ചെന്നൈ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി എത്തുന്ന കമല ഹാരിസിന് വിജയാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട്ടിലെ തിരുവാറൂര്‍ ജില്ലയിലെ തുളസേന്ദ്രപുരം. കമല ഹാരിസിന് വിജയാശംസകള്‍ നേര്‍ന്ന് ബാനര്‍ ഉയര്‍ന്നു കഴിഞ്ഞു. 'നാടിന്റെ മകള്‍ക്ക്' വിജയാശംസകള്‍ നേരുന്നുവെന്നാണ് തുളസേന്ദ്രപുരത്തെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്റെ കവാടത്തില്‍ പ്രത്യക്ഷപ്പെട്ട ബാനറിലെ വാചകം.

ചെന്നൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് തുളസീന്ദ്രപുരം എന്ന ചെറിയ ഗ്രാമം. വാഷിങ്ടണില്‍ നിന്ന് ഏതാണ്ട് 14000 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഹരിതാഭമായ ഗ്രാമത്തിലാണ് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ മുത്തശ്ശനും മുത്തശ്ശിയും ജീവിച്ചിരുന്നത്. ഇവിടത്തുകാര്‍ ഏറെ അഭിമാനത്തോടെയാണ് ഗ്രാമത്തിന്റെ ഓരോ മുക്കിലും കമലയുടെ ബാനര്‍ തൂക്കിയിരിക്കുന്നത്.

അവരുടെ വിജയത്തിനായി പ്രത്യേക പ്രാര്‍ഥന പോലും നടക്കുന്നുണ്ട്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ചിലയിടങ്ങളില്‍ മധുരപലഹാര വിതരണവും നടക്കുന്നുണ്ട്. യു.എസ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റായി മത്സരിക്കാന്‍ നറുക്കു വീണത്.

തുളസേന്ദ്രപുരത്തെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്റെ കവാടത്തിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. കമല ഹാരിസിന്റെ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് ബാനറിലെ വാചകം. ലോകത്തിലെ ഏറ്റവും ശക്തിയുള്ള രാജ്യമായ യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നമ്മുടെ നാടിന്റെ മകളുമായ കമലയ്ക്ക് വിജയാശംസകള്‍. കമലയുടെ സ്ഥാനാര്‍ഥിത്വം ഇന്ത്യയ്ക്കും തമിഴ്‌നാടിനും അഭിമാനമാണെന്നും ബാനറില്‍ പറയുന്നു. കമലയുടെ ചിത്രവും ബാനറിലുണ്ട്.

"ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കാനുള്ള പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒട്ടും എളുപ്പമായിരിക്കില്ലെന്നറിയാം. അവരെയോര്‍ത്ത് ഞങ്ങള്‍ അഭിമാനം കൊള്ളുകയാണ്. ഒരിക്കല്‍ വിദേശീയര്‍ ഇന്ത്യക്കാരെ ഭരിച്ചു. ഇപ്പോള്‍ ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളിലെ നിര്‍ണായക ശക്തികളായി മാറുകയാണ്."-കമല ഹാരിസിന്റെ നാട്ടുകാരനും ബാങ്ക് മാനേജറുമായ കൃഷ്ണമൂര്‍ത്തി പറയുന്നു. നാട്ടിലെ എല്ലാവര്‍ക്കും കമലയെ അറിയാമെന്ന് തദ്ദേശ പ്രതിനിധിയായ അരുള്‍മൊഴിയും പ്രതികരിച്ചു.

വനിതകള്‍ക്കിടയില്‍ താരമാണ് കമല ഹാരിസ്. നാട്ടിലെ ഓരോ സ്ത്രീകളും സ്വന്തം മകളായോ സഹോദരിയായോ ഒക്കെയാണ് അവരെ കാണുന്നത്. എല്ലാവര്‍ക്കും കമലയെ അറിയാം. കുട്ടികള്‍ക്ക് പോലും...ഗ്രാമപ്പഞ്ചായത്തിന്റെ പ്രതിനിധീകരിക്കുന്ന അരുള്‍മൊഴി സുധാകര്‍ പറയുന്നു.

2020ല്‍ നടന്ന യുഎസ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചതോടെ തുളസേന്ദ്രപുരത്തും ആഘോഷം അരങ്ങേറിയിരുന്നു. മധുരം വിതരണത്തിനും പടക്കം പൊട്ടിക്കലിനും ഒപ്പം തുളസേന്ദ്രപുരത്തെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും നടന്നത് അന്ന് ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് കമലയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരവും ആഘോഷമാക്കാന്‍ ഗ്രാമം ഒരുങ്ങുന്നത്.

ഒപ്പം പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ സാമ്പാറും ഇഡ്‌ലിയും വിളിമ്പി സാമുദായിക സദ്യയൊരുക്കുകയും ചെയ്തു. ഇഡ്‌ലിയും സാമ്പാറുമാണ് കമലയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നെന്ന് അവരുടെ ബന്ധു ഒരിക്കല്‍ പറഞ്ഞിരുന്നു.

സ്തനാര്‍ബുദ ഗവേഷകയായിരുന്നു കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍. 1958ലാണ് അവര്‍ യു.എസിലേക്ക് കുടിയേറിയത്. ശ്യാമളയുടെ മാതാപിതാക്കള്‍ തുളസീന്ദ്രപുരം സ്വദേശികളാണ്. 19ാം വയസില്‍ ഒറ്റക്കാണ് അമ്മ ശ്യാമള യു.എസിലേക്ക് വന്നതെന്ന് ഒരിക്കല്‍ കമല പറയുകയുണ്ടായി. ശക്തയായ സ്ത്രീയായിരുന്നു അവള്‍; രണ്ട് പെണ്‍മക്കള്‍ക്കും പ്രചോദനവും അഭിമാനവും പകരുന്ന അമ്മയും.-കമല കുറിച്ചു.

സഹോദരി മായക്കൊപ്പം കമല ചെന്നൈ സന്ദര്‍ശിച്ചിരുന്നു. അമ്മയുടെ മരണ ശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കാനായിരുന്നു അത്. കമലയുടെ മാതൃസഹോദരന്‍ ബാലചന്ദ്രന്‍ അക്കാദമിക് രംഗത്തെ പ്രമുഖനാണ്. മുത്തശ്ശന്‍ പി.വി. ഗോപാലന്‍ സിവില്‍ സര്‍വീസുകാരനായിരുന്നു. അഭയാര്‍ഥി പുനഃരധിവാസത്തില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. 1960 കളില്‍ സാംബിയയിലെ ആദ്യ പ്രസിഡന്റിന്റെ ഉപദേശകനായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ജോ ബൈഡന്‍ കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് കമലയുടെ എതിരാളി. ജോ ബൈഡന്റെ പിന്‍വാങ്ങലിന് ശേഷം നടന്ന സര്‍വേയില്‍ കമലയ്ക്ക് ട്രംപിനേക്കാള്‍ രണ്ട് പോയിന്റ് മേല്‍ക്കൈ പ്രവചിച്ചിട്ടുണ്ട്. സര്‍വേയില്‍ കമലയ്ക്ക് 44 ശതമാനം പിന്തുണയും ട്രംപിന് 42 ശതമാനം പിന്തുണയും ലഭിച്ചുവെന്നാണ് റോയിറ്റേഴ്‌സ്/ഇപ്‌സോസ് പോള്‍ വ്യക്തമാക്കുന്നത്.