ഇരുത്തംവന്ന ഒരു അഭിനേതാവിന് എളുപ്പമാണ്. പക്ഷേ അങ്ങനെയൊരു ദീര്‍ഘപ്രസംഗം നടത്തുക എളുപ്പമല്ല. ദളപതി വിജയ് വിക്രവണ്ടിയിലെ വേദിയില്‍ തന്റെ ഹൃദയത്തില്‍നിന്നെന്നവണ്ണം സംസാരിച്ചത് തമിഴ് ജനതയെ എങ്ങനെയാണു സ്വാധീനിക്കുകയെന്നു പ്രവചിക്കുക എളുപ്പമല്ല.

2026 തമിഴ്‌നാടിനെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായി മാറുകയാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ഡിഎംകെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആണെന്ന് ഉറപ്പിച്ച വിജയ്ക്ക്, ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഒന്നര വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി തമിഴക വെട്രി കഴകം ഇറങ്ങുമ്പോള്‍ നിലവിലെ തമിഴക രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ക്ക് മാറ്റം വരുമെന്ന് ഉറപ്പ്.